- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവല്‍ ഓഫീസിലും എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലും ഇനി മുതല്‍ അസോസിയേറ്റഡ് പ്രസിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല; ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് ഉപയോഗിക്കുന്നത് തുടരാനുള്ള എപിയുടെ തീരുമാനം പ്രകോപനമായി; കടുത്ത നിലപാടുമായി ട്രംപ്
ന്യുയോര്‍ക്ക്: പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിസായ അസോസിയേറ്റഡ് പ്രസിനെ വൈറ്റ്ഹൗസില്‍ നടക്കുന്ന പരിപാടികളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ ഓഫീസായ ഓവല്‍ ഓഫീസിലും അദ്ദേഹം സഞ്ചരിക്കുന്ന എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലും ഇനി മുതല്‍ അസോസിയേറ്റഡ് പ്രസിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ട്രംപ് ഭരണകൂടം ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് ഗള്‍ഫ് ഓഫ് അമേരിക്ക എന്ന മാറ്റിയ നടപടിയെ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയത്. അസോസിയേറ്റഡ് പ്രസിന്റെ വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍ ഡാര്‍ലൈന്‍ സൂപ്പര്‍വില്ലേക്കും ഫോട്ടോഗ്രഫറായ ബെന്‍ കേര്‍ട്ടിസിനും ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് നല്‍കിയിട്ടുണ്ട്. ഇന്നലെ ട്രംപ് മാര്‍ എ ലാഗോയിലേക്ക് യാത്ര തിരിച്ചപ്പോള്‍ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലും ഇവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് ഉപയോഗിക്കുന്നത് തുടരാനുള്ള അസോസിയേറ്റഡ് പ്രസിന്റെ തീരുമാനം വിഭാഗീയത ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങള്‍ പിന്തുടരാനുള്ള ശ്രമമെന്നും വൈറ്റ്ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ടെയ്‌ലര്‍ ബുഡോവിച്ച് കുറ്റപ്പെടുത്തി. വൈറ്റ്ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിക്കാത്ത നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതിലൂടെ കൂടുതല്‍ അവസരം ലഭിക്കുമെന്നും ബുഡോവിച്ച് കുറ്റപ്പെടുത്തി. എന്നാല്‍ അസോസിയേറ്റഡ് പ്രസ് ഗള്‍ഫ് ഓഫ്് മെക്സിക്കോയുടെ പേര് മാറ്റുന്ന പ്രശ്നമില്ലെന്ന നിലലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ്ഹൗസ് സന്ദര്‍ശിച്ച വേളയിലും അസോസിയേറ്റഡ് പ്രസിന് ചടങ്ങില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല.
അതേ സമയം ട്രംപിന്റെ വിലക്കിനെ നിയമപരമായി തന്നെ നേരിടാനാണ് അസോസിയേററഡ് പ്രസിന്റെ തീരുമാനം. വൈറ്റ്ഹൗസ് റിപ്പോര്‍ട്ടര്‍മാരുടെ കൂട്ടായ്മയും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. അഭിപ്രായ സ്വാതന്ത്യത്തിന്‍ മേലുള്ള കൈകടത്തലാണ് ഇതെന്നാണ് അവരുടെ നിലപാട്. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റും ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. പ്രസ് സെക്രട്ടറി എന്ന നിലയില്‍ ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ അസോസിയേറ്റഡ് പ്രസിന്റെ ലേഖകനെ ചോദ്യം ചോദിക്കാന്‍ അനുവദിച്ചിരുന്നില്ല.
1960 കള്‍ മുതല്‍ തന്നെ വൈറ്റ്ഹൗസിലെ ചടങ്ങുകളിലും പ്രസിഡന്റ് യാത്ര നടത്തുമ്പോഴും എല്ലാം അസോസിയേറ്റഡ് പ്രസിന്റെ പ്രതിനിധികളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. ട്രംപ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അസോസിയേറ്റഡ് പ്രസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജൂലി പേസ് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റിക്കൊണ്ട് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്.