- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓഫര്‍ ലെറ്റര്‍ നല്‍കിയിട്ടും ജോലിക്കെടുത്തത് രണ്ടര വര്‍ഷം കഴിഞ്ഞ്; ആറാം മാസം പിരിച്ചുവിടല്‍; നഷ്ടപരിഹാരമായി നല്‍കിയത് 25,000 രൂപ മാത്രം; ഒരു രാത്രി കാമ്പസില്‍ നില്ക്കാന് പോലും അനുവദിച്ചില്ല; ഇന്‍ഫോസിസിന്റെ ക്രൂരത വിവരിച്ച് മുന്‍ ജീവനക്കാരി
ഇന്‍ഫോസിസിന്റെ ക്രൂരത വിവരിച്ച് മുന്‍ ജീവനക്കാരി
ബംഗളുരു: രണ്ടര വര്‍ഷത്തോളം കാത്തിരുന്ന് ഇന്‍ഫോസിസില്‍ ജോലിക്ക് കയറിയ എഴുന്നൂറോളം പേരെ ആറ് മാസത്തിനകം കമ്പനി ഒറ്റയടിക്ക് പിരിച്ചുവിട്ടതായി ഐടി ജീവനക്കാരുടെ സംഘടനയായ നേസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് ആരോപിച്ചു. കാമ്പസ് സെലക്ഷന്‍ വഴി ഇന്‍ഫോസിസില്‍ ജോലി കിട്ടിയ ഇവരെ രണ്ട് മുതല്‍ രണ്ട് രണ്ടര വര്‍ഷം വരെ കാത്തിരുത്തിയ ശേഷമാണ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ജോലിക്ക് എടുത്തത്. ആറ് മാസത്തിനകം തന്നെ പിരിച്ചുവിടുകയും ചെയ്തു. കമ്പനിയുടെ നടപടിയില്‍ ഐടി ജീവനക്കാര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്‍ഫോസിസിന്റെ ട്രെയിനിങ് സെന്ററില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിലാണ് പ്രതിഷേധം. മനുഷത്വരഹിതമായാണ് ഇന്‍ഫോസിസ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ഉയരുന്ന പ്രധാന വിവാദം. നിര്‍ബന്ധപൂര്‍വം ജീവനക്കാരെ കൊണ്ട് ഇന്‍ഫോസിസ് കരാറുകളില്‍ ഒപ്പിടുവിച്ചുവെന്നും ആരോപണമുണ്ട്. 25,000 രൂപ മാത്രമാണ് തങ്ങള്‍ക്ക് കമ്പനി നഷ്ടപരിഹാരമായി നല്‍കിയതെന്നും ജീവനക്കാര്‍ വെളിപ്പെടുത്തി.
ഫെബ്രുവരി ആറാം തീയതിയാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇന്‍ഫോസിസ് നല്‍കുന്നത്. ഇത് രഹസ്യമാക്കിവെക്കണമെന്നും ഇന്‍ഫോസിസ് നിര്‍ദേശിച്ചിരുന്നു. കമ്പനിയില്‍ കയറിയ ഉടന്‍ രഹസ്യ യോഗത്തിനായി സെക്യൂരിറ്റി ജീവനക്കാര്‍ ഒരു റൂമിലേക്ക് കൊണ്ടു പോയി. അവിടെവെച്ച് എച്ച്.ആര്‍ ജീവനക്കാര്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു പോവുകയാണെന്ന പറയുന്ന കരാറില്‍ ഒപ്പുവെപ്പിച്ചുവെന്ന് ജീവനക്കാര്‍ ന്യൂസ്മിനുട്ടിനോട് വെളിപ്പെടുത്തി.
ഒരു രാത്രി ഇന്‍ഫോസിസ് കാമ്പസില്‍ കഴിയാന്‍ അനുമതി ചോദിച്ചിട്ടും കമ്പനി അനുവദിച്ചില്ലെന്ന് മറ്റൊരു ജീവനക്കാരി വെളിപ്പെടുത്തി. രാത്രി പോകാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍ കമ്പനിയില്‍ കഴിയാന്‍ അനുവദിക്കുമോയെന്നാണ് ചോദിച്ചത്. എന്നാല്‍, ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും കമ്പനിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇന്‍ഫോസിസിന്റെ നിലപാട്.
പലര്‍ക്കും താങ്ങാനാവാത്ത ആഘാതമാണ് ഇന്‍ഫോസിസിലെ കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാക്കിയതെന്ന് ഐടി ജീവനക്കാരുടെ സംഘടന ആരോപിച്ചു. പുതിയതായി ജോലിക്ക് കയറിയവരെ ഒരു പരീക്ഷ എഴുതിച്ചെന്നും ഇതില്‍ പാസാകാത്തവരോട് ഉടനടി ക്യാമ്പസ് വിടാന്‍ നിര്‍ദേശിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്‍ഫോസിസിന്റെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ചു വിട്ടത്.
സിസ്റ്റം എഞ്ചിനീയേഴ്‌സ്, ഡിജിറ്റല്‍ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്‌സ് തസ്തികകളിലെ ട്രെയിനികള്‍ക്ക് നേരെയാണ് നടപടി. പരീക്ഷ പാസാവാത്തവരോട് വൈകുന്നേരം ആറ് മണിക്കകം ക്യാമ്പസ് വിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പലര്‍ക്കും പെട്ടെന്ന് ജോലി നഷ്ടമായ കാര്യം എങ്ങനെ വീട്ടുകാരെ വിളിച്ച് അറിയിക്കണമെന്നു പോലും നിശ്ചയമുണ്ടായിരുന്നില്ലെന്ന് ഐടി ജീവനക്കാരുടെ സംഘടന ആരോപിച്ചു. അധാര്‍മികമായ നടപടിയാണ് ഇന്‍ഫോസിസ് മാനേജ്‌മെന്റ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
2022ല്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓഫര്‍ ലെറ്റര്‍ അയച്ച ശേഷം നിയമനം നല്‍കാന്‍ തന്നെ രണ്ടര വര്‍ഷത്തോളം വൈകി. പിന്നീട് സെപ്റ്റംബറില്‍ ജോയിന്‍ ചെയ്യാന്‍ നിര്‍ദേശം ലഭിച്ചു. ഇന്‍ഫോസിസില്‍ ജോലി ഉറപ്പായതു കൊണ്ടുതന്നെ ഈ കാലയളവില്‍ മറ്റ് ജോലികള്‍ക്ക് ശ്രമിച്ചില്ലെന്ന് മാത്രമല്ല, കിട്ടിയ ജോലികളൊക്കെ ഇന്‍ഫോസിസില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ വരാനുള്ളതിനാല്‍ നിരസിക്കുകയും ചെയ്തു. ഒടുവില്‍ ജോലിക്ക് കയറി ആറ് മാസത്തിനകം ടെര്‍മിനേഷന്‍ നടപടികള്‍ക്ക് വിധേയരാവുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നിനെ വിശ്വസിച്ചവരോട് കമ്പനി ചെയ്തത് ഇങ്ങനെയായിരുന്നു എന്ന് സംഘടന ആരോപിച്ചു.
പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എന്ന പേരില്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ച്, ബൗണ്‍സര്‍മാരെയും സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിച്ചാണ് പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ജീവനക്കാര്‍ ആരോപിച്ചു. ബാച്ചുകളായി വിളിച്ച് ഉദ്യോഗാര്‍ത്ഥികളോട് പിരിച്ചുവിടുന്നെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു. പരീക്ഷ പാസാകാത്തതിനാല്‍ പിരിച്ച് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ ന്യായീകരണവുമായി ഇന്‍ഫോസിസ് രംഗത്തെത്തിയിരുന്നു. ട്രെയിനി ബാച്ചിലുള്ളവര്‍ക്ക് പരീക്ഷ പാസാകാന്‍ മൂന്ന് തവണ അവസരം നല്‍കിയെന്നാണ് കമ്പനിയുടെ വിശദീകരണം. ജീവനക്കാരുടെ നിലവാരം ഉറപ്പാക്കാന്‍ ഇത്തരം പരീക്ഷകള്‍ പതിവാണെന്നും കമ്പനിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
നേരത്തെ ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ ജോലി സമയം സംബന്ധിച്ച പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നായിരുന്നു നാരായണമൂര്‍ത്തിയുടെ പ്രസ്താവന.