ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കുഴപ്പം പിടിച്ച വിമാനത്താവളങ്ങളുടെയും വ്യോമ പാതകളുടെയും പട്ടിക പുറത്തു വന്നു. നിങ്ങള്‍ തെക്കെ അമേരിക്കയിലേക്ക് ഒരു യാത്ര ഉദ്ദേശിക്കുന്നുവെങ്കില്‍, ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് നല്‍കുന്നത് തീര്‍ച്ചയായും ഒരു നല്ല വാര്‍ത്തയല്ല. വ്യോമപാതയിലെ പ്രശ്നങ്ങള്‍ പ്രവചിക്കുന്ന ടര്‍ബില്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഏറ്റവും പുതിയ റാങ്കിംഗ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ 550 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന, ഹൃസ്വവും ദീീര്‍ഘവുമായി 10,000 ല്‍ അധികം വ്യോമപാതകള്‍ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒരു നിശ്ചിത സ്ഥലത്ത് ഉണ്ടാകുന്ന കുലുക്കത്തിന്റെ തീവ്രത എഡി ഡിസിപേഷന്‍ നിരക്ക് ഉപയോഗിച്ച് കണക്കാക്കിയാണ് ഈ വിശകലനം നടത്തിയിരിക്കുന്നത്. ഓരോ വിമാനത്താവളവുമായി ബന്ധപ്പെട്ട്, കുലുക്കത്തിന്റെ തീവ്രത അളക്കുന്നത് വിമാനത്താവളത്തിന് 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമിയില്‍ നിന്നും 20,000 അടി ഉയരത്തിലാണ്. ആകാശച്ചുഴിയില്‍ വിമാനം വീണുണ്ടാകുന്ന കുലുക്കത്തിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് അര്‍ജന്റീനയിലെ മെന്‍ഡോസ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ചിലിയിലെ സാന്റിയാഗോയിലേക്കുള്ള 196 കിലോമീറ്റര്‍ വ്യോമപാതയിലാണ്.

ശരാശരി 24.6 ഇ ഡി ആര്‍ ആണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഇടത്തരം തീവ്രതയുള്ള കുലുക്കങ്ങള്‍ ഈ പാതയില്‍ കൂടെക്കൂടെ ഉണ്ടാകാറുണ്ട് എന്നര്‍ത്ഥം. കുലുക്കത്തിന്റെ തീവ്രതയില്‍ രണ്ടാം സ്ഥാനം അര്‍കന്റീനയിലെ തന്നെ കോര്‍ഡോബയില്‍ നിന്നും സാന്റിയാഗോയിലേക്കുള്ള 660 കിലോമീറ്റര്‍ വ്യോമപാതയാണ്. ഇവിടെ രേഖപ്പെടുത്തിയ ഇ ഡി ആര്‍ 20 ആണ്. മെന്‍ഡോസയില്‍ നിന്നും അര്‍ജന്റീനയിലെ തന്നെ സാള്‍ട്ടയിലേക്കുള്ള പാതയാണ് മൂന്നാം സ്ഥാനത്തുള്ളത്. 19 ഇ ഡി ആര്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

നാലാം സ്ഥാനത്തും ഉള്ളത് അര്‍ജീന്റീനിയന്‍ പാത തന്നെയാണ്. മെന്‍ഡോസയില്‍ നിന്നും സാന്‍ കാര്‍ലോസിലേക്കുള്ളതാണിത്. ഏറ്റവും അധികം കുലുക്കം അനുഭവപ്പെടുന്ന ആദ്യ പത്ത് വ്യോമപാതയില്‍ തെക്കെ അമേരിക്കക്ക് പുറത്തുള്ള രണ്ട് വ്യോമ പാതകളില്‍ ഒന്ന്, നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും ടിബറ്റിലെ ലഹാസയിലേക്കുള്ളതാണ്. അഞ്ചാം സ്ഥാനത്തുള്ള ഈ പാതയില്‍ രേഖപ്പെടുത്തിയ ഇ ഡി ആര്‍ 18.8 ആണ്.

വടക്കെ അമേരിക്കയിലെ ഏറ്റവും തീവ്രമായ കുലുക്കം അനുഭവപ്പെടുന്നവ്യോമ പാത ആല്‍ബൂക്കര്‍ക്കില്‍ നിന്നും ഡെന്‍വറിലേക്കുള്ളതാണ്. തൊട്ടു പിന്നിലായി ഡെന്‍വറില്‍ നിന്നും വ്യോമിംഗിലേക്കുള്ള പാതയും ഉണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും ഭൂട്ടാനിലെ പാറോയിലേക്കുള്ള വ്യോമപാത ലിസ്റ്റില്‍ എട്ടാം സ്ഥാനത്തുണ്ട്. യൂറോപ്പിലെ ഏറ്റവും കുഴപ്പം പിടിച്ച ആകാശപാത ഫ്രാന്‍സിലെ നൈസില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലേക്കുള്ളതാണ്. 16 ഇ ഡി ആര്‍ ആണ് 299 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.