കൊച്ചി: സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സുരേഷ് കുമാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ലെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്റെ പത്ര സമ്മേളനം താര സംഘടനയായ അമ്മയ്ക്ക് ഞെട്ടലായി. സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന ധാരണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ വിശദീകരിച്ചിരുന്നു. ലിസ്റ്റിനെ അടക്കം കൂടെ കൂട്ടി പുതിയ സംഘടനയ്ക്കാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചത്. ഇതിനിടെയാണ് ലിസ്റ്റിന്‍ നിലപാട് വിശദീകരിച്ചത്. പ്രൊഡ്യുസേഴ്‌സ് അസോസിയേഷനിലെ ഭൂരിഭാഗം പേരും താര സംഘടനയ്ക്ക് എതിരാണ്.

നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു. 'നാളെയൊരു സിനിമാ സമരം വന്നാല്‍ അതിന്റെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന, അസോസിയേഷന്റെ എത് തീരുമാനങ്ങള്‍ക്കൊപ്പവും നില്‍ക്കുന്നയാളാണ് ആന്റണി പെരുമ്പാവൂര്‍. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ല. മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വര്‍ഷമാണ്. എന്നാല്‍ 2025 ആവുമ്പോള്‍ സിനിമയിലെ ബിസിനസ് സാധ്യത കുറഞ്ഞുവരികയാണ്. ഒടിടി, സാറ്റ്‌ലൈറ്റ് എന്നിവ നമ്മളെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ല എന്ന സംശയം ഞങ്ങള്‍ക്കുണ്ട്'. ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ഇതു തന്നെയാണ് സുരേഷ് കുമാറും പങ്കുവച്ച വികാരം. അന്യഭാഷാ ചിത്രങ്ങള്‍ അവര്‍ കൂടുതലായി എടുക്കാന്‍ തയ്യാറാവുന്ന പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഒരു യോഗം വിളിച്ചുചേര്‍ത്തു. അതില്‍ ഫിയോക്, ഡിസ്ട്രിബ്യൂടേഴ്‌സ് അസോസിയേഷന്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു. പിന്നീട് പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് കത്ത് അയച്ചിരുന്നുവെന്നും ലിസ്റ്റിന്‍ പറഞ്ഞു. ഇതും ആന്റണി പെരുമ്പാവൂരിന് തിരിച്ചടിയായി. ആരും ഒന്നും അറിഞ്ഞില്ലെന്ന വാദമാണ് പൊളിഞ്ഞത്. വിഷയത്തില്‍ ആന്റോ ജോസഫ് ഇനിയും പ്രതികരിച്ചിട്ടില്ല.

ലിബര്‍ട്ടി ബഷീറും വിനയനും ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ചിരുന്നു. നടന്മാരും പിന്തുണയുമായി എത്തി. പൃഥ്വി രാജിന്റെ പോസ്റ്റും ചര്‍ച്ചയായി. എന്നാല്‍ മിതയായ പിന്തുണ ആന്റണിയ്ക്ക് വിഷയത്തില്‍ കിട്ടിയില്ലെന്ന വിലയിരുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ തന്നെ പോസ്റ്റിട്ടത്. എന്നിട്ടും വേണ്ടത്ര പിന്തുണ താര സംഘടനയ്ക്ക് കിട്ടിയില്ല. അമ്മയുടെ ഭാരവാഹിയായ ചേര്‍ത്തല ജയന്റെ പ്രസ്താവനയും അമ്മയ്ക്ക് തിരിച്ചടിയായി. സിനിമയുടെ ലാഭവും നഷ്ടവും എല്ലാവരും തമ്മില്‍ പങ്കിടണമെന്നും നഷ്ടം നിര്‍മ്മാതാക്കളുടേത് മാത്രമാകരുതെന്നുമാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്. അടുത്ത കാലത്ത് 40 കോടി മുടക്കി എടുത്ത സിനിമ റിലീസായി. തിയേറ്ററില്‍ നിന്നടക്കം 10 കോടിയാണ് തിരിച്ചു കിട്ടിയത്. ഈ സിനിമയ്ക്ക് നടന്റെ പ്രതിഫലം 10 കോടിയായിരുന്നു. ഇത്രയും വലിയ തുക നേരത്തെ വാങ്ങി പോയ നടന് കോളടിച്ചു. അതായത് നടന്മാര്‍ക്ക് മാത്രമായി സിനിമയിലെ നേട്ടം ചുരുങ്ങുന്നുവെന്നാണ് വാദം.

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളുടെ പരമാവധി ചെലവ് 25 കോടിയില്‍ നിര്‍ത്തണമെന്നതാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്. അതിന് അപ്പുറത്തേക്ക് പണം തിരിച്ചു പിടിക്കുക അസാധ്യമാണ്. അടുത്തു വരാന്‍ പോകുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഒരു നടന്‍ മാത്രം 25 കോടി പ്രതിഫലം വാങ്ങുന്നുണ്ട്. മറ്റൊരു നടന് 20 കോടിയും. വിദേശ റിലീസ് തുകയും നടന്മാര്‍ കൊണ്ടു പോകുന്നു. ഇതെല്ലാം മാറണമെന്നതാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പക്ഷം. ഓവര്‍സീസ് റൈറ്റ് നിര്‍മ്മാതാക്കളുടെ അവകാശമാണ്. അതു വച്ച് മറ്റാരും വിലപേശരുതെന്നാണ് അവരുടെ പക്ഷം. മാന്യമായ പ്രതിഫലം വാങ്ങി നടന്മാര്‍ അഭിനയിക്കണമെന്നതാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ ഏക ആവശ്യം. ഇതിനെ താരങ്ങളായ നിര്‍മ്മാതാക്കള്‍ പോലും അംഗീകരിക്കുന്നുണ്ടെന്നതാണ് വസ്തുത. അതുകൊണ്ടാണ് താര സംഘടനയ്ക്ക് വലിയ പിന്തുണ സിനിമാ മേഖലയില്‍ നിന്നും കിട്ടാത്തത്.

സിനിമാ സംഘടനയിലെ തര്‍ക്കത്തില്‍ ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രം?ഗത്തെത്തിയിട്ടുണ്ട്. സംഘടനാകാര്യങ്ങള്‍ പരസ്യമായി പറഞ്ഞത് ഭരണസമിതിയുടെ തീരുമാനമാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി ചോദ്യം ചെയ്തത് തെറ്റാണെന്നും യോഗത്തിന് വരാതെ ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കി. സംഘടനക്കെതിരായും വ്യക്തിപരമായും നടത്തുന്ന നീക്കത്തെ ഉത്തരവാദിത്തമുള്ള സംഘടന എന്ന നിലയില്‍ പ്രതിരോധിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. സിനിമ സമരമെന്നത് സംഘടനകളുടെ സംയുക്ത തീരുമാനമാണെന്ന് സുരേഷ് കുമാര്‍ ആവര്‍ത്തിക്കുയും ചെയ്യുന്നു. അതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഞങ്ങളെ ആരും ഉടുക്ക് കൊട്ടി പേടിപ്പിക്കണ്ടായെന്നാണ് പറയാനുള്ളത്. എല്ലാവരോടും സംസാരിച്ചതിന് ശേഷമാണ് മുന്നോട്ട് പോകുന്നത്. ഇനി ഈ വിഷയത്തില്‍ സര്‍ക്കാരിനോടും സംസാരിക്കും. സമരം പ്രാഖ്യാപിച്ചുവെന്ന് പറഞ്ഞുകൊണ്ട് കുറച്ച് പേര്‍ക്ക് മാത്രം ഹാലിളകേണ്ട കാര്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും സുരേഷ് കുമാര്‍ വിശദീകരിച്ചിട്ടുണ്ട്.

നടന്മാര്‍ നിര്‍മിക്കുന്ന സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന യാതൊരു വിധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ലെന്നും സുരേഷ് കുമാര്‍ പറയുന്നു. തീയേറ്റര്‍ ഉടമകളാണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. തീയേറ്റര്‍ ഉടമ വിജയകുമാറാണ് അക്കാര്യങ്ങള്‍ സംസാരിച്ചത്. സംയുക്തമായി എടുത്ത തീരുമാനങ്ങളാണ് വാര്‍ത്ത സമ്മേളനത്തില്‍ ഓരോ ആള്‍ക്കാരായി പറഞ്ഞത് അതില്‍ എന്നെ മാത്രം കരുവാക്കരുത്. സിനിമ ഇന്‍ഡസ്ട്രി എന്റെ കൈയില്‍ നിക്കണമെന്ന് പറഞ്ഞ് ചരട് പിരിക്കാനുള്ള അമാനുഷിക ശക്തിയൊന്നും എനിക്കില്ല. എനിക്ക് ആരേയും പേടിയില്ല, ഇവിടുത്തെ ഒരു താരത്തിനേയും പേടിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ മുഖം നോക്കാതെ സംസാരിക്കും. പേടിയുള്ളവരുണ്ട്. അവരൊക്കെ മിണ്ടാതിരിക്കുകയുമാണ്. എല്ലാവരും കൂടി തീരുമാനിച്ചെടുത്ത കാര്യമാണ് പറഞ്ഞത്. പക്ഷേ ആന്റണി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാനല്ല തീരുമാനമെടുത്തത്-സുരേഷ് കുമാര്‍ വിശദീകരിച്ചു.

നടന്മാര്‍ നിര്‍മിക്കുന്ന സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലായെന്നത് സംബന്ധിച്ച് സംഘടന ഒന്നടങ്കം ആലോചിച്ച് എടുത്ത തീരുമാനമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇതിന് മുമ്പുള്ള ജനറല്‍ ബോഡിയില്‍ ഇത്തരത്തില്‍ നിര്‍മിക്കുന്ന സിനിമ കുറച്ച് നാള്‍ നിര്‍ത്തിവെക്കണമെന്ന് തീരുമാനിച്ചു. അതിന് ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ആലോചന നടത്തി തീരുമാനിച്ച ശേഷമാണ് ബാക്കിയുള്ള സംഘടനകളുമായി സംസാരിച്ചത്. അതിന് ശേഷമാണ് മറ്റ് സംഘടനകളുമായി ചേര്‍ന്ന് മീറ്റിംഗ് വിളിച്ചത്. സിനിമ പ്രദര്‍ശിപ്പിക്കുന്നത് ഞങ്ങളല്ല. സിനിമ പ്രദര്‍ശിപ്പിക്കുന്ന ആള്‍ക്കാരാണ് അത്തരമൊരു തീരുമാനം പറഞ്ഞത്. നടന്മാര്‍ വാങ്ങുന്ന അമിത പ്രതിഫലം നിര്‍ത്തലാക്കുന്നതിന് ഒരു നടപടി വേണമെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നതാണ്. ഞാന്‍ ഒറ്റക്ക് എടുത്ത തീരുമാനമെന്ന് പറയുന്നത് തെറ്റാണ്. സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ് വാര്‍ത്ത സമ്മേളനം വിളിക്കുന്നത്-സുരേഷ് കുമാര്‍ പറയുന്നു.