- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന്‍ കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും; ജീവനെടുത്ത 'പ്രണയ'ത്തില്‍ നിര്‍ണായക വിധി നാളെ
ജീവനെടുത്ത 'പ്രണയ'ത്തില്‍ നിര്‍ണായക വിധി നാളെ
തിരുവനന്തപുരം: നാടിനെ നടുക്കിയ നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. മൂന്ന് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ.എം.ബഷീറാണ് വിധി പറയുന്നത്. ഒന്നാം പ്രതി ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രണയബന്ധത്തില്‍നിന്നു പിന്മാറാത്തതാണു കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് 17ന് വിധി പറയുന്നത്.
സൈന്യത്തില്‍ ജോലിയുള്ള വ്യക്തിയുമായി വിവാഹം തീരുമാനിച്ചതിനു പിന്നാലെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഗ്രീഷ്മയും അമ്മയും അമ്മാവനുമാണ് കേസിലെ പ്രതികള്‍.
അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം ബഷീര്‍ മുമ്പാകെ മൂന്ന് ദിവസങ്ങളായി അന്തിമ വാദം നടന്നു. . ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത് കുമാര്‍ വാദിച്ചു . ഒന്നാം പ്രതി ഗ്രീഷ്മ, രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു,മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മലകുമാരന്‍ നായര്‍ എന്നിവര്‍തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ വാദിച്ചു.
വിഷം കൊടുക്കല്‍, കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്‌തെന്നു തെളിഞ്ഞതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത്കുമാര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്കുമെതിരെ, തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഗ്രീഷ്മ ചതിച്ചെന്നു ഷാരോണ്‍ സുഹൃത്ത് റെജിനോടു പറഞ്ഞതും കേസില്‍ നിര്‍ണായകമായി. ഗ്രീഷ്മ ചതിച്ചെന്നു മരണത്തിനു രണ്ടു ദിവസം മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നതായി പിതാവ് ജയരാജ് പൊലീസിനോടു പറഞ്ഞിരുന്നു. തന്നെ ചതിച്ചതാണെന്നും കഷായത്തില്‍ എന്തോ കലക്കിത്തന്നെന്നും ഷാരോണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു പറഞ്ഞെന്നാണു ജയരാജിന്റെ മൊഴി.
എന്നാല്‍, ആത്മഹത്യാ പ്രവണതയുള്ള ഒന്നാം പ്രതി ആത്മഹത്യ ചെയ്യാനാണ് വിഷം നിര്‍മ്മിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. മുഖം കഴുകാനായി ബാത് റൂമില്‍ കയറിയ സമയത്ത് ഷാരോണ്‍ കഷായം കുടിച്ച ശേഷം വീട്ടില്‍ നിന്നും പോയെന്നും വാദിച്ചു.
2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍ വച്ച് കഷായം കഴിച്ചതിനെ തുടര്‍ന്നാണു മുര്യങ്കര ജെപി ഹൗസില്‍ ജയരാജിന്റെ മകനും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയുമായ ജെ.പി.ഷാരോണ്‍രാജ് (23) ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദിച്ചു. തുടര്‍ന്നു വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമാകുകയും ചെയ്തു. പല ആശുപത്രികളിലും ചികിത്സ തേടിയ ശേഷം 19-ാം തീയതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 25-ാം തീയതി ഷാരോണ്‍ മരിച്ചു. കുടുംബത്തിന്റെ പരാതിയില്‍, അസ്വാഭാവിക മരണത്തിനു പാറശാല പൊലീസ് കേസെടുത്തു. തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി.
ഒക്ടോബര്‍ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി. തൊട്ടടുത്ത ദിവസം പൊലീസ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്തു. ഇതിനിടെ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍നിന്ന് അണുനാശിനി കുടിച്ച് ഗ്രീഷ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി ഗ്രീഷ്മ തന്നെ ചതിച്ചെന്നും താന്‍ മരിച്ചു പോകുമെന്നും ഷാരോണ്‍ ആശുപത്രിയില്‍ തീവ്രപരിചരണത്തിലായിരുന്നപ്പോള്‍ കരഞ്ഞു പറഞ്ഞുവെന്നു ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചാണു ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി വിഷം നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സൈന്യത്തില്‍ ജോലിയുള്ള വ്യക്തിയുമായുള്ള വിവാഹം അടുത്തു വരുന്നതിനിടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്.
സാഹചര്യത്തെളിവുകളും ഡിജിറ്റല്‍ രേഖകളും ആശ്രയിച്ചുള്ള അന്വേഷണ മികവാണ് കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. 95 സാക്ഷികള്‍,323 രേഖകള്‍ 53 തൊണ്ടിമുതലുകള്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. തെളിവുകള്‍ എല്ലാം ശേഖരിച്ചശേഷം തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഗ്രീഷ്മയുടെ ഓരോ ഉത്തരവും ഖണ്ഡിക്കുന്ന തെളിവുകള്‍ സഹിതമായിരുന്നു ചോദ്യംചെയ്യല്‍.
പത്ത് മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. ഇന്റര്‍നെറ്റില്‍ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്. നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തില്‍ നിന്ന് ഷാരോണ്‍ പിന്മാറാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യശ്രമമായി മാംഗോ ജ്യൂസില്‍ 50 ഡോളോ ഗുളികകള്‍ കലര്‍ത്തി ഷാരോണിന് നല്‍കി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞു. പിന്നീട് കുഴിത്തുറ പഴയ പാലത്തില്‍ വച്ചും ജ്യൂസ് ചലഞ്ചെന്ന പേരിലും ഗുളിക കലര്‍ത്തിയ മാംഗോ ജ്യൂസ് നല്‍കി. ഈ രണ്ടുശ്രമവും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്.
വിഷത്തിന്റെ പ്രവര്‍ത്തനരീതി അന്നു രാവിലെ ഗൂഗിള്‍ സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസ്സിലാക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഗ്രീഷ്മ കഷായം നല്‍കിയെന്നു ഷാരോണ്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഷാരോണ്‍ കഷായം സ്വയം എടുത്തു കുടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍ മരിക്കുന്നതിനു മുമ്പ് ഷാരോണ്‍ നല്‍കിയ മരണമൊഴി വഴിത്തിരിവായി. 2022 ഒക്ടോബര്‍ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേന്റെ നിര്‍ദ്ദേശപ്രകാരം 11-ാം കോടതിയിലെ മജിസ്‌ട്രേറ്റായിരുന്ന ലെനി തോമസാണ് മെഡിക്കല്‍ കോളേജില്‍ വച്ച് ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നല്‍കിയ ഒരു ഗ്‌ളാസ് കഷായമാണ് താന്‍ കുടിച്ചതെന്നായിരുന്നു മരണമൊഴി. വിഷം കലര്‍ത്തിയ കഷായമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും തെളിഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍,ഇ.എന്‍.ടി, റെസ്പിറേറ്ററി,എമര്‍ജന്‍സി ഐ.സി.യു,വൃക്കരോഗവിഭാഗം മേധാവിമാരും ടോക്‌സികോളജി വിദഗ്ദ്ധന്‍ വി.വി.പിള്ളയും ഷാരോണ്‍ കുടിച്ച വിഷം 'പാരക്വറ്റ്' എന്ന കളനാശിനി ആണെന്ന തെളിവുനല്‍കി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് മെഡിസിന്‍ വിദഗ്ദ്ധയും ഹിസ്റ്റോപത്തോളജിസ്റ്റും ഇതേ തെളിവുകള്‍ കോടതിയില്‍ നല്‍കി.