തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ 'സമാധി' വാര്‍ത്ത വലിയ വിവാദമായിരിക്കുകയാണ്. സമാധി പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നതിനെ വീട്ടുകാരും ചില നാട്ടുകാരും ചോദ്യം ചെയ്യുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ഭരണ കൂടം പിന്മാറി. ഇന്ന് വീണ്ടും സമാധി പൊളിക്കാന്‍ എത്തുമെന്നാണ് സബ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നും അത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയേക്കും.

ഗോപന്‍ സ്വാമിയുടെ സമാധി ചര്‍ച്ചയാകുമ്പോള്‍ 11 വര്‍ഷം മുന്‍പ് പഞ്ചാബിലുണ്ടായ മറ്റൊരു കേസും വീണ്ടും ചര്‍ച്ചയാവുകയാണ്. 11 വര്‍ഷം മുന്‍പ് മരിച്ച ആത്മീയ നേതാവായ ദിവ്യജ്യോതി ജാഗൃതി സന്‍സ്ഥാന്‍ സ്ഥാപകന്‍ അശുതോഷ് മഹാരാജ് ഇന്നും ജീവനോടെയുണ്ടെന്ന വിശ്വാസത്തില്‍ ഇപ്പോഴും അയാളുടെ ശവശരീരം ജലന്ധറിലെ ആശ്രമത്തിലെ ഫ്രീസറില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യണമെന്ന് മകന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുയായികള്‍ അതിന് സമ്മതിക്കുന്നില്ല.

ഒടുവില്‍ കോടതിയും അനുയായികളുടെ ആവശ്യം അംഗീകരിച്ചു. ഇതോടെ 11 വര്‍ഷമായി മൃതദേഹം ഫ്രീസറില്‍ തന്നെയായി. അശുതോഷ് മഹാരാജ് 2014 ജനുവരിയിലാണ് മരിച്ചത്. എന്താണ് മരണകാരണമെന്ന് ഇന്നും വ്യക്തമല്ല. ഹൃദയാഘാതമാവാം മരണകാരണമെന്നാണ് സംശയം. എന്നാല്‍ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അശുതോഷ് മഹാരാജ് മരിച്ചിട്ടില്ലെന്നും, ഒരു ദിവസം ജീവിതത്തിലേക്കു മടങ്ങുമെന്നുമാണ് അനുയായികളുടെ ഉറച്ച വിശ്വാസം. അശുതോഷ് മഹാരാജിന്റെ മകനാണ് എന്നവകാശപ്പെടുന്ന ദിലീപ് കുമാറും അശുതോഷിന്റെ ശിഷ്യരും തമ്മില്‍ നിയമപോരാട്ടം തുടരുകയാണ്.

അശുതോഷിന്റെ ഭൗതികദേഹം ദഹിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അദ്ദേഹം സമാധിയിലാണെന്നും അതുകൊണ്ട് ശരീരം ഫ്രീസറില്‍ സൂക്ഷിക്കാന്‍ അനുവദിക്കണമെന്നും അനുയായികള്‍ കോടതിയോട് അപേക്ഷിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി 2017 ല്‍ അനുയായികളുടെ ആവശ്യം അംഗീകരിക്കുകയും ദിലീപ് കുമാര്‍ ഝായുടെ ഹര്‍ജി തള്ളുകയും ചെയ്തു.

വൈദ്യശാസ്ത്രപരമായി അശുതോഷ് മഹാരാജ് മരിച്ചെന്നും, മൃതദേഹം എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അനുയായികളാണെന്നും പഞ്ചാബ് ഗവണ്‍മെന്റ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തള്ളിയതെന്ന് അഡിഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്നു റീത കോലി പറഞ്ഞിട്ടുണ്ട്.

നെയ്യാറ്റിന്‍കരയിലെ ഗോപന്‍ വ്യാഴാഴ്ച രാവിലെ മരിച്ചെന്നും, തുടര്‍ന്ന് സമാധിയിരുത്തിയതാണെന്നുമാണ് ഭാര്യയുടെയും മക്കളുടെയും അവകാശ വാദം. എന്നാല്‍ പഞ്ചാബിലെ സംഭവം ഇതിലും കൗതുകകരമാണ്.