മലപ്പുറം: നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാനാവാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസ് (19) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ പത്ത് മണിയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശഹാനയുടെ ആത്മഹത്യ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് ആരോപണം. ശഹാനയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. ശേഷം ഭര്‍ത്താവ് ഗള്‍ഫില്‍ തിരിച്ച് പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഷഹാന.

നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. നിറം കുറവാണെന്ന് പറഞ്ഞ് ശഹാനയെ ഭര്‍ത്താവ് കുറ്റപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. നിറത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. യുവതിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞു അവഹേളിച്ചതായും കുടുംബം പറയുന്നു. 2024 മെയ് 27 ന് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.

വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് നിറത്തിന്റെ പേരില്‍ നിരന്തരം പെണ്‍കുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. ഷഹാന മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തല്‍. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താനും നിര്‍ബന്ധിച്ചു. വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെണ്‍കുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു.