വാഷിങ്ടണ്‍: അമേരിക്കയെ ഏറ്റവും മഹത്തരമാക്കാനുളള പുറപ്പാടിലാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യുഎസിനെ ലോകത്തിന്റെ ക്രിപ്റ്റോ കറന്‍സി തലസ്ഥാനമാക്കി മാറ്റുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ സ്വന്തം ക്രിപ്റ്റോ കോയിനും ട്രംപ് പുറത്തിറക്കിയിരുന്നു. ട്രംപ് മീം കോയിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ക്രിപ്റ്റോ കറന്‍സി വന്‍ കുതിപ്പാണ് വിപണിയില്‍ സൃഷ്ടിച്ചത്.

തിങ്കളാഴ്ച ട്രംപ് അധികാരമേറ്റതോടെ ട്രംപ് മീം കോയിനിന്റെ വിപണി മൂല്യം 10 ബില്യണ്‍ ഡോളറിലധികമായി വര്‍ദ്ധിച്ചു. ഞായറാഴ്ച 10 ഡോളറിന് താഴെയായിരുന്ന കോയിന്റെ മൂല്യം 74.59 ഡോളറിലേക്കാണ് തിങ്കളാഴ്ച കുതിച്ചത്. ട്രംപിന് പിന്നാലെ മെലാനിയ ട്രംപും സ്വന്തം പേരില്‍ കോയിന്‍ പുറത്തിറക്കിയിട്ടുണ്ട്. ട്രംപിന്റെ ക്രിപ്‌റ്റോ അനുകൂല സമീപനം ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്കോയിനിലും നേട്ടമുണ്ടാക്കി. 1,09,071 ഡോളറിലേക്ക് ഉയര്‍ന്ന് ബിറ്റ്കോയിന്‍ പുതിയ ഉയരങ്ങളിലെത്തി.

ട്രംപിന്റെ ഭാഗത്ത് നിന്ന് നിരവധി ക്രിപ്റ്റോ കറന്‍സ് പോളിസികളും ഉടന്‍ പ്രതീക്ഷിക്കാം. ബിറ്റ്‌കോയിന്‍ 2024 ല്‍ 137 ശതമാനവും ട്രംപ് ജയിച്ച ശേഷം 43 ശതമാനവും കയറിയിട്ടുണ്ട്. 2025 ക്രിസ്മസോടെ രണ്ടു ലക്ഷം ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷ.

അമേരിക്കയില്‍ ട്രംപ് ജയിച്ച ദിവസം ബിറ്റ് കോയിന്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി ബിറ്റ് കോയിന്‍ 80,000 ഡോളറിന് സമീപം ക്ലോസിങ് നടത്തിയത് അന്നാണ്. ഡിജിറ്റല്‍ ആസ്തികള്‍ക്ക് പ്രതികൂലമായ നിലപാട് സ്വീകരിച്ച ജോ ബൈഡന്റ രീതികള്‍ക്ക് കടകവിരുദ്ധമാണ് ട്രംപിന്റെ നിലപാടുകള്‍. ഇതാണ് വിപണികളില്‍ ചലനം ഉണ്ടാക്കിയത്. ആ കുതിപ്പ് ഇപ്പോഴും തുടരുകയാണ്.

2024-ല്‍ മാത്രം ബിറ്റ് കോയിന്‍ മൂല്യം ഇരട്ടിയിലധികമായി ഉയര്‍ന്നിരുന്നു. ട്രംപിന്റെ വിജയം ഉറപ്പായതിന് ശേഷം നാല് ആഴ്ച്ചകള്‍ കൊണ്ട് 45% ഉയര്‍ച്ചയാണ് ബിറ്റ് കോയിന്‍ നേടിയത്. കോണ്‍ഗ്രസിലേക്ക് ക്രിപ്‌റ്റോ നിയമ വിദഗ്ധര്‍ തെരഞ്ഞെടുക്കപ്പെട്ടതും റാലിക്ക് കാരണമായി. കഴിഞ്ഞ മാസം ബിറ്റ് കോയിന്‍ 1,00,000 മാര്‍ക്ക് മറികടന്നത് ഒരു നാഴികക്കല്ല് മാത്രമല്ല പകരം ഫിനാന്‍സ്, ടെക്‌നോളജി, ജിയോ പൊളിറ്റിക്‌സ് തുടങ്ങിയവയിലെ ഷിഫ്റ്റ് ആണെന്നും വിലയിരുത്തപ്പെടുന്നു. 16 വര്‍ഷംമുമ്പ് ഒരു ഡോളര്‍ കൊണ്ട് 13,000 ബിറ്റ്കോയിന്‍ വാങ്ങാമായിരുന്നു. ഇപ്പോഴിതാ ട്രംപ് കൂടി ആ മേഖലയിലേക്ക് കടന്നതോടെ, ക്രിപ്റ്റോ വിപണി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കയാണ്.