നുഷ്യവംശം ഇന്ന് പരിണാമത്തിന്റെ അവസാന അധ്യായത്തില്‍ എത്തിനില്‍ക്കുന്നു എന്നാണ് നമ്മളല്ലാവരും കരുതുന്നത്. പലപ്പോഴും നമ്മുടെ പൂര്‍വ്വികര്‍ കടന്നു വന്ന പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോഴാണ് നമുക്ക് ഇത്തരത്തില്‍ ചിന്തിക്കാന്‍ കഴിയുന്നത്. എന്നാല്‍ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത് നമ്മള്‍ പരിണാമത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമാണ് ജീവിക്കുന്നത് എന്നാണ്. കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക രംഗത്തെ വളര്‍ച്ച, ബഹിരാകാശയാത്ര തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ലോകം അതിവേഗം വലിയ മാറ്റത്തിന് വിധേയമാകുക ആണെന്നും മാനവരാശിക്കും ഇതിന് അനുസൃതമായി വലിയ മാറ്റങ്ങള്‍ ഉണ്ടാകും എന്നും ശാസ്ത്രലോകം കണക്ക് കൂട്ടുന്നു.

നിര്‍മ്മിതബുദ്ധി ഇപ്പോള്‍ കൃത്യമായി ഭാവിയില്‍ മനുഷ്യര്‍ ഏത് രൂപത്തിലായിരിക്കും ഉള്ളത് എന്ന് പ്രവചിച്ചിരിക്കുകയാണ്. ഭാവിയില്‍ മനുഷ്യരൂപത്തിന് വലിയ മാറ്റങ്ങളാണ് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ഭാവി തലമുറയിലെ കൂടുതല്‍ പേരും കറുത്ത നിറമുള്ളവര്‍ ആയിരിക്കും എന്ന് മാത്രമല്ല കറുപ്പിന് പ്രാധാന്യം കൂടുമെന്നും ഗവേഷകര്‍ പ്രവചിക്കുന്നു. മൗറീഷ്യസിലും ബ്രസീലിലും ഉള്ള ആളുകളുടെ നിറമായിരിക്കും ഭാവിയില്‍ ഭൂരിഭാഗം പേര്‍ക്കും ഉണ്ടായിരിക്കുക. കൂടാതെ സന്തോഷകരമായ മറ്റൊരു കാര്യം 3025 ആകുമ്പോള്‍ മനുഷ്യര്‍ ഇന്നത്തെ മനുഷ്യരേക്കാള്‍ സൗന്ദര്യമുള്ളവര്‍ ആയിരിക്കും എന്നതാണ്. പണ്ട് ആരോഗ്യമേഖലയിലെ പരിമിതികള്‍ കാരണം നിരവധി ശിശുമരണങ്ങള്‍ ഉണ്ടാകുമായിരുന്നു.

എന്നാല്‍ ഇന്ന് ശിശുമരണനിരക്കും വളരെ കുറവാണ്. എന്നാല്‍ മനുഷ്യര്‍ക്ക് നിരാശ നല്‍കുന്ന ഒരു പ്രവചനം ഭാവിയിലെ മനുഷ്യര്‍ക്ക് പൊക്കം കുറവായിരിക്കും എന്നതാണ്. കൂടാതെ ഇവര്‍ നേരത്തേ തന്നെ ലൈംഗിക പക്വത നേടുന്നവരുമായിരിക്കും. ഇപ്പോള്‍ തന്നെ പുതിയ തലമുറയില്‍ പലര്‍ക്കും പൊക്കം കുറവാണെന്ന കാര്യവും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ രൂപത്തില്‍ വളരെ വ്യത്യസ്തരാണ്.

എന്നാല്‍ ഭാവിയില്‍ ഈ വ്യത്യാസത്തിന്റെ തോത് കുറയുമെന്നും ഭൂമിയിലെ മനുഷ്യര്‍ കൂടുതല്‍ രൂപസാദൃശ്യമുള്ളവരായി മാറുമെന്നുമാണ് അവര്‍ പറയുന്നത്. കൂടാതെ മിശ്രവിവാഹങ്ങളുടെ അതായത് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തമ്മിലുള്ളവ വര്‍ദ്ധിക്കുന്നതും ഭാവിയില്‍ ഏറെ ഗുണകരമായി മാറും. ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വിഷമകരമായ കാര്യം ഭാവി തലമുറയുടെ തലച്ചോറിന് വലിപ്പം കുറവായിരിക്കും എന്നതാണ്.

പശു, നായ്, ആട്തുടങ്ങിയ മൃഗങ്ങളുടെ തലച്ചോറിന്റെ വലിപ്പത്തിലും കാലക്രമത്തില്‍ കുറവുണ്ടായ കാര്യം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായ കമ്പ്യൂട്ടര്‍ ഉപയോഗവും മനുഷ്യശരീരത്തിന് വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകും. മറ്റൊരു പ്രധാനപ്പെട്ട പ്രവചനം ഭൂമിയില്‍ ഉള്ളതിനേക്കാള്‍ ആളുകള്‍ ശൂന്യാകാശത്ത് വസിക്കും എന്നതാണ്.

ചൊവ്വ ഗ്രഹത്തില്‍ മനുഷ്യര്‍ക്ക് സൂര്യപ്രകാശത്തിന്റെ 66 ശതമാനവും ഭൂമിയില്‍ അവര്‍ക്ക് ലഭിക്കുന്ന ഗുരുത്വാകര്‍ഷണബലത്തിന്റെ 38 ശതമാനവും മാത്രമേ ലഭിക്കുകയുള്ളൂ. എന്നാല്‍ ബഹിരാകാശവുമായി പൊരുത്തപ്പെടാന്‍ തക്ക രീതിയില്‍ അവരുടെ ഉയരം കൂടുകയും കൈകള്‍ വികസിക്കുകയും ചെയ്തേക്കാം എന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്.