- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമത്തം തകര്‍ക്കാനിരുന്ന ശിഹാബുദ്ദീന്‍ മേത്തര്‍ സമ്പൂര്‍ണ്ണ അടിമത്തത്തിലേക്ക് മടങ്ങിയെന്ന് ഡോ അനില്‍ മുഹമ്മദ്; ക്ലബ് ഹൗസിലും കൂട്ട പരിഹാസം; പള്ളിയില്‍ അടക്കിയത് എന്തിനെന്ന് ചോദിച്ച് വിദ്വേഷ പ്രചാരണം; സ്വതന്ത്രചിന്തകന് ശിഹാബുദ്ദീന്‍ മേത്തറുടെ മരണം ആഘോഷിച്ച് ഇസ്ലാമിസ്റ്റുകള്‍!
സ്വതന്ത്രചിന്തകന് ശിഹാബുദ്ദീന്‍ മേത്തറുടെ മരണം ആഘോഷിച്ച് ഇസ്ലാമിസ്റ്റുകള്‍!
കോഴിക്കോട്: സ്വതന്ത്രചിന്തകനും, എക്സ് മുസ്ലീമും ഇസ്ലാമിക വിമര്‍ശകനുമായ ശിഹാബുദ്ദീന്‍ മേത്തര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായിരുന്നു. 'ദ ഇന്‍ഫിഡല്‍സ്' എന്ന ഗ്രൂപ്പിന്റെ ഭാഗമായി ഒക്കെ നിന്നുകൊണ്ട് അദ്ദേഹം മതവിമര്‍ശനം ശക്തമായി നടത്താറുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, യുവ ഇസ്ലാലിമിസ്റ്റ് അബ്ദുല്ല ബാസിലുമായി, ഇസ്ലാമിലെ അടിമത്തത്തെക്കുറിച്ച് മേത്തര്‍ നടത്തിയ സംവാദവും ശ്രദ്ധേയമായിരുന്നു. കെ.എസ്.ഇ.ബി യില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വര്‍ഷങ്ങളായി പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് താമസം. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.
സൗമ്യനും, ശാന്തനും എല്ലാവരുമായും സ്നേഹത്തേതാടെ പെരുമാറുന്നവനുമായ മേത്തര്‍, വലിയൊരു സൗഹൃദ വലയത്തെയും സൃഷ്ടിച്ചിരുന്നു. പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത സുഹൃത്തുക്കളില്‍ കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്. പക്ഷേ ആ സമയത്തും, തീവ്ര ഇസ്ലാമിസ്റ്റുകള്‍ അദ്ദേഹത്തെ പരിഹസിക്കയായിരുന്നു.
അവര്‍ മരണം ആഘോഷിക്കുമ്പോള്‍
ഒരു വ്യക്തി എത്ര ശത്രുവാണെങ്കില്‍ കൂടി മരണശേഷം അയാളെ അപഹസിക്കാതിരിക്കുക എന്നത്, മാനവിക ബോധമുള്ളവരെക്കെ പുലര്‍ത്തുന്ന ഒരു പൊതു രീതിയാണ്. പക്ഷേ ഇസ്ലാമിസ്റ്റുകള്‍ അതും തെറ്റിച്ചു. മരണശേഷവും അവര്‍ നിരന്തരം ശിഹാബുദ്ദീന്‍ മേത്തറെ വ്യക്തിഹത്യചെയ്യാനാണ് ശ്രമിച്ചത്. അതിന് കാരണമായി അവര്‍ പറഞ്ഞത്, നാസ്തിനായ മേത്തറെ പള്ളിയില്‍ അടക്കിയെന്നാണ്. ഡോ അനില്‍ മുഹമ്മദ് എന്ന ഇസ്ലാമിക യു ട്യൂബര്‍, 'അടിമത്തം തകര്‍ക്കാനിരുന്ന മേത്തര്‍ സമ്പൂര്‍ണ്ണ അടിമത്തത്തിലേക്ക് മടങ്ങിയെന്ന' തമ്പ് നെയില്‍ ഇട്ടാണ് പരിഹാസ വീഡിയോ ചെയ്തത്. ക്ലബ് ഹൗസിലും യുവ ഇസ്ലാമിസ്റ്റുകള്‍ മേത്തറുടെ മരണം ആഘോഷമാക്കി.
ഇതിനെതിരെ കുടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍നിന്ന് ഉയരുന്നത്. ഭര്‍ത്താവിന്റെ സംസ്‌ക്കാരത്തില്‍ വിശദീകരണവുമായി മേത്തറുടെ ഭാര്യ, സദീഖത്ത് വെളിയത്തും രംഗത്തെത്തി.ഇലക്ട്രിക് ക്രിമേഷന് വിധേയമാക്കണമെന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ എന്നോടും മക്കളോടും പറഞ്ഞിരുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ സഹോദരങ്ങള്‍, മൃതദേഹം പള്ളിയിലടക്കണമെന്ന ആവശ്യവുമായി വന്നതിനെ തുടര്‍ന്നാണ് അങ്ങനെ ചെയ്തത് എന്നും പള്ളിയില്‍ യാതൊരു മതപരമായ ചടങ്ങും നടത്തിയില്ലെന്നുമാണ് സദീഖത്ത് പറയുന്നത്.
സദീഖത്ത് വെളിയത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്. -'ഇഷ്ടമില്ലാത്തവരുടെ മരണം ആഘോഷമാക്കുന്നവരോടാണ്. നിങ്ങള്‍ക്കതില്‍ ആനന്ദം ലഭിക്കുമെങ്കില്‍ അത് ആവോളം അനുഭവിക്കുക. പക്ഷേ സത്യങ്ങള്‍ അറിയാന്‍ കൂടി ശ്രമിക്കുന്നത് നല്ലതാണ്. എന്റെ ഭര്‍ത്താവിന്റെ മരണം എനിക്കും എന്റെ മക്കള്‍ക്കും നല്‍കിയ ഒടുങ്ങാത്ത ശൂന്യത എത്ര ഭീകരമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകണമെന്നില്ല. ജനുവരി 30 ന് എന്റെ ഭര്‍ത്താവ് അപ്രതീക്ഷിതമായി വിട പറയുമ്പോള്‍, ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ തകര്‍ന്ന മനസ്സുമായി കഴിഞ്ഞ ഒരു ഭാര്യയെ, അമ്മയെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമോ?
സ്വതന്ത്ര ചിന്തകനായ ഭര്‍ത്താവ് അദ്ദേഹത്തിന്റെ മൃതദേഹം ഇലക്ട്രിക് ക്രിമേഷന് വിധേയമാക്കണമെന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ എന്നോടും മക്കളോടും പറഞ്ഞിരുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ സഹോദരങ്ങള്‍, മൃതദേഹം പള്ളിയിലടക്കണമെന്ന ആവശ്യവുമായി വന്നാല്‍, അവരെ ശത്രുപക്ഷത്ത് നിര്‍ത്തി യുദ്ധം ചെയ്ത് അദ്ദേഹത്തിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഞാന്‍ അശക്തയാണെന്ന കാര്യം അന്നേ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹം അത് അംഗീകരിച്ചിരുന്നില്ലെങ്കിലും, മതപരമായ ചടങ്ങുകളൊന്നുമില്ലാതെ സ്വതന്ത്രമായി അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കപ്പെടണം എന്ന് തന്നെയാണ് നിര്‍ദ്ദേശിച്ചിരുന്നത്. അതനുസരിച്ച്, ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണശേഷം ഇലക്ട്രിക് ക്രിമേഷന്‍ തന്നെയാണ് ഞാനും മക്കളും മനസ്സില്‍ ഉറപ്പിച്ചിരുന്നത്.
അദ്ദേഹം മരണപ്പെട്ട ദിവസം രാത്രി തന്നെ ഞങ്ങളുടെ വീട്ടിലെത്തിയ അദ്ദേഹത്തിന്റെ സഹോദരനും ജ്യേഷ്ട സഹോദരപുത്രന്‍മാരും ബോഡി ഈരാറ്റുപേട്ടയ്ക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. എന്റെ ഭര്‍ത്താവിന്റെ സഹോദരീസഹോദരന്‍മാരും സഹപാഠികളും കളിക്കൂട്ടുകാരും ഉള്‍പ്പെട്ട ബന്ധുമിത്രാദികളെല്ലാം ഈരാറ്റുപേട്ടയിലാണുള്ളത്. പട്ടാമ്പിയില്‍ ഉദ്യോഗാര്‍ത്ഥം മാത്രം സെറ്റിലായ ഞങ്ങള്‍ക്ക് ഇവിടെ അയല്‍ക്കാരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പരിചയക്കാരുമല്ലാതെ ബന്ധുക്കള്‍ ആരുമില്ല.
അവസാനമായി അദ്ദേഹത്തെ ഒന്നു കാണാനുള്ള ബന്ധുക്കളുടെ അവകാശം എനിക്ക് നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഈരാറ്റുപേട്ടയില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും അടക്കിയ പള്ളി പറമ്പില്‍ എന്റെ ഭര്‍ത്താവിനെയും അടക്കണം എന്നത് ,സഹോദരന്‍മാരുടെ പ്രധാന അഭിലാഷമായിരുന്നു!ജീവിച്ചിരുന്ന കാലത്ത് , മതനിരാസകന്‍ എന്ന നിലയിലുള്ള വിയോജിപ്പല്ലാതെ, എന്റെ ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തമ്മില്‍ യാതൊരു രസക്കേടും ഒരിക്കലും ഉണ്ടായിരുന്നില്ല. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും അവര്‍ ഞങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണം വരെയും അദ്ദേഹത്തെ മതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ബന്ധുമിത്രാദികള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരിക്കലും അത് സംഭവിച്ചില്ല. അവരുടെ കൂടെപ്പിറപ്പിനെപ്പറ്റി ആ സഹോദരങ്ങള്‍ക്കുള്ള ഏറ്റവും ഒടുവിലത്തെ ആഗ്രഹമായിരുന്നു മൃതദേഹമെങ്കിലും പള്ളിയില്‍ അടക്കുക എന്നത്.!
അവരുടെ ആ ആഗ്രഹത്തെ നിഷേധിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. മാനവികതയെന്നാല്‍ മനുഷ്യബന്ധങ്ങള്‍ എന്നേക്കുമായി അറുത്ത് മുറിച്ചെറിയലാണെന്ന് ഞാന്‍ പഠിച്ചിട്ടില്ല. മനുഷ്യരെ ആദര്‍ശങ്ങള്‍ക്കുപരി ചേര്‍ത്ത് പിടിക്കുന്നതാണ് മാനവികത എന്നാണ് എന്റെ പാഠം.! പള്ളിപ്പറമ്പില്‍ സംസ്‌ക്കരിക്കാം പക്ഷേ യാതൊരുവിധമത ആചാരങ്ങളും മൃതദേഹത്തിന് വേണ്ടി നടത്താന്‍ പാടില്ലെന്ന് ഞാനൊരു വ്യവസ്ഥ വച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ അത് അംഗീകരിച്ചു. പള്ളി സെക്രട്ടറി എന്നോട് അനുവാദം തേടി. ശേഷമാണ് പള്ളിയില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ തീരുമാനമായത്. അവിടെ എത്തിയതിന് ശേഷം, സംസ്‌ക്കാര സമയമായപ്പോഴേക്കും, എനിക്ക് തന്ന വാക്ക് പാലിക്കാതെ, ചിലര്‍ മത ചടങ്ങിന് ഒരുങ്ങുന്നത് കണ്ടപ്പോള്‍ ഞാനും കുട്ടികളും അത് തടഞ്ഞു. അവര്‍ക്ക് അതില്‍ നിന്ന് പിന്മാറേണ്ടി വന്നു.ശേഷം മൃതദേഹം സ്ട്രെച്ചറില്‍ വച്ച് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി പള്ളി പറമ്പില്‍ സംസ്‌ക്കരിച്ചു.
പള്ളിയിലും ഒരു മതചടങ്ങും നടത്തിയില്ല എന്നതിന് എന്റെ മകനും ഭര്‍ത്താവിന്റെ സുഹൃത്തുക്കളും സാക്ഷിയാണ്. എന്റെ ഭര്‍ത്താവിന്റെ ആഗ്രഹം പൂര്‍ണ്ണമായി നടത്തിക്കൊടുക്കാന്‍ കഴിയാത്തതിലുള്ള എന്റെ നിസ്സഹായത, കുറ്റബോധമായി എന്നെ മരണം വരെ വേട്ടയാടും എന്നത് ഉറപ്പാണ്. പക്ഷേ ഞാന്‍ സ്വാര്‍ത്ഥയായൊരു അമ്മ കൂടിയാണ്. നാളെ ഞാന്‍ ഇല്ലാതെയായാല്‍, എന്റെ മക്കള്‍ക്ക് ഒരാശ്രയം തേടി ഓടിച്ചെല്ലാന്‍ ഏതെങ്കിലും ഇടങ്ങള്‍ കൂടിയേ കഴിയൂ. ആ ഇടങ്ങളെ തരിശാക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല''- സദീഖത്ത് ചൂണ്ടിക്കാട്ടി.