വാഷിങ്ടണ്‍: അമേരിക്കയെ ആശങ്കയിലാക്കി ലോസ് ആഞ്ചലസില്‍ വീണ്ടും കാട്ടുതീ പടരുന്നു. ലോസ് ആഞ്ചല്‍സില്‍ 2 മണിക്കൂറില്‍ അയ്യായിരത്തിലധികം ഏക്കറിലേക്ക് തീ പടര്‍ന്നു. നഗരത്തിന്റെ 50 മീറ്റര്‍ വടക്കായാണ് കാട്ടുതീ പടരുന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് 5,054 ഏക്കറിലേറെ സ്ഥലത്ത് തീ വ്യാപിച്ചു. തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചല്‍സില്‍ കാട്ടുതീ പടരുന്നത്. ഇതില്‍ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. അമേരിക്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. ഒരു വിധം കാട്ടുതീയില്‍ നിന്ന് ലോസ് ആഞ്ചല്‍സ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.

കുറച്ചു നാളുകളായി ലോസ് ആഞ്ചലസില്‍ തുടര്‍ച്ചയായി കാട്ടുതീ പടര്‍ന്നു പിടിക്കുന്നുണ്ട്. ഇതിനോടകം തന്നെ പ്രദേശത്ത് കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഹോളിവുഡ് ആസ്ഥാനം മാത്രമല്ല, ഹോളിവുഡ് താരങ്ങളുടെ സ്വപ്നഭൂമി കൂടിയാണ് ലോസ് ആഞ്ചലസ്. മാലിബു ബീച്ചിന് അഭിമുഖമായുള്ള ആഡംബര ഭവനങ്ങളും അവധിക്കാല ബംഗ്ലാവുകളും മലയോരത്തെ ദശലക്ഷങ്ങള്‍ വിലമതിക്കുന്ന എസ്റ്റേറ്റുകളും തൊട്ട് പസഫിക് പാലിസേഡ്‌സിലെ താമസക്കാരായിരുന്ന താരങ്ങളുടെ സമ്പാദ്യമായ റിട്ടയര്‍മെന്റ് ഹോമുകള്‍ വരെ നേരത്തെ കാട്ടുതീ കവര്‍ന്നിരുന്നു.

ആളിപടര്‍ന്ന കാട്ടുതീ സെലിബ്രിറ്റികള്‍ക്കും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. ആഡംബര വസതികളും പാരമ്പര്യ ഭവനങ്ങളും അവധിക്കാല ബംഗ്ലാവുകളുമെല്ലാം നഷ്ടപ്പെട്ടതിന്റെ ദുഃഖം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചവരില്‍ പാരിസ് ഹില്‍ട്ടനടക്കമുള്ള ധാരാളം താരങ്ങളുണ്ട്.