തുര്‍ക്കിയില്‍ രോഗബാധിതനായ സ്വന്തം കുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ട് മൃഗാശുപത്രിയില്‍ എത്തിയ നായമ്മയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഈ മാസം 13 നാണ് സംഭവം നടക്കുന്നത്. ഇസ്താംബൂള്‍ പ്രവിശ്യയിലെ അഡ്നാന്‍ കവേസിയിലാണ് സംഭവം നടക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്താണ് രോഗം ബാധിച്ച് അവശ നിലയിലായ സ്വന്തം കുട്ടിയേയും കടിച്ചെടുത്ത് കൊണ്ട് നായ മൃഗാശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് നായ്ക്കുട്ടിയെ ആശുപത്രിയുടെ പരിശോധന നടക്കുന്ന കെട്ടിടത്തിന്റെ മുന്നിലേക്ക് നായയമ്മ കൊണ്ടു വരികയാണ്.

സംഭവം കണ്ട മൃഗാശുപത്രിയിലെ ജീവനക്കാരന്‍ പെട്ടെന്ന് തന്നെ നായക്കുട്ടിയെ പരിശോധനക്കായി ആശുപത്രിയുടെ ഉള്ളിലേക്ക് കൊണ്ടു പോകുന്നു. കുഞ്ഞിന്റെ ആരോഗ്യ നില അപ്പോഴേക്കും ഗുരുതരമായി മാറിയിരുന്നു. ഹൃദയമിടിപ്പും കുറവായിരുന്നു. പെട്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ അതിനെ ഐ.സി യൂണിറ്റിലേക്ക് മാറ്റുകയാണ്. നായയമ്മ ആകട്ടെ ഈ സമയമെല്ലാം കുട്ടിയെ ഡോക്ടര്‍മാര്‍ കിടത്തിയിരുന്ന മേശക്ക് സമീപം നിന്ന്് അതിനെ ചികിത്സിക്കുന്നത് ആകാംക്ഷയോടെ കാണുകയാണ്. നേരത്തേ ഈ നായ പ്രസവിച്ച കുട്ടികളെല്ലാം തന്നെ ചത്തു പോയിരുന്നു.

അത് കൊണ്ടായിരിക്കും ഇപ്പോള്‍ തനിക്ക് കിട്ടിയ കണ്‍മണിയുടെ ജീവന്‍ അത്രയും വിലപ്പെട്ടതായി തോന്നിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നേരത്തേ തന്നെ പരിസരത്തുള്ള മൃഗസ്നേഹികള്‍ ഈ നായമ്മയുടെ മറ്റൊരു കുഞ്ഞിനെ ഇതേ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അക്കാര്യം കണ്ടിട്ട് കൂടിയായിരിക്കും നായമ്മ അവശേഷിക്കുന്ന കുഞ്ഞിനെ കൂടി ആശുപത്രിയിലേക്ക് എത്തിച്ചത്. കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിന് സ്വന്തം പാല്‍ നല്‍കാന്‍ നായയമ്മക്ക് കഴിയുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. ആശുപത്രി അധികൃതര്‍ ഇതിന് പകരമായി കുഞ്ഞുങ്ങള്‍ക്ക്് പോഷകാഹാരം ന്ല്‍കുകയാണ്.

ഇപ്പോള്‍ നായയമ്മയും കുഞ്ഞുങ്ങളും ആശുപത്രി അധികൃതരുടെ സംരക്ഷണയിലാണ്. കുട്ടികളുടെ ആരോഗ്യനിലയും ഏറെ മെ്ച്ചപ്പെട്ടതായിട്ടാണ് ഡോക്ടര്‍മാരും പറയുന്നത്. നായമ്മക്ക് സ്വന്തം കുഞ്ഞിനോടുള്ള സ്നേഹം തങ്ങളെ ആശ്ചര്യപ്പെടുത്തി എന്നാണ് ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നത്. അത് കൊണ്ട് തന്നെ ഇപ്പോള്‍ തെരുവില്‍ കഴിയുന്ന ഈ അമ്മയ്ക്കും മക്കള്‍ക്കും സംരക്ഷണം ഒരുക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്.

കുഞ്ഞുങ്ങളുടെ ആരോഗ്യ നില മെച്ചപ്പെട്ടു എങ്കിലും തത്ക്കാലം ഇവരെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഡോക്ടര്‍മാര്‍. കുറേ നാള്‍ കൂടി ഇവരുടെ ചികിത്സ തുടരും. നായയമ്മയുടെ ബുദ്ധിയും മക്കളോടുള്ള കരുതലും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെങ്ങും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.