- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിട്ട് കോടതിയിലെത്തി കീഴടങ്ങല്‍; പി സി ജോര്‍ജിന്റെ നാടകീയ നീക്കം കണ്ട് ഞെട്ടിയ പൊലീസിന് കസ്റ്റഡി അപേക്ഷയും 'പിഴച്ചു'; കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കണം; പി.സി.ജോര്‍ജ് ആറുമണി വരെ കസ്റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷയില്‍ തീരുമാനം വൈകിട്ട്
പി.സി.ജോര്‍ജ് ആറുമണി വരെ കസ്റ്റഡിയില്‍
കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പിസി ജോര്‍ജ്ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജ് കേസില്‍ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാല്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കോടതി തീരുമാനത്തിന് പിന്നാലെ ഇവിടെ നിന്ന് പിസി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇന്ന് വൈകിട്ട് ആറ് മണിക്ക് വീണ്ടും ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷം ജാമ്യത്തില്‍ കോടതി തീരുമാനമെടുക്കും.
പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അപാകതയുണ്ടെന്ന് കോടതി പറഞ്ഞു. അപാകത പരിഹരിച്ച് കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതിനുശേഷമാകും പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ ഉത്തരവ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് പി.സി.ജോര്‍ജ് പാലാ ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്.
അതിനാടകീയമായിട്ടായിരുന്നു പി.സി.ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് കോടതിയിലെത്തുകയായിരുന്നു. താന്‍ കീഴടങ്ങാനാണ് വന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. രാവിലെ പി.സി.ജോര്‍ജിനെ അറസ്റ്റു ചെയ്യാനായി വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും ഈ സമയം അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല.
പി.സി ജോര്‍ജിനെതിരെ കേസ് ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിച്ചപ്പോള്‍, ഇദ്ദേഹത്തിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പിസി ജോര്‍ജ് കോടതിയില്‍ എത്തിയത്. രാവിലെ മുതല്‍ പിസി ജോര്‍ജിന്റെ വീട്ടില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് പിസി ജോര്‍ജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം പിസി ജോര്‍ജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്.
ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി.സി. ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.
മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.
മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പി.സി. ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി. സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്