ലോകപ്രശസ്ത പോപ്പ് സ്റ്റാര്‍ ജസ്റ്റിന്‍ ബീബറിന്റെ കാലക്കേട് ഇനിയും മാറിയില്ലേ എന്ന ആശങ്കയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ഇണങ്ങാത്ത വസ്ത്രങ്ങളും തൂങ്ങിയ മുഖവുമായിട്ടാണ് ബീബര്‍ പ്രത്യക്ഷപ്പെട്ടത്. ഭാര്യയുമായി ബീബര്‍ കുറേ നാളായി പ്രശ്നങ്ങളിലാണ്. നേരത്തേ താന്‍ ലഹരിക്കണിയില്‍ ആയിരുന്നു എന്നും ബീബര്‍ വെളിപ്പെടുത്തിയിരുന്നു.

ന്യൂയോര്‍ക്കിലാണ് കഴിഞ്ഞ ദിവസം ശരീരത്തിന് ഇണങ്ങാത്ത രീതിയിലുള്ള മഞ്ഞ വസ്ത്രങ്ങളും ധരിച്ച് മ്ളാനമായ മുഖവുമായി ബീബര്‍ പ്രത്യക്ഷപ്പെട്ടത്. ബീബറിനെ കാണുന്ന ആര്‍ക്കും അദ്ദേഹം വീണ്ടും ലഹരിക്കെണിയില്‍ വീണതേോണാ എന്ന് സംശയം

തോന്നിപ്പിക്കുന്നതാണ്. വളരെ ചെറുപ്പത്തില്‍ തന്നെ പ്രശസ്തിയുടെ ഉച്ചകോടിയില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞ കനേഡിയന്‍ പോപ് ഗായകനാണ് ജസ്റ്റിന്‍ ബീബര്‍.

തന്റെ മാസ്മരികമായ സംഗീതം കൊണ്ട് ആസ്വാദക ലക്ഷങ്ങളെ വിസ്മയിപ്പിക്കുമ്പോഴും ലഹരിയാല്‍ നിയന്ത്രിക്കപ്പെടുകയായിരുന്നു ജീവിതം. ലഹരി ഉപയോഗം നിയന്ത്രണാതീതമായപ്പോള്‍ തന്റെ ബോഡിഗാര്‍ഡുകള്‍ രാത്രിയില്‍ കൃത്യമായ ഇടവേളകളില്‍ വന്ന് തന്റെ പള്‍സ് പരിശോധിച്ച് തനിക്ക് ജീവനുണ്ടെന്ന് ഉറപ്പുവരുത്തുമായിരുന്നെന്ന് ജസ്റ്റിന്‍ ബീബര്‍ വെളിപ്പെടുത്തിയിരുന്നു.

ഉഷ്ണകാലങ്ങളില്‍ ചെറുപ്രാണിയുടെ കടിയേല്‍ക്കുന്നതുമൂലം സംഭവിക്കുന്ന ബാക്ടീരിയ അണുബാധ മൂലം വന്ന ലൈം ഡിസീസ് കാരണവും ബീബര്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ഇത് തന്നെ മാനസികമായും ശാരീരികമായും ഏറെ തളര്‍ത്തിയിരുന്നതായും ജസ്റ്റിന്‍ പറഞ്ഞു. ഉഷ്ണകാലങ്ങളില്‍ കൂടുതല്‍ സമയവും പുറത്തു ചെലവഴിക്കുന്നവര്‍ക്കാണ് ലൈം ഡിസീസ് സാധാരണയായി പിടിപെടാറുള്ളത്. മാസങ്ങളോളം കൃത്യമായ ചികിത്സ ആവശ്യമുള്ള രോഗമാണിത്.

ലഹരിയും രോഗവും തന്ന ദുരിതത്തില്‍ നിന്നും കരകയറാന്‍ തനിക്കു പിന്തുണ തന്നുകൊണ്ട് ശുശ്രൂഷിച്ച ഭാര്യ ഹെയ്‌ലി ബീബറിന്റെ അര്‍പ്പണബോധത്തെക്കുറിച്ചും ജസ്റ്റിന്‍ ബീബര്‍ വാചാലനായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഭാര്യ ഹെയ്‌ലി ബീബറിനെ ജസ്റ്റിന്‍ ബീബര്‍ അണ്‍ഫോളോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും പിരിയുകയാണോ എന്ന അഭ്യൂഹം പോലും ഇതുണ്ടാക്കി. എന്നാല്‍ ഭാര്യയെ അണ്‍ഫോളോ ചെയ്യുന്നത് താനല്ലെന്ന് അവകാശപ്പെട്ട് ജസ്റ്റിന്‍ ബീബര്‍ തന്നെ രംഗത്ത് എത്തിയിരുന്നു.

ഭാര്യയെ ജസ്റ്റിന്‍ ബീബര്‍ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്ത വ്യാപകമായതോടെ തന്റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെ ജസ്റ്റിന്‍ ബീബര്‍ വിശദീകരണം നല്‍കി. ആരോ തന്റെ അക്കൗണ്ടില്‍ കയറി ഭാര്യയെ അണ്‍ഫോളോ ചെയ്തു എന്നാണ് ജസ്റ്റിന്‍ വിശദീകരിച്ചത്. നേരത്തെ, ഹെയ്‌ലിയുമൊത്തുള്ള വിന്റര്‍ ഹോളിഡേ ചിത്രങ്ങള്‍ ഗായകന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഭാര്യയുടെ ഫോട്ടോയും ബീബര്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.

എനിക്കറിയാവുന്ന ഏറ്റവും വലിയ സ്ത്രീ എന്നാണ് ചിത്രത്തിന് ഗായകന്‍ നല്‍കിയ അടിക്കുറിപ്പ്്. 2018-ല്‍ വിവാഹിതരായ ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും തങ്ങളുടെ ബന്ധത്തില്‍ പ്രശ്നം നേരിടുന്നു എന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. കഴിഞ്ഞ വര്‍ഷം ജസ്റ്റിനും ഹെയ്‌ലിയും തങ്ങളുടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ആഗസ്റ്റ് 23 ന് കുട്ടിയുടെ കുഞ്ഞുപാദങ്ങള്‍ പങ്കുവച്ച് കുട്ടിയുടെ പേര് ജാക്ക് ബ്ലൂസി എന്നാണ് എന്ന് ജസ്റ്റിന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹെയ്ലി ആകട്ടെ സ്വന്തം മാതാപിതാക്കളുമായി ഇപ്പോള്‍ അത്ര നല്ല ബന്ധത്തിലല്ല എന്നും വാര്‍ത്തകള്‍ പുറത്തു വരികയാണ്.