വത്തിക്കാന്‍: കഴിഞ്ഞ ഒരാഴ്ചയിലധികമായി ശ്വസനനാളത്തിലെ അണുബാധക്ക് ചികിത്സയിലായിരുന്ന പോപ്പ് ഫ്രാന്‍സിസിന് ന്യൂമോണിയ കൂടി സ്ഥിരീകരിച്ച് വത്തിക്കാന്‍ വൃത്തങ്ങള്‍. റോമിലെ ജെമെലി ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശ്വസനനാളിയിലെ അണുബാധയില്‍ ആസ്ത്മാറ്റിക് ബ്രോങ്കൈറ്റിസ് കൂടി ഉള്‍പ്പെടുന്നതായും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

മാര്‍പ്പാപ്പയെ ലബോറട്ടറി പരിശോധനകള്‍ക്കും ചെസ്റ്റ് എക്സ് റേയ്ക്കും വിധേയനാക്കിയെന്നും, ആരോഗ്യ നില ആശങ്കകരമായി തുടരുകയാണെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, അദ്ദേഹം തീര്‍ത്തും ശാന്തനാണെന്നും, ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെ ശക്തിയാണതിന് കാരണമെന്നും വത്തിക്കാന്‍ അറിയിച്ചു. പോപ്പ് ആശുപത്രിയില്‍ ആയതിനാല്‍ ഈ വാരാന്ത്യത്തില്‍ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്യുകയില്ല എന്നും വത്തിക്കാനില്‍ നിന്നും അറിയിച്ചിട്ടുണ്ട്.

നേരത്തെ ബ്രോങ്കൈറ്റിസ് ബാധിച്ച് കഴിഞ്ഞയാഴ്ച ആശൂപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് പനി ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, ആരോഗ്യ നില ഏറെക്കുറെ തൃപ്തികരവുമായിരുന്നു. എന്നാല്‍, 2023 ല്‍ ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ ഇത്തവണ അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടി വന്നിരിക്കുകയാണ്. നേരത്തെ, 21 വയസ്സുള്ളപ്പോള്‍ പള്‍മണറി ഇന്‍ഫെക്ഷന്‍ മൂലം അദ്ദേഹത്തിന്റെ ശ്വാസകോശങ്ങളിലൊന്നിന്റെ ചില ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ശൈത്യകാലത്ത് ബ്രോങ്കൈറ്റിസിനുള്ള സാധ്യത കൂടുതലുമാണ്.

2023 ല്‍ ന്യൂമോണിയ ബാധിച്ചപ്പോള്‍ മൂന്ന് ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം ആശുപത്രിയില്‍ ചെലവിട്ടത്. മാത്രമല്ല, ആശുപത്രിയില്‍ നിന്നും ആരോഗ്യവാനായി പുറത്ത് വന്നതിന് ശേഷമായിരുന്നു ഇക്കാര്യം പുറത്ത് വിട്ടതും. പോളിമൈക്രോബിയല്‍ ബ്രോങ്കൈറ്റിസ് ഉള്ളതിനാല്‍ ന്യൂമോണിയ ബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോഴത്തെ ചികിത്സ ഫലം കണ്ടു തുടങ്ങാന്‍ നാലോ അഞ്ചോ ദിവസം എടുക്കുമെന്നും അവര്‍ പറയുന്നു.

അതേസമയം, പോപ്പ് ഫ്രാന്‍സിസ് തികച്ചും ശാന്തനായാണ് ആശുപത്രിയില്‍ കഴിയുന്നതെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. പ്രാതല്‍ കഴിക്കുകയും, വര്‍ത്തമാനപ്പത്രങ്ങള്‍ വായിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. വത്തിക്കാന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയില്‍ നടക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു. എന്നാല്‍, പോപ്പ് വ്യക്തിപരമായി പങ്കെടുക്കേണ്ട ചില പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്.