- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശ്വാസകോശ അണുബാധ കുറഞ്ഞെന്നും പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചെന്നാണ് വത്തിക്കാന്‍ വക്താവ്; മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാന്‍ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുവെന്നും വിശദീകരണം; പോപ്പ് സുഖംപ്രാപിക്കുന്നു
റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ (88) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വത്തിക്കാന്‍ വക്താവാണ് ആശ്വാസമുള്ള പുതിയ വിവരം അറിയിച്ചിരിക്കുന്നത്. ശ്വാസകോശ അണുബാധ കുറഞ്ഞെന്നും പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചെന്നാണ് വത്തിക്കാന്‍ വക്താവ് അറിയിച്ചത്. മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാന്‍ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതിനിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അദ്ദേഹത്തെ സന്ദര്‍ശിച്ചു. പോപ്പ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ജോര്‍ജിയ മെലോണി അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയില്‍ മാറ്റം ആവശ്യമാണെന്നും വത്തിക്കാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. അതേസമയം, രോഗാവസ്ഥയിലുള്ള ആശങ്ക മാര്‍പാപ്പ അടുപ്പക്കാരോട് പങ്കുവച്ചെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ 88-കാരനായ അദ്ദേഹത്തെ ഫെബ്രുവരി 14-നാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സി.ടി സ്‌കാന്‍ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോര്‍ട്ടിസോണ്‍ തെറാപ്പി ചികിത്സ പുരോഗമിക്കുകയാണ്. തനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ മാര്‍പാപ്പ അഭ്യര്‍ഥിച്ചിരുന്നു. ആശുപത്രിക്ക് മുന്‍പില്‍ ആയിരങ്ങള്‍ അദ്ദേഹത്തിനായി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയാണ്. ഞായറാഴ്ച വരെ മാര്‍പാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായം ആവശ്യമില്ലെന്നും നിലവില്‍ അദ്ദേഹം സ്വാഭാവിക രീതിയിലാണ് ശ്വാസിക്കുന്നതെന്നും വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. 20 വയസ്സുപ്പോള്‍, അണുബാധയെ തുടര്‍ന്ന് മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തിരുന്നു. 2021-ല്‍ അദ്ദേഹത്തിന് വന്‍കുടല്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു.