- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കും കല്യാണം വേണ്ട..; കുട്ടികളെക്കാളും ഏറെ ഇഷ്ട്ടം വളർത്തുമൃഗങ്ങളോട്; അവ തിരിച്ച് മനസ് നോവിക്കില്ലെന്ന് വിശ്വാസം; ജീവിത ഭാരം വർധിക്കും; വിവാഹ ചെലവുകൾ കൂടുന്നതും മടുപ്പിച്ചു; വിവാഹത്തോട് 'നോ' പറഞ്ഞ് ചൈനയിലെ യുവജനങ്ങൾ; റെക്കോർഡ് കുറവ്; സിംഗിൾ ലൈഫ് ഈസ് ബെറ്ററെന്ന് പുത്തൻ തലമുറ!
ബെയ്‌ജിങ്ങ്: ചൈനയിലെ യുവജനങ്ങൾക്ക് കല്യാണം എന്ന ചടങ്ങിനോട് തീരെ താൽപ്പര്യമില്ലെന്ന് വിവരങ്ങൾ. പുത്തൻ തലമുറയിലെ യുവജനങ്ങൾക്ക് സിംഗിളായി ജീവിക്കാൻ കൂടുതൽ ഇഷ്ടമെന്നാണ് പറയുന്നത്. കുട്ടികളോട് ഒട്ടും താൽപര്യമില്ലെന്നും പകരം വളർത്തുമൃഗങ്ങളോട് ആണ് കുടുതലും അവർ സ്നേഹം കാണിക്കുന്നത്. ഇതോടെ വിവാഹത്തിൽ റെക്കോർഡ് കുറവാണ് ചൈനയിൽ വന്നിരിക്കുന്നത്. വിവാഹ ജീവിതം ഏറെ ചെലവേറിയതെന്നും ഒറ്റയ്ക്കുള്ള ജീവിതം ഏറെ സുഖകരമെന്നും ഇവർ പറയുന്നു.
ഇതോടെ ജനസംഖ്യ താഴോട്ട് പോവുകയാണ്. ഇതോടെ ചൈനീസ് സർക്കാർ ഏറെ ആശങ്കയിലായിരിക്കുകയാണ്. ജനസംഖ്യ കൂട്ടാൻ യുവജനങ്ങളെ സ്വാധീനിക്കാനുള്ള പുത്തൻ വഴികളുമായി അധികൃതർ രംഗത്തെത്തിയതും ഇടയ്ക്ക് വാർത്ത ആയിരിന്നു.
രാജ്യത്ത് വയോധികരുടെ എണ്ണം വർധിക്കുന്നതിന് പിന്നാലെ ജനന നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളോട് യുവതലമുറ മുഖം തിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകൾ. 2024 ൽ ചൈനയിൽ നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 20 ശതമാനം കുറവാണ് 2024ൽ രാജ്യത്തുണ്ടായത്.
2023 7.7 ദശലക്ഷം വിവാഹങ്ങൾ നടന്ന ചൈനയിൽ 2024ൽ നടന്നത് 6.1 ദശലക്ഷം വിവാഹങ്ങൾ മാത്രമാണ്. 2013ൽ നടന്ന വിവാഹങ്ങളുടെ പകുതി പോലും വിവാഹങ്ങൾ 2024ൽ നടന്നിട്ടില്ലെന്നും കണക്ക് വ്യക്തമാക്കുന്നു. 1986 മുതൽ ഏറ്റവും കുറവ് വിവാഹങ്ങളാണ് 2024ൽ നടന്നിട്ടുള്ളത്. അതേസമയം മുൻ വർഷത്തേക്കാൾ വിവാഹമോചനം നേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2024ൽ വിവാഹ മോചനത്തിനായി അപേക്ഷിച്ചിട്ടുള്ളത് 2.6 ദശലക്ഷം ദമ്പതികളാണ്. 2023നെ അപേക്ഷിച്ച് 1.1 ശതമാനം വർധനവാണ് ഇതിലുള്ളത്. ചൈനീസ് ചാന്ദ്ര കലണ്ടർ അനുസരിച്ച് 2024നെ ശുഭകരമായി കാണാത്തതും വിവാഹം കുറഞ്ഞതിന് കാരണമായി വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന പ്രതിബന്ധങ്ങൾ മൂലം വിവാഹ ചെലവ് താങ്ങാനാവാതെ വരുന്നതും വിവാഹങ്ങൾ കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ചൈന ദശാബ്ദങ്ങളോളം ഒറ്റക്കുട്ടി നയം കർശനമായി നടപ്പിലാക്കിയിരുന്നു. നിലവിൽ കൂടുതൽ കുട്ടികളുണ്ടാവാനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനീസ് സർക്കാർ.
വർഷങ്ങൾ നീണ്ട ഒറ്റക്കുട്ടി നയം മൂലം നിലവിൽ വിവാഹപ്രായമായവർ ചൈനയിൽ കുറവാണ്. ഇവരിൽ ഏറെയും വിവാഹത്തിനോ കുട്ടികളുണ്ടാവുന്നതിനോ താൽപര്യപ്പെടുന്നുമില്ല. 2023ലെ കണക്കുകൾ അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന ചൈനയിൽ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, കോളേജുകളെ കൂട്ടുപിടിച്ച് യുവജനങ്ങളെ പ്രണയത്തിലേക്കും അതിലൂടെ കുടുംബജീവിതത്തിലേക്കും എത്തിക്കാനാണ് സർക്കാർ ശ്രമം. ആദ്യഘട്ടത്തിൽ ഏഴുകോളേജുകളിലാണ് പ്രണയ അവധി നടപ്പാക്കുന്നത്. ഏഴ് ദിവസമാണ് അവധി. പ്രകൃതിയോട് പരമാവധി ഇണങ്ങി ജീവിക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്.
ഇതിലൂടെ അവരുടെ മനസ് പ്രണയത്തിലെത്തും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. അങ്ങനെ എത്തിയില്ലെങ്കിൽ അതിനുവേണ്ട പ്രോത്സാഹനവും നൽകും. ജനസംഖ്യ കുറയുന്ന പ്രശ്നം പരിഹരിക്കാൻ പുരുഷ ധനം ഇല്ലാതാക്കൽ ഉൾപ്പടെ പലവഴികളും അധികൃതർ നോക്കിയിരുന്നു. വിവാഹം കഴിക്കാത്ത മുപ്പതിനുമേൽ പ്രായമുള്ളവരുടെ എണ്ണം കൂടുന്നതിന് കാരണം പുരുഷധനമാണെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. ഈ നീക്കം കുറച്ചൊക്കെ പ്രയോജനം ഉണ്ടാക്കുകയും ചെയ്തു. ഇതിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് പ്രണയ അവധിക്ക് പ്രേരണയായത്.