പ്രശസ്ത ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റാണെന്ന് പരിചയപ്പെടുത്തി ഒരു തട്ടിപ്പുകാരന്‍ ഫ്രഞ്ചുകാരിയായ വനിതയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍. ഒരു വര്‍ഷത്തിനിടെ ഇയാള്‍ ഏഴ് കോടിയോളം രൂപയാണ് ഇയാള്‍ സ്ത്രീയില്‍ നിന്ന് തട്ടിയെടുത്തത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോകളും ചിത്രങ്ങളും വ്യാപകമായി ഉപയോഗിച്ചാണ് ഇയാള്‍ ഇത്രയധികം തുക തട്ടിയെടുത്തത്.

ഭാര്യ ആഞ്ജലീന ജോളിയുമായുള്ള വിവാഹ മോചനത്തെ തുടര്‍ന്ന് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കിഡ്നിയിലെ ക്യാന്‍സര്‍ ചികിത്സയ്ക്കായി സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് സൈബര്‍ കുറ്റവാളി ബ്രാഡ് പിറ്റെന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 53 -കാരിയെ ബന്ധപ്പെട്ടത്. ഒരു യാത്രയ്ക്കിടെ ബ്രാഡ് പിറ്റിന്റെ അമ്മ ജെയ്ന്‍ എറ്റാ പിറ്റെന്ന് പരിചയപ്പെടുത്തിയ ഒരു അക്കൌണ്ടില്‍ നിന്നാണ് തനിക്ക് ആദ്യത്തെ സന്ദേശമെത്തിയതെന്നാണ് കബളിപ്പിക്കപ്പെട്ട സ്ത്രീ പറയുന്നത്. ഒരു ദിവസത്തിന് ശേഷം ബ്രാഡ് പിറ്റ് നേരിട്ട് സംസാരിക്കാനെത്തി.

പിന്നാലെ അവര്‍ അടുത്ത സുഹൃത്തുക്കളായി മാറി. വ്യാജന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും ആനിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഹോളിവുഡിലെ പ്രശസ്ത താരവുമായി ഇത്തരത്തില്‍ ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അതിനിടെ വ്യാജ ബ്രാഡ്പിറ്റ്് നിരന്തരമായി പ്രണയ കവിതകളെഴുതുകയും ആശുപത്രിയില്‍ കിടക്കുന്നതിന്റെ എഐ ജനറേറ്റഡ് വീഡിയോകളും ചിത്രങ്ങളും അയച്ച് കൊടുക്കുകയും ചെയ്തു. ഏതാണ്ട് ഒരു വര്‍ഷത്തോളം ഇവരുട സൗഹൃദം തുടര്‍ന്നു.

ഈ കാലയളവിലാണ് സ്ത്രീയുടെ ഏഴ് കോടിയോളം രൂപ വ്യാജന്‍ തട്ടിയെടുത്തത്. ഒരു കോടീശ്വരനായിരുന്നു അവരുടെ ഭര്‍ത്താവ്. എന്നാല്‍ ഇവരുടെ വിവാഹ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുകയും ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുകയും ചെയ്തിരുന്ന കാലഘട്ടമായിരുന്നു വ്യാജന്‍ മുതലെടുത്തത്. അവര്‍ വിവാഹമോചനത്തിലേക്ക്് കടക്കുന്ന സമയം കൂടിയായിരുന്നു ഇത്. വ്യാജ ബ്രാഡ് പിറ്റിന് എങ്ങനെ സ്ത്രീകളോട് മനോഹരമായി സംസാരിച്ച് അവരെ വശത്താക്കണം എന്നറിയാമായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. ഓരോ തവണയും തന്നോട് സംസാരിക്കുന്ന വേളയില്‍ ഇയാള്‍ തനിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അയയ്ക്കാമെന്ന് വിശ്വസിപ്പിച്ചിരുന്നതായി അവര്‍ വ്യക്തമാക്കുന്നു.

അവസാനം വ്യാജ ബ്രാഡ് പിറ്റ്, അവരെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഇതേസമയത്താണ് യഥാര്‍ത്ഥ ബ്രാഡ് പിറ്റും പ്രമുഖ ജ്വല്ലറി ഡിസൈനര്‍ ഇനെസ് ഡി റാമോണുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതോടെ ഈ സ്ത്രീക്ക്് സംശയം തോന്നി. തുടര്‍ന്ന് പണം നഷ്ടപ്പെട്ടതിന്റെയും കബളിപ്പിക്കപ്പെട്ടതിന്റെയും പേരില്‍ അവര്‍ക്ക്് വിഷാദരോഗം ബാധിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ കുറേ നാള്‍ ആശുപത്രിയില്‍ ചികിത്സയിലും ആയിരുന്നു. രോഗം ഭേദമായതിന് ശേഷം ശേഷം അവര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതും പരാതി നല്‍കിയതും. അങ്ങനെയാണ് വ്യാജ ബ്രാഡ് പിറ്റിന്റെ വാര്‍ത്ത പുറം ലോകമറിഞ്ഞത്. അതേസമയം വ്യാജ ബ്രാഡ് പിറ്റ് തട്ടിപ്പിന് ഇരയാക്കുന്ന ആദ്യത്തെ സ്ത്രീയല്ല ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സ്പെയിന്‍കാരായ രണ്ട് സ്ത്രീകളില്‍ നിന്നും ഏകദേശം 2 കോടി 88 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. ബ്രാഡ് പിറ്റിന്റെ ആരാധകര്‍ക്കായി വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും അതില്‍ നിന്നും സ്ത്രീകളെ കണ്ടെത്തി യഥാര്‍ത്ഥ ബ്രാഡ് പിറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.