താമരശ്ശേരി: റിമാന്‍ഡ് കാലാവധി കഴിഞ്ഞു ജാമ്യത്തിലിറങ്ങിയ പ്രതിയെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടു പരസ്യമായി മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍. റിട്ട.എസ്‌ഐ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് മര്‍ദിച്ചത്. യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പെരുമ്പള്ളി വയനാടന്‍ കുന്ന് കുഞ്ഞിമൊയ്തീന്‍ (70) ആണ് മര്‍ദനമേറ്റത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വാര്‍ഡ് മെംബര്‍ ഇടപെട്ടാണു ഇദ്ദേഹത്തെ കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിക്കാന്‍ സൗകര്യം ഒരുക്കിയത്.

കുഞ്ഞി മൊയ്തീന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിട്ട. എസ്‌ഐ കാവുംപുറം അബ്ദുറഹ്‌മാന്‍, ബന്ധുക്കളും പ്രദേശവാസികളുമായ നവാസ് റഹമാന്‍, ഉബൈദ്, പൊന്നൂട്ടന്‍, ഷാമില്‍ എന്നിവര്‍ക്കെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ എല്ലാവരും ഒളിവിലാണ്. ഞായറാഴ്ച പകലാണ് ആളുകള്‍ നോക്കി നില്‍ക്കെ സംഘം കുഞ്ഞിമൊയ്തീനെ കെട്ടിയിട്ടു മര്‍ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം അടക്കം പുറത്ത് വന്നിട്ടുണ്ട്.

രണ്ടര മാസത്തെ ജയില്‍ വാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് കോടതിയില്‍ നിന്നു ജാമ്യം നേടിയ കുഞ്ഞിമൊയ്തീന്‍ പുറത്തിറങ്ങിയത്. വെള്ളിയാഴ്ച താമരശ്ശേരി ആറ്റുസ്ഥലത്തു താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ എത്തിയതോടെയാണ് ആക്രമണത്തിന് ഇരയായത്. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഇവിടെ അന്വേഷിച്ചെത്തിയ പ്രതികള്‍ മര്‍ദിക്കുകയും കഴുത്തില്‍ പിടിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്‌തെന്നും കുതറി മാറിയതു കൊണ്ടാണ് രക്ഷപ്പെട്ടതെന്നും കുഞ്ഞുമൊയ്തീന്‍ പൊലീസില്‍ മൊഴി നല്‍കി.

പിന്നാലെ അഞ്ചംഗ സംഘം ബലമായി ജീപ്പില്‍ കയറ്റി തോര്‍ത്തുകൊണ്ട് കൈകള്‍ കൂട്ടി കെട്ടി പ്രതികളുടെ നാടായ കാവുംപുറം അയ്യാറെട്ട് എന്ന സ്ഥലത്ത് എത്തിച്ച് വഴിയരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ വാര്‍ഡ് മെംബര്‍ കെ.ജി.ഗീത ആവശ്യപ്പെട്ടതോടെയാണ് കെട്ടഴിച്ചു വിട്ടത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സ തേടിയ കുഞ്ഞിമൊയ്തീന്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ശേഷം സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.

സിപിഎം മലപുറം ലോക്കല്‍ കമ്മിറ്റി അംഗമാണ് അബ്ദുറഹ്‌മാന്‍. കഴിഞ്ഞ നവംബര്‍ 8 നാണ് യുവതിയുടെ പരാതി പ്രകാരം താമരശ്ശേരി പൊലീസ് എടുത്ത കേസില്‍ കുഞ്ഞിമൊയ്തീന്‍ റിമാന്‍ഡിലായത്. താമരശ്ശേരി എസ്‌ഐ ആര്‍.സി. ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ തുടങ്ങി.