സുരക്ഷാ കാരണങ്ങളാല്‍ നാലു വര്‍ഷക്കാലത്തോളം നിരോധിച്ചതിന് ശേഷം യൂറോപ്പിലേക്ക് പറക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ പാകിസ്ഥാന്‍ എയര്‍ലൈന്‍സ് കാട്ടിക്കൂട്ടിയത് ശുദ്ധ വിഢിത്തം. യൂറോപ്പിലേക്കുള്ള യാത്ര ആരംഭിച്ചത് അറിയിച്ചുകൊണ്ട് നല്‍കിയ പരസ്യമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഈഫല്‍ ടവറിലേക്ക് ഒരു ജെറ്റ് വിമാനം പറന്നടുക്കുന്ന ചിത്രമാണ് പരസ്യത്തില്‍ ഉള്ളത്. ഇതാണ് പരസ്യത്തെ വിവാദമാക്കിയിരിക്കുന്നത്.

പാകിസ്ഥാന്റെ ദേശീയ വിമാന സര്‍വ്വീസ് ആയ പാകിസ്ഥാന്‍ എയര്‍ലൈന്‍സ് 2020 ല്‍ ആയിരുന്നു അമേരിക്കയിലേക്കും യു കെയിലേക്കും യൂറോപ്പിലേക്കും സര്‍വ്വീസ് നടത്തുന്നതില്‍ നിന്നും വിലക്ക് നേരിട്ടത്. ആ വിലക്ക് നീക്കിയപ്പോഴാണ് ഫ്രഞ്ച് പതാകയുടെ പശ്ചാത്തലത്തില്‍, ഈഫല്‍ ടവറും ജെറ്റ് വിമാനവും ഉള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. 'പാരീസ്, ഞങ്ങള്‍ ഇന്ന് വരുന്നു' എന്നൊരു പരസ്യ വാചകവും നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഓണ്‍ലൈനില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. പാകിസ്ഥാന്റെ വിമാനം നേരെ പാരീസിന്റെ ലാന്‍ഡ്മാര്‍ക്കായ ടവര്‍ ഇടിച്ചു തകര്‍ക്കാന്‍ വരുന്ന പ്രതീതിയാണ് ഈ പരസ്യം ജനിപ്പിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍, അസഹിഷ്ണുത പ്രതിഫലിപ്പിക്കുന്ന വിമര്‍ശനം എന്നാണ് ഈ വിമര്‍ശനങ്ങളോട് പാകിസ്ഥാന്‍ പ്രതികരിക്കുന്നത്.

അമേരിക്കയിലെ 9/11 ആക്രമണവുമായി ബന്ധപ്പെടുത്തിയാണ് വിമര്‍ശനങ്ങള്‍ കൂടുതലും ഉയരുന്നത്. യൂറോപ്പിന്റെ തന്നെ അഭിമാനമായ ഈഫല്‍ ടവറിലേക്ക് വിമാനം പറന്നടുക്കുന്നത് ഈ പരസ്യം രൂപകല്പന ചെയ്തവര്‍ കണ്ടില്ലെ? അവര്‍ക്ക് 9/11 ആക്രമണത്തെ കുറിച്ച് അറിയില്ലെ ?, എന്നൊക്കെയാണ് പരസ്യത്തിനെതിരെ ഉയരുന്ന ചോദ്യങ്ങള്‍. മര്യാദക്ക് പരസ്യം ചെയ്യാന്‍ പി ഐ എക്ക് അറിയില്ല എന്ന് ചിലര്‍ പറയുന്നു. കമ്പനി ഉദ്ദേശിച്ച അര്‍ത്ഥമായിരികില്ല, ഇത് കാണുന്നവരുടെ മനസ്സിലെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

പാകിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തെ പിരിച്ചു വിടണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. അതല്ല, ഇത് മികച്ച പരസ്യമാണെന്നാണ് എയര്‍ലൈന്‍സിന്റെ വിചാരമെങ്കില്‍ അത് അവരുടെ വിധി എന്നും അവര്‍ പറയുന്നു.