യൂറോപ്പ് അതിന്റെ പരമ്പരാഗത മൂല്യങ്ങളില്‍ നിന്നും ഏറെ പുറകോട്ട് പോവുകയാണെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സ് തന്റെ സാംസ്‌കാരിക പോരാട്ടം യൂറോപ്പിലേക്ക് വ്യാപിപ്പിക്കുന്നത്. മ്യൂണിക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ അല്ല യഥാര്‍ത്ഥ ഭീഷണി എന്ന് പറഞ്ഞ അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ഒലിച്ചുപോയിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. സമൂഹമാധ്യമ അക്കൗണ്ടുകള്‍ അടച്ചു പൂട്ടാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്ന രാഷ്ട്രീയ നേതാക്കളെ കുറ്റപ്പെടുത്തിയ അദ്ദേഹം, ആ ശക്തി അനധികൃത കുടിയേറ്റം തടയാന്‍ ഉപയോഗിക്കുവാനും ആവശ്യപ്പെട്ടു.

ബ്രിട്ടനില്‍, ഒരു അബോര്‍ഷന്‍ ക്ലീനിക്കിന് അടുത്ത് പ്രാര്‍ത്ഥന നടത്തിയ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്ത കാര്യവും വാന്‍സ് കൂട്ടത്തില്‍ പരാമര്‍ശിച്ചു. നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്ന ഭൂഖണ്ഡമാണ് യൂറോപ്പ് എന്ന് പറഞ്ഞ വാന്‍സ്, ഇപ്പോള്‍ നമ്മളെല്ലാവരും അഭിമുഖീകരിക്കുന്ന പ്രതിസന്ധി നമ്മള്‍ തന്നെ ഉണ്ടാക്കിയതാണെന്നും പറഞ്ഞു. നിങ്ങള്‍, സ്വന്തം വോട്ടര്‍മാരെ ഭയന്ന് ഓടുകയാണെങ്കില്‍, അമേരിക്കയ്ക്ക് ചെയ്യാന്‍ കാര്യമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ വൈസ് പ്രസിഡണ്ടായും ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡണ്ടായും തെരഞ്ഞെടുത്ത അമേരിക്കക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ക്കാവുമോ എന്നും അദ്ദേഹം ചോദിച്ചു. യുക്രെയിനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ട്രംപ് ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ യുക്രെയിന്‍ യുദ്ധത്തിന്റെ ഭാവിയെ കുറിച്ച് വാന്‍സ് സംസാരിക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ പ്രമുഖരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു വാന്‍സിന്റെ പ്രസംഗം. യൂറോപ്യന്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഒരു തുറന്ന ആക്രമണമായിരുന്നു വാന്‍സ് നടത്തിയത്.

തെരഞ്ഞെടുപ്പ് റദ്ദാക്കിയതിന് യൂറോപ്യന്‍ യൂണിയന്‍ അധികൃതരെ കുറ്റപ്പെടുത്തിയ വാന്‍സ്, ഇതിനും തങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരാണെന്ന് അവകാശപ്പെടാന്‍ കഴിയുമോ എന്നും ചോദിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെ കുറിച്ച് വ്യക്തമായ സൂചന നല്‍കുന്ന വിധത്തില്‍, നിങ്ങളോട് എതിര്‍പ്പുകള്‍ ഉണ്ടാകാമെങ്കിലും നിങ്ങളുടെ അവകാശത്തിനായി ഞങ്ങള്‍ പോരാടും എന്നും വാന്‍സ് പറഞ്ഞു. പ്രസംഗം നടന്ന ഹാളില്‍ വന്‍ തിരക്കായിരുന്നു. കസേരകളില്‍ ഇടം കിട്ടാതെ പലരും ജനല്‍പ്പടികളിലും ഏണിപ്പടികളിലുമൊക്കെ ഇരുന്നും നിന്നുമാണ് പ്രസംഗം ശ്രവിച്ചത്. ബ്രിട്ടനില്‍ ഒരു അബോര്‍ഷന്‍ ക്ലിനിക്കിലെ സേഫ് സോണ്‍ വിട്ടു പോകാതെ പ്രാര്‍ത്ഥനയില്‍ മുഴുകിയ ആഡം സ്മിത്ത് കൊന്നോര്‍ എന്നയാളെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച വാന്‍സ്, മതവിശ്വാസം അനുവദിക്കുന്ന ബ്രിട്ടനിലെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് അതെന്നും പറഞ്ഞു. പ്രാര്‍ത്ഥനകളെ ക്രിമിനല്‍വല്‍ക്കരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലകാര്യങ്ങളിലും, വ്യാജവാര്‍ത്തയുടെയും, വ്യാജപ്രചാരണങ്ങളുടെയും പേരു പറഞ്ഞ് പാശ്ചാത്യ രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ട്രംപ് കാലാകാലങ്ങളായി പറയാറുള്ള, യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ സ്വന്തം സുരക്ഷക്കായി കൂടുതല്‍ പണം ചെലവഴിക്കണമെന്ന ആവശ്യവും ആവര്‍ത്തിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ സുരക്ഷയില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ വാന്‍സ്, റഷ്യന്‍ - യുക്രെയിന്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

എന്നാല്‍, വരും നാളുകളില്‍ യൂറോപ്പ് അവരുടെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രയധികം യുവാക്കള്‍ കൊല്ലപ്പെട്ട മറ്റൊരു യുദ്ധമുണ്ടായിട്ടില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും നേരത്തെ ട്രംപ് റഷ്യയോടും യുക്രെയിനോടും ആവശ്യപ്പെട്ടിരുന്നു.