കോട്ടയം: ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിങ് കോളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്നത് അതിക്രൂര റാഗിങ് എന്ന പരാതി കിട്ടിയതും നടപടിയെടുത്ത് പോലീസ്. മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റുചെയ്തു. റാഗിങിന് ഇരയായ കുട്ടികളുടെ മാതാപിതാക്കളുടെ ഇടപെടലാണ് നിര്‍ണ്ണായകമായി മാറിയത്. കേരളത്തിന് തന്നെ അപമാനകരമായ സംഭവങ്ങളാണ് നടന്നത്. അതുകൊണ്ട് തന്നെ സംഭവത്തില്‍ വിശദ അന്വേഷണം നടക്കും.

ഹോസ്റ്റലിലെ ക്രൂര പീഡനത്തിനിരയായ മൂന്ന് വിദ്യാര്‍ഥികളുടെ പരാതിയിന്മേലാണ് നടപടികള്‍. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മൂന്ന് മാസമായി ഇവരെ റാഗിങ് ചെയ്തിരുന്നുവെന്നും നഗ്‌നരാക്കി നിര്‍ത്തിയ ശേഷം വിദ്യാര്‍ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡമ്പല്‍ തൂക്കിയും കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി മുറിപ്പെടുത്തിയും നിലവിളിക്കുമ്പോള്‍ വായില്‍ ക്രീമും കലാമിന്‍ ലോഷന്‍ ഒഴിച്ചും അതിക്രൂരമായാണ് ഇവരെ പീഡിപ്പിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു. മോഹന്‍ലാല്‍ ചിത്രമായ അമൃതം ഗമയ പറയുന്നത് റാഗിങ് പീഡനമായിരുന്നു. ആ സിനിമയേയും വെല്ലും കാര്യങ്ങളാണ് കോട്ടയത്ത ഗാന്ധിനഗറിലെ സ്ഥാപനത്തില്‍ നടന്നത്.

ഞായറാഴ്ച ദിവസങ്ങളില്‍ കുട്ടികളില്‍നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയ ശേഷം സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായും പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. നവംബര്‍ മുതലാണ് റാഗിങ്ങിന്റെ പേരില്‍ ക്രൂരമായ പീഡനം നടന്നത്. ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.നഴ്സിങ് കോളേജ് വിദ്യാര്‍ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍(20), വയനാട് നടവയല്‍ ഞാവലത്ത് ജീവ(19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത്(20), വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍രാജ്(22), കോട്ടയം കോരൂത്തോട് നെടുങ്ങാട് വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. നിലവില്‍ അഞ്ചുപേരെയാണ് അറസ്റ്റുചെയ്തതെങ്കിലും, കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലാ അഞ്ച് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.

കോളേജ് തുറന്ന ദിവസം മുതല്‍ ഹോസ്റ്റലില്‍ റാഗിങ് അരങ്ങേറി. കോളേജില്‍ അധ്യയനം തുടങ്ങിയ നവംബര്‍ നാലുമുതല്‍ തിങ്കളാഴ്ചവരെ തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകളുണ്ടാക്കിയും കത്തിവെച്ച് ഭീഷണിപ്പെടുത്തിയുമാണ് ക്രൂരപീഡനം നടത്തിയത്. ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കിയതായും, ഈ മുറിവുകളില്‍ ലോഷന്‍ ഒഴിച്ചിരുന്നുവെന്നും പരാതിയുണ്ട്. ലോഷന്‍ വീണ് വേദനയെടുത്ത് പുളയുമ്പോള്‍ വായിലും ശരീരഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കും. നഗ്‌നരാക്കിനിര്‍ത്തി സ്വകാര്യഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കും. നഴ്സിങ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ക്രൂരമായ റാഗിങ് നടന്നത്.

പീഡനം പുറത്തറിയാതിരിക്കാന്‍, റാഗിങ്ങിന് വിധേയരാകുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി. ഈ വീഡിയോ പുറത്തായാല്‍ പഠനംതന്നെ നിലയ്ക്കുമെന്ന ഭയത്താല്‍, പീഡനത്തിനിരയായവര്‍ വിവരം പുറത്തുപറഞ്ഞില്ല. ഇരയായ വിദ്യാര്‍ഥികളില്‍ ഒരാളോട് സീനിയര്‍ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച പണം ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ കഴിയാതെവന്നതിനെത്തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഇത് സഹിക്കാനാകാതെ വിദ്യാര്‍ഥി രക്ഷിതാക്കളെ വിവരമറിയിച്ചു.

രക്ഷിതാക്കളുടെ നിര്‍ദേശപ്രകാരമാണ്, ഒന്നാംവര്‍ഷവിദ്യാര്‍ഥികള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടക്കത്തില്‍, തര്‍ക്കമെന്നുകരുതിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണത്തിലാണ് റാഗിങ് തെളിഞ്ഞത്. ഇതോടെ അറസ്റ്റിലേക്ക് കടന്നു.