ചൈന കഴിഞ്ഞ ദിവസം പുറത്തിറക്കിയ എ.ഐ പ്ലാറ്റ്ഫോമായ ഡീപ്പ് സീക്കിനെ കുറിച്ച് നിരവധി ദുരൂഹതകള്‍ ഉള്ളതായി ആരോപണങ്ങള്‍ ഉയരുകയാണ്. ചൈനയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഡീപ്പ് സീക്ക് ചൈനക്ക് താല്‍പ്പര്യമില്ലാത്ത വിഷയങ്ങളെ കുറിച്ച് ചോദിച്ചാല്‍ അറിവില്ലായ്മ നടിക്കുകയാണ് എന്നാണ് പ്രധാന ആരോപണം. 1989 ജൂണ്‍ നാലിന് ചൈനയില്‍ യുവാക്കള്‍ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ നടത്തിയ പ്രക്ഷോഭത്തെ ചൈന ടാങ്കുകള്‍ ഉപയോഗിച്ചാണ് നേരിട്ടത്. നൂറു കണക്കിന് ചെറുപ്പക്കാരാണ് അന്ന് കൊല്ലപ്പെട്ടത്.

എന്നാല്‍ ഡീപ്പ് സീക്കിനോട് ഇത് സംബന്ധിച്ച എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചാല്‍ അജ്ഞത നടിക്കുകയാണ് ഡീപ്പ് സീക്ക് ചെയ്യുന്നത്. ചൈനക്ക് താല്‍പ്പര്യമില്ലാത്ത ചോദ്യങ്ങള്‍ പരീക്ഷണാര്‍ത്ഥം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുന്നതായിട്ടാണ് മനസിലാക്കാന്‍ കഴിയുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലക്കിയിട്ടുള്ള ചില വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി പറയാതെ മാറാന്‍ ശ്രമിക്കുന്നതും പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ഹോങ്കോങ്ങിന്റെ സ്വാതന്ത്യത്തിനായി നടത്തുന്ന പ്രക്ഷോഭത്തെ കുറിച്ച് ചോദിച്ചാലും ഉത്തരം ലഭിക്കില്ല. ചൈനീസ് പ്രസിഡന്റായ ഷീജിഹ്പിങ്ങിനെ കുറിച്ച് നല്ല കാര്യങ്ങള്‍ ചോദിച്ചാല്‍ പോലും അതിനും ഉത്തരമില്ല.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍സര്‍ ചെയ്തിട്ടുള്ള വിഷയങ്ങളെ കുറിച്ച്എന്ത് ചോദിച്ചാലും മറുപടി ഇത് ഞങ്ങളുടെ പരിധിക്കും പുറത്താണ് മറ്റെന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കൂ എന്നാണ്. കോവിഡിന് പിന്നാലെ ചൈനയില്‍ ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിനെ വിമര്‍ശിച്ചു കൊണ്ടുള്ള വൈറ്റ് പേപ്പര്‍ മൂവ്മെന്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഡീപ്പ് സീക്ക് തയ്യാറായില്ല. ആദ്യം ഇതിനെ കുറിച്ച്് ചെറിയൊരു വിശദീകരണം നല്‍കിയെങ്കിലും പിന്നീട് മാറിക്കളയുകയായിരുന്നു. പതിവ് പോലെ ഈ എ.ഐ പ്ലാറ്റ്ഫോമിന് പോലും ചൈനീസ് സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന് തന്നെയാണ് ഇതിലൂടെ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്.

ചൈനയിലെ ഷിന്‍ജിയാങ്ങിലെ ഉഗിയൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിനുളള മറുപടി അവിടെ എല്ലാവരും വളരെ സമാധാനപരമായിട്ടാണ് ജീവിക്കുന്നത് എന്നായിരുന്നു. അരുണാചല്‍പ്രദേശ് ഇന്ത്യയിലാണോ എന്ന് ചോദിക്കുമ്പോഴും ഡീപ്പ്് സീക്ക് ഇക്കാര്യം സമ്മതിച്ചു തരുന്നില്ല. അരുണാചല്‍പ്രദേശ് ഇന്ത്യയിലെ ഒരു സംസ്ഥാനമാണോ എന്ന ചോദ്യത്തിനും മറ്റേതെങ്കിലും വിഷയത്തില്‍ ചോദ്യം ചോദിക്കാനായിരുന്നു മറുപടി ലഭിച്ചത്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളുടെ പേര് ചോദിച്ചപ്പോഴും മറുപടി ഇത് തന്നെയായിരുന്നു.