- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ട് മില്ലിമീറ്റര്‍ കൂടെ ആഴത്തില്‍ കത്തി ആഴ്ന്നിരുന്നെങ്കില്‍ സെയ്ഫ് അലിഖാന്റെ ജീവന് അപകടത്തിലായേനെ'; ബോളിവുഡ് നടന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് മാറ്റി; വീട്ടില്‍ മരപ്പണിക്കെത്തിയ കരാറുകാരന് പിടിയില്‍; അന്വേഷണം തുടരുന്നു
സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം: രണ്ട് പേര് പിടിയില്‍
മുബൈ: മുബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ കൂടി മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മരപ്പണിക്കാരനായി ജോലി ചെയ്ത കരാറുകാരനെയാണ് പിടികൂടിയത്. ആക്രമണം നടക്കുന്നതിന്റെ ഒരു ദിവസം മുമ്പ് തന്റെ ഭര്‍ത്താവ് നാലു പേരുമായി സെയ്ഫ് അലി ഖാന്റെ വീട്ടില്‍ പോയിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. അന്ന് തന്നെ മരപ്പണി തുടങ്ങിയെന്നും മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരാറുകാരനെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി.
നടനെ ആക്രമിച്ച സംഭവത്തില്‍ നേരത്തെ നടന്‍ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയ സംഭവത്തില്‍ ഒരാളെ മുബൈ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. നേരത്തെ പ്രതിയെ പിടിക്കാന്‍ മുംബൈ പൊലീസ് 20 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. പ്രതിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്നാണ് അധികൃതര്‍ അറിയിച്ചത്. നടന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ലീലാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സെയ്ഫ് അലി ഖാന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. നിതിന്‍ നാരായണ്‍ ഡാങ്കെ പറഞ്ഞു. സെയ്ഫിന് നന്നായി നടക്കാന്‍ കഴിയുന്നുണ്ട്. വേദനയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. ഐസിയുവില്‍ നിന്ന് അദ്ദേഹത്തെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒരാഴ്ചയോളം സന്ദര്‍ശകരെ വിലക്കിയിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.
മകനോടൊപ്പം സെയ്ഫ് ഒരു സിംഹത്തെപ്പോലെ നടന്നുവന്നതായി ലീലാവതി ആശുപത്രി സി.ഇ.ഒ. ഡോ. നീരജ് ഉത്തമാനി പറഞ്ഞു. 'രക്തത്തില്‍ കുളിച്ചാണ് ആശുപത്രിയിലെത്തിയത്. രണ്ട് മില്ലിമീറ്റര്‍ കൂടെ ആഴത്തില്‍ കത്തി ആഴ്ന്നിരുന്നെങ്കില്‍ നടന് ഗുരുതരമായി പരിക്കേറ്റേനെ', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലില്‍നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറിയാള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. നട്ടെല്ലില്‍ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിലുള്‍പ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ നടനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയത്.
ആക്രമിക്കപ്പെട്ട് ചോര വാര്‍ന്ന സെയ്ഫിനെ ഓട്ടോറിക്ഷയിലാണ് മകന്‍ ഇബ്രാഹിം ലീലാവതി ആശുപത്രിയില്‍ എത്തിച്ചത്. സെയ്ഫ് അലി ഖാന്‍, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍, അവരുടെ രണ്ട് മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂര്‍, അഞ്ച് സഹായികള്‍ എന്നിവരാണ് 12 നിലകളുള്ള അപ്പാര്‍ട്ട്‌മെന്റിലെ 11 നിലയിലെ ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.
പൊലീസിന് നല്‍കിയ മൊഴിയില്‍, അക്രമിയെ ആദ്യം നേരിട്ടത് സെയ്ഫിന്റെ ഇളയമകന്‍ ജെയുടെ നാനി എലിയാമ ഫിലിപ്പാണ്. ഇവര്‍ പറഞ്ഞത് അനുസരിച്ച് അക്രമി ഇവരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി പറഞ്ഞു. അക്രമി നടന്റെ ഫ്‌ലാറ്റിലേക്ക് എന്തെങ്കിലും തകര്‍ത്ത് കയറിയതല്ലെന്നും, എന്നാല്‍ മോഷണം എന്ന ഉദ്ദേശത്തോടെ രാത്രിയില്‍ ഏതെങ്കിലും സമയത്ത് എതോ സുരക്ഷയില്ലാത്ത വഴി വഴി നുഴഞ്ഞുകയറിയതാവാനാണ് സാധ്യതയെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കൃത്യത്തിന് ശേഷം ബാന്ദ്ര റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് വസ്ത്രങ്ങള്‍ മാറി രക്ഷപ്പെടുകയായിരുന്നു. 20 അംഗങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വാസായി, നാലാസൊപാര എന്നിവിടങ്ങളില്‍ വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.
ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ എന്ന ബഹുനില കെട്ടിടത്തിലെ സെയ്ഫിന്റെ വീട്ടിലാണ് മോഷണ ശ്രമത്തിനിടെ അക്രമം നടന്നത്. ആറ് തവണ നടന് കുത്തേറ്റു. വീടിനെ കുറിച്ച് നന്നായി മനസിലാക്കിയ അക്രമിക്ക് വീട്ടിനുള്ളില്‍ നിന്നു തന്നെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അക്രമിയുമായി നടന്ന സംഘട്ടനത്തിനിടെയാണ് സെയ്ഫിന് കുത്തേറ്റത്. തുടര്‍ന്ന് മൂത്ത മകനായ ഇബ്രാഹിം ആണ് ഓട്ടോയില്‍ നടനെ ആശുപത്രിയിലെത്തിച്ചത്.