കോഴിക്കോട്: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുന്നത് സംബന്ധിച്ച് സംസ്ഥാന കായികമന്ത്രി നടത്തിയ പ്രതികരണത്തില്‍ ആശയക്കുഴപ്പം. മെസി ഒക്ടോബര്‍ 25-ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വ്യക്തത തേടിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

ഒക്ടോബര്‍ 25ന് കേരളത്തിലെത്തുന്ന മെസി നവംബര്‍ രണ്ടുവരെ കേരളത്തില്‍ തുടരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രണ്ട് സൗഹൃദമത്സരങ്ങള്‍ക്കുപുറമേ 20 മിനിറ്റുള്ള ഒരു പൊതുപരിപാടിയിലും മെസി പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഫറോക്ക് ചെറുവണ്ണൂരില്‍ സ്വകാര്യചടങ്ങില്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രി പറഞ്ഞ തീയതികളില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഒക്ടോബര്‍ അവസാന വാരം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള വിന്‍ഡോ അല്ലെന്നാണ് പലരും പറയുന്നത്. 2030 വരെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി താരങ്ങളെ ക്ലബ്ബുകള്‍ വിട്ടുനല്‍കേണ്ട തീയതികള്‍ 2023ല്‍ ഫിഫ പ്രസിദ്ധീകരിച്ചിരുന്നു.

അതനുസരിച്ച് ഈ വര്‍ഷം ഒക്ടോബര്‍ 6 മുതല്‍ 14 വരെയും നവംബര്‍ 10 മുതല്‍ 18 വരെയുമാണ് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള ഇടവേള. ഇതില്‍ മാറ്റം വരുത്താന്‍ അനുമതി നല്‍കിയിരുന്നോ എന്നത് വ്യക്തമല്ല. മെസിയുടെ നിലവിലെ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് ഒക്ടോബര്‍ 19 വരെ റെഗുലര്‍ സീസണ്‍ മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുമുണ്ട് .സെപ്റ്റംബര്‍ 14 വരെയുള്ള അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

മെസി ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരത്തിലെത്തുമെന്നാണ് മന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. രണ്ട് സൗഹൃ മത്സരവും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കും. കൂടാതെ ആരാധകരുമായി സംവദിക്കാന്‍ പൊതു വേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസി സമ്മതിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. സ്ഥിരീകരിക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മെസി അടക്കം അര്‍ജന്റീന ടീമാകും കേരളത്തിലേക്ക് വരികയെന്നാണ് തിരുവനന്തപുരുത്ത് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അബ്ദുറഹ്‌മാന്‍ നേരത്തെ അറിയിച്ചത്. സ്പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്മെന്റുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ വെച്ച് മത്സരം നടക്കും. കൊച്ചി നെഹ്റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പ്രധാനമായും പരിഗണിക്കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ മന്ത്രിയോട് നേരിട്ട് മാധ്യമ പ്രവര്‍ത്തകര്‍ സംശയം ഉന്നയിച്ചപ്പോള്‍ ചോദ്യത്തോട് 'അതുനമുക്ക് പിന്നെ പറയാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി. സ്വകാര്യചടങ്ങിലേത് കുട്ടികളോട് പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു.