- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോചെയെ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പ് തടഞ്ഞ് ഷോ കാണിച്ചത് ആരാധകനല്ല അടുത്ത കൂട്ടാളി; ഗൂണ്ടായിസത്തിന് മുന്നില്‍ നിന്നത് സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വാതി റഹീം; ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്കി ചലച്ചിത്ര താരങ്ങളെ പറ്റിച്ച വിശ്വസ്തന്
ഗൂണ്ടായിസത്തിന് മുന്നില്‍ നിന്നത് സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വാതി റഹീം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണ്ണൂരുമായി പൊലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ആരാധകരെന്ന വ്യാജേന നടന്നത് ഗൂണ്ടായിസം. പൊലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ആശുപത്രിക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബോബിക്ക് ഒപ്പമുള്ളവര്‍ പോലീസ് വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി.എന്നിട്ട് പൊലീസിന്റെ ഗൂണ്ടായിസമെന്ന് ആരോപിക്കുകയും ചെയ്തു.
ആശുപത്രിയില്‍ നിന്ന് ബോബി ചെമ്മണൂരിനെ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ, പൊലീസ് ജീപ്പിന് മുന്നില്‍ ചാടി ജീപ്പില്‍ അടിക്കുകയും തടയുകയും ചെയ്തത് ബോചെ ഫാന്‍സ് എന്നാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍, ഈ ഗൂണ്ടായിസത്തിന് നേതൃത്വം നല്‍കിയത് ബോചെയുടെ അടുത്ത കൂട്ടാളിയായ സ്വാതി റഹീമാണ്. സ്വാതി റഹീം 2023 ല്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യക്തിയാണ്. ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്നു ഈ തൃശൂര്‍ സ്വദേശി. ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്‌സിന്റെ ഉടമയായിരുന്ന സ്വാതി റഹിം. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപങ്ങള്‍ വാങ്ങി തട്ടിച്ചുവെന്നായിരുന്നു രണ്ടുവര്‍ഷം മുമ്പത്തെ പരാതി.
മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതി റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചില്ല. ഇതോടെയാണ് പരാതികള്‍ ഉയര്‍ന്നുവന്നത്. പലതും മധ്യസ്ഥം പറഞ്ഞ് തീര്‍ക്കാനായിരുന്നു ശ്രമം. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്സ്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.സിനിമാ താരങ്ങളുമായി അടുപ്പംപുലര്‍ത്തിയിരുന്ന സ്വാതി റഹീം ഈ ബന്ധങ്ങളും തട്ടിപ്പിന് ഉപയോഗിച്ചതായാണ് വിവരം.
സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് വലിയ പരിപാടിയായി തൃശൂരില്‍ നടത്തിയിരുന്നു. ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ പുതിയ ഐ ഫോണുകളെന്ന പേരില്‍ സിനിമാ താരങ്ങള്‍ക്ക് നല്‍കിയ സമ്മാനം തട്ടിപ്പായിരുന്നു. ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്.
സേവ് ബോക്‌സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. നിക്ഷേപ തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ, സ്വാതിയുടെ പക്കല്‍ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിരുന്നു. സ്വാതിയുടെ വാക്‌സാമര്‍ഥ്യത്തില്‍ വീണ് പണം നിക്ഷേപിച്ചവരായിരുന്നു ഭൂരിഭാഗവും. ചുരുങ്ങിയകാലം കൊണ്ട് വന്‍കിട ബിസിനസുകാരനായി മാറിയെന്ന് പറഞ്ഞ് മോട്ടിവേഷന്‍ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. 'ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്' അടക്കമുള്ള വിഷയങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെയാണ് ഇയാള്‍ ക്ലാസെടുത്തിരുന്നത്. പിന്നീട് ഇയാള്‍ ബോചെയുടെ വിശ്വസ്തനായി മാറി.