വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി. മാര്‍പാപ്പയ്ക്ക് ഇപ്പോള്‍ പനിയില്ലെന്നും രക്തസമ്മര്‍ദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും മാര്‍പാപ്പയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ അദ്ദേഹം പരിശുദ്ധ കുര്‍ബാന സ്വീകരിച്ചെന്നും പിന്നീട് തന്റെ കര്‍ത്തവ്യങ്ങളില്‍ മുഴുകിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ ഒരു ഘട്ടത്തില്‍ ആശങ്കയമായി മാറിയിരുന്നു.

ശ്വാസസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്ന് ഫെബ്രുവരി 14നാണ് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. പോപ്പ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ജോര്‍ജിയ മെലോണി അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയില്‍ മാറ്റം ആവശ്യമാണെന്നും വത്തിക്കാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. അതേസമയം, രോഗാവസ്ഥയിലുള്ള ആശങ്ക മാര്‍പാപ്പ അടുപ്പക്കാരോട് പങ്കുവച്ചെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സി.ടി സ്‌കാന്‍ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോര്‍ട്ടിസോണ്‍ തെറാപ്പി ചികിത്സ പുരോഗമിക്കുകയാണ്. തനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ മാര്‍പാപ്പ അഭ്യര്‍ഥിച്ചിരുന്നു.

ആശുപത്രിക്ക് മുന്‍പില്‍ ആയിരങ്ങള്‍ അദ്ദേഹത്തിനായി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയാണ്. 20 വയസ്സുപ്പോള്‍, അണുബാധയെ തുടര്‍ന്ന് മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തിരുന്നു. 2021-ല്‍ അദ്ദേഹത്തിന് വന്‍കുടല്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു.