കണ്ണൂര്‍: കണ്ണൂരില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരത കാണിച്ചതായി രക്ഷിതാക്കളുടെ പരാതി. ക്ളാസ് മുറിയിലാണ് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ കെട്ടിയിട്ടതായി പരാതി ഉയര്‍ന്നത്. വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളാണ് ദുരനുഭവത്തെക്കുറിച്ച് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ് : 75-ഓളം ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്നവളാണ് എന്റെ മകള്‍. ഫെബ്രുവരി നാലിന് രാവിലെ 11-ന് പി.ടി.എ. യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ സ്‌കൂളില്‍ 20 മിനിറ്റ് നേരത്തെ എത്തി. അപ്പോള്‍ എന്റെ മകളെ അനങ്ങാന്‍ പോലും കഴിയാത്ത വിധം കസേരയോട് വരിഞ്ഞു മുറുക്കി കെട്ടിയിരിക്കുകയായിരുന്നു. അവളുടെ വസ്ത്രങ്ങള്‍ മൂത്രത്തില്‍ നനഞ്ഞിരുന്നു. എന്നെ കണ്ടതും മകള്‍ കരയാന്‍ തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക പെട്ടെന്ന് വന്ന് കെട്ടഴിച്ചു. കെട്ടിയതെന്തിനെന്ന് ചോദിച്ചപ്പോള്‍ എഴുന്നേറ്റു നടക്കാതിരിക്കാന്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം ചെയ്തതാണെന്നായിരുന്നു അധ്യാപികയുടെ മറുപടി.

ബാത്റൂമില്‍ പോയി വസ്ത്രം മാറ്റിയപ്പോള്‍ വയറില്‍ ചരടു കൊണ്ട് വരിഞ്ഞു കെട്ടിയതിന്റെ നീലിച്ച പാടുകള്‍ ഉണ്ടായിരുന്നു. സംസാരിക്കാന്‍ അറിയാവുന്ന മറ്റു കുട്ടികളോട് ചോദിച്ചപ്പോള്‍ മകളെ എപ്പോഴും കെട്ടിയിടാറാണെന്ന് അറിയാന്‍ കഴിഞ്ഞു. ഈ സമയത്ത് സ്‌കൂളില്‍ 14 കുട്ടികളും മൂന്ന് അധ്യാപികമാരും ഒരു ആയയും പാചകക്കാരിയും ഉണ്ടായിരുന്നു. മുന്‍പും മകള്‍ക്ക് സ്‌കൂളില്‍ നിന്ന് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ സ്‌കൂളില്‍നിന്ന് വന്ന് വസ്ത്രം മാറ്റുമ്പോള്‍ തുടയില്‍ വടികൊണ്ട് അടിച്ചതിന്റെ തിമിര്‍ത്ത പാടുകള്‍ കണ്ടിരുന്നു.

സ്‌കൂളിലെ ജീവനക്കാരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായി മറുപടി ലഭിച്ചില്ല. മകള്‍ സംസാരിക്കില്ലെന്ന ധൈര്യം കൊണ്ടാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്. ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം കൊണ്ട് പല കുട്ടികളും സ്‌കൂളില്‍ വരാറില്ല. പരാതിപ്പെടുന്ന കുട്ടികളോട് മോശമായ വിധത്തിലാണ് സ്‌കൂളിലെ ജീവനക്കാര്‍ പെരുമാറുന്നത്. മകള്‍ക്കുണ്ടായ ക്രൂരമായ പീഡനത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ മാനസികമായി സ്‌കൂള്‍ ജീവനക്കാര്‍ പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് മറ്റു രക്ഷിതാക്കളും ഭിന്നശേഷിവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്