ലണ്ടന്‍: ബ്രിട്ടണിലെ ഒരു അക്കൗണ്ടന്‍സി സ്ഥപനത്തിലെ വെള്ളക്കാരിയായ എക്സിക്യൂട്ടീവിന് വംശീയ വിവേചനത്തിനെതിരെയുള്ള കേസില്‍ വിജയം. തന്നെ ടീം കോളുകളില്‍ നിന്നൊഴിവാക്കുന്നത് വിവേചനമെന്ന് കാട്ടി ഇന്ത്യന്‍ വംശജനായ സ്ഥാപനമുടക്കക്ക് എതിരെ പരാതിപ്പെട്ടതില്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഇവര്‍ക്ക് 40,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ യുകെ കോടതി വിധിച്ചു.

സ്ഥാപനത്തിലെ വനിത മാനേജര്‍ ആയ വര്‍ഷ കപൂര്‍ തന്നെ കമ്പനിയുടെ ഓണ്‍ലൈന്‍ മീറ്റിംഗുകളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു എന്നും, മറ്റൊരു സഹപ്രവര്‍ത്തകയോട് തന്നെ കുറിച്ച് ഹിന്ദിയില്‍ സംസാരിച്ചു എന്നും പരാതിക്കാരിയായ നിക്കോള ബ്ലാക്ക്വെല്‍ ട്രിബ്യൂണലില്‍ പറഞ്ഞു. ജോലിയില്‍ കയറി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ നിക്കോള, വര്‍ഷ കപൂര്‍ കാട്ടുന്ന വിവേചനത്തെ കുറിച്ച് സ്ഥാപനമുടമയായ അശ്വിന്‍ ജുനേജയോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍, അശ്വിന്‍ വര്‍ഷയുടെ മകനായിരുന്നു എന്നത് നിക്കോളക്ക് അറിയില്ലായിരുന്നു.

ഇത് നിക്കോളയും സ്ഥാപനവുമായുള്ള ബന്ധം വഷളാക്കി. തുടര്‍ന്ന് നിക്കോളയെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.നിക്കോള ധാരാളം സമയം പാഴാക്കി എന്നായിരുന്നു അവരെ പിരിച്ചു വിട്ടതിനു ശേഷം അശ്വിന്‍ പറഞ്ഞത്. അതിനെതിരെ പരാതിയുമായി ട്രിബ്യൂണലിനെ സമീപിച്ച നിക്കോളക്ക് ഇപ്പോള്‍ 41,181.58 പൗണ്ടാണ് നഷ്ടപരിഹാരം വിധിച്ചത്. മാത്രമല്ല, വര്‍ഷ കപൂറിനെതിരെ വംശവിവേചനത്തിന് പരാതി നല്‍കിയതാണ് പിരിച്ചു വിടാന്‍ കാരണമായത് എന്ന വാദം ട്രിബ്യൂണല്‍ അംഗീകരിക്കുകയും ചെയ്തു.

2021 ആഗസ്റ്റിലായിരുന്നു നിക്കോള ബ്ലാക്ക്വെല്‍, സ്മാര്‍ട്ട് ടാക്സ് ആന്‍ഡ് അക്കൗണ്ടന്‍സി എന്ന സ്ഥാപനത്തില്‍ പേ റോള്‍ എക്സിക്യൂട്ടീവ് ആയി ജോലിയില്‍ കയറുന്നത്. വെറും 11 ജീവനക്കാര്‍ മാത്രമുള്ള ഈ സ്ഥാപനത്തില്‍, നിക്കോള പലപ്പോഴും വര്‍ക്ക് ഫ്രം ഹോം ആയിരുന്നു ചെയ്തിരുന്നത്. ഈ സമയത്താണ് ടീം കോളുകളില്‍ നിന്നും വര്‍ഷ കപൂര്‍ ഇവരെ ഒഴിവാക്കിയത് എന്നാണ് നിക്കോള ആരോപിച്ചിരിക്കുന്നത്. ജോലിയില്‍ കയറി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇവരെ അശ്വിന്‍ ജുനേജയെ വെര്‍ച്വല്‍ ആയി ബന്ധപ്പെടുന്നതും പരാതിപ്പെടുന്നതും.