- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്കിങ്ങാം കൊട്ടാരത്തെ വഞ്ചിച്ച് ഭാര്യക്ക് പിന്നാലെ അമേരിക്കയ്ക്ക് പറന്ന ഹാരി രാജകുമാരന്റെ വിസ തുലാസില്‍; കോടതി അനുവദിച്ചാല്‍ വിസ റദ്ദാക്കാന്‍ റെഡിയായി ട്രംപ്; വിനയാകുന്നത് മുന്‍പത്തെ ലഹരി ഉപയോഗം
ന്യൂയോര്‍ക്ക്: ഹാരി രാജകുമാരന്റെ വിസ അപേക്ഷ സംബന്ധിച്ച രേഖകള്‍ പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യപ്പെടുന്ന പരാതിയില്‍, ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം ഇതാദ്യമായി കോടതിയില്‍ വിചാരണ ആരംഭിക്കാന്‍ തുടങ്ങുന്നു. ഹെറിറ്റേജ് ഫൗണ്ടേഷനാണ് പരാതി നല്‍കിയിരിക്കുന്നത്. 2023 ല്‍ പുറത്തിറക്കിയ തന്റെ സ്പെയര്‍ എന്ന പുസ്തകത്തില്‍ താന്‍ ചെറുപ്പകാലത്ത് മയക്കു മരുന്ന് ഉപയോഗിച്ചതായി ഹാരി പരാമര്‍ശിച്ചിരുന്നു. അമേരിക്കയില്‍, വിസ ലഭിക്കുന്നതിന് ഇത് നിയമപരമായ തടസ്സമാണ്. എന്നിട്ടും 2020 ല്‍ തന്റെ ഭാര്യയ്ക്കൊപ്പം അമേരിക്കയില്‍ എത്താന്‍ ഹാരിക്ക് എങ്ങനെ സാധിച്ചു എന്നാണ് ഈ സംഘടന ഉയര്‍ത്തുന്ന ചോദ്യം.
കൊക്കെയ്ന്‍, മരിജ്ജുവാന, സൈക്കെഡെലിക് മഷ്റൂം എന്നിവയൊക്കെ ഉപയോഗിച്ചതായാണ് ഹാരി തന്റെ ആത്മകഥയില്‍ പറയുന്നത്. അതുകൊണ്ടു തന്നെ വിസയ്ക്കുള്ള അപേക്ഷയില്‍ ഹാരി ഇതെല്ലാം മറച്ചു വെച്ചുകൊണ്ട് കള്ളം പറഞ്ഞിട്ടുണ്ടാകാം എന്നാണ് ഹെറിറ്റേജ് ആരോപിക്കുന്നത്. അതല്ലെങ്കില്‍, അന്നത്തെ ബൈഡന് ഭരണകൂടം ഹാരിക്ക് അമേരിക്കയിലെക്ക് കുടിയേറാന്‍ പ്രത്യേക പരിഗണന നല്കിയിട്ടുണ്ടാകാം എന്നും അവര്‍ പറയുന്നു. ഫെബ്രുവരി 5 ബുധനാഴ്ച വാഷിംഗ്ടണ്‍ ഡി സിയിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാകാനാണ് ജഡ്ജ് കാള്‍ ജെ നിക്കോള്‍സ് ഹെരിറ്റേജിന്റെ അഭിഭാഷകരോടും ഹാരിയോടും ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ സെപ്റ്റംബറില്‍ സമാനമായ ആവശ്യമുന്നയിച്ച് ഹെറിറ്റേജ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റിക്കെതിരെ കേസ് നല്‍കിയിരുന്നു. ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട്, വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷ നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഈ കേസ്. എന്നാല്‍ തന്റെ ആദ്യ വിധിയില്‍ ജഡ്ജ് നിക്കോള്‍സ്, ആ രേഖകള്‍ സ്വകാര്യമായി തന്നെ ഇരിക്കട്ടെ എന്നായിരുന്നു പറഞ്ഞത്.
വിസയ്ക്ക് അപേക്ഷിച്ചവര്‍, അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അപേക്ഷയില്‍ വ്യക്തമാക്കേണ്ടതുണ്ട്. അത് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവരെ നാടുകടത്താം. ഈ മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ച് ഹാരി, തന്റെ വിസ അപേക്ഷയില്‍ പറഞ്ഞിട്ടുണ്ടോ എന്ന് അറിയുന്നതിനാണ് ഹെറിറ്റേജ് ഇപ്പോള്‍ കേസ് നല്‍കിയിരിക്കുന്നത്. വിസ അപേക്ഷയില്‍ തെറ്റായ വിവരമാണ് നല്‍കിയതെന്ന് കണ്ടെത്തിയാല്‍, താന്‍ പ്രസിഡണ്ടാണെങ്കില്‍ ഹാരിയെ നാടുകടത്തുമെന്ന് നേരത്തെ പ്രസിഡണ്ട് ട്രംപ് പറഞ്ഞിരുന്നു.
എലിസബത്ത് രാജ്ഞിയെ ചതിച്ച വ്യക്തിയാണ് ഹാരി രാജകുമാരന് എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍, ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. അത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും, താന്‍ ഒരിക്കലും ഹാരിയെ സംരക്ഷിക്കുകയില്ലെന്നും അന്ന് സണ്‍ഡേ എക്സ്പ്രസ്സിനു നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടണമെന്ന് ഹെരിറ്റേജ് ട്രംപിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.