കേപ് ടൗൺ: ഉപേക്ഷിക്കപ്പെട്ട ഒരു ഒരു സ്വർണ ഖനിയിൽ അനധികൃതമായി ഖനനം ചെയ്യുന്നതിനിടെ വൻ അപകടം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം നടന്നത്. ഏകദേശം 100ഓളം പേർ മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. 500ഓളം പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരങ്ങൾ ലഭിക്കുന്നു. മാസങ്ങളോളം മണ്ണിനടിയിൽ കുടുങ്ങിയ ഇവർ പട്ടിണി മൂലമോ നിർജ്ജലീകരണം മൂലമോ ആകാം മരിച്ചതെന്നും സംശയിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ ചില ഖനിത്തൊഴിലാളികളുടെ പക്കൽ നിന്ന് ലഭിച്ച ഒരു മൊബൈൽ ഫോണിൽ നിരവധി മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതായി കാണിക്കുന്ന രണ്ട് വീഡിയോകൾ ഉണ്ടായിരുന്നുവെന്ന് ആക്ഷൻ ​ഗ്രൂപ്പിലെ മൈനിംഗ് അഫക്ടഡ് കമ്മ്യൂണിറ്റീസ് യുണൈറ്റഡിൻ്റെ വക്താവ് പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഖനിയിൽ നിന്ന് 18 മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു. 26 പേരെ രക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചതിന് ശേഷം എത്ര മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും എത്ര പേരെ രക്ഷിച്ച് പുറത്തെത്തിച്ചുവെന്നും സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം, ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ അനധികൃത ഖനനം വളരെ സാധാരണമാണ്. കമ്പനികൾ ലാഭകരമല്ലാത്ത ഖനികൾ അടച്ചുപൂട്ടുകയും ഖനിത്തൊഴിലാളികളുടെ ഗ്രൂപ്പുകൾ അനധികൃതമായി അവയിൽ പ്രവേശിച്ച് അവശേഷിക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.

രണ്ട് മാസം മുമ്പ് ഖനിത്തൊഴിലാളികളെ ബലം പ്രയോഗിച്ച് പുറത്താക്കാനും ഖനി അടച്ചുപൂട്ടാനും അധികാരികൾ ശ്രമിച്ചത് പൊലീസും ഖനിത്തൊഴിലാളികളും തമ്മിലുള്ള സംഘർഷത്തിന് വഴിയൊരുക്കിയിരുന്നു. അനധികൃത ഖനിത്തൊഴിലാളികളുടെ വലിയ ഗ്രൂപ്പുകൾ ലാഭം മാത്രം ലക്ഷ്യമിട്ട് മാസങ്ങളോളം ഖനിയിൽ തുടരാറുണ്ട്. ഈ സമയം അവർ ഭക്ഷണം, വെള്ളം, ജനറേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഒപ്പം കൊണ്ടുപോകുകയാണ് പതിവ്. ഇതിന് പുറമെ, കൂടുതൽ ഖനിയ്ക്കുള്ളിൽ കൂടുതൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി ഖനിയ്ക്ക് പുറത്തുള്ള അവരുടെ ഗ്രൂപ്പിലെ മറ്റ് അം​ഗങ്ങളെ ആശ്രയിക്കുകയും ചെയ്യും. സംഭവത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.