ടിക്കറ്റ് നിരക്ക് കുറവുള്ള ഒരു വിമാനത്തില്‍ ഏഴ് മണിക്കൂര്‍ യാത്ര ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇതൊരു സാങ്കല്‍പിക ചോദ്യമല്ല, അധികം വൈകാതെ തന്നെ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണിത്. ലണ്ടനില്‍ നിന്നും ദുബായിലേക്ക് അള്‍ട്ര- ലോ കോസ്റ്റ് വിമാനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് വിസ് എയര്‍. ദീര്‍ഘദൂര യാത്രയ്ക്ക് ഉതകുന്ന വിമാനങ്ങള്‍ ഉപയോഗിച്ചായിരിക്കും സര്‍വ്വീസ് ആരംഭിക്കുക. യൂറോപ്പിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വിസ് എയര്‍, ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്നും സൗദി അറേബ്യയിലെ മദീനയിലേക്കുള്ള സര്‍വ്വീസ് ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മാര്‍ച്ച് അവസാനത്തോടെ ലണ്ടനില്‍ നിന്നും ജിദ്ദയിലേക്കുള്ള സര്‍വ്വീസും ആരംഭിക്കും. വിയന്ന, ബുഡാപെസ്റ്റ്, മിലാന്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ചെങ്കടല്‍ തീരത്തുള്ള തുറമുഖ നഗരത്തിലേക്ക് ഇപ്പോള്‍ തന്നെ ഇവര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ലണ്ടനില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നതോടെ, 3000 മൈല്‍ ദൂരം വരുന്ന ഈ സര്‍വ്വീസ് ആയിരിക്കും ബ്രിട്ടനില്‍ നിന്നുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ലോകോസ്റ്റ് സര്‍വ്വീസ്. ബെല്‍ഫാസ്റ്റില്‍ നിന്നും ഈജിപ്തിലേ ഹര്‍ഘാഡയിലേക്കുള്ള 2400 മൈല്‍ ദൈര്‍ഘ്യമുള്ള ഈസിജെറ്റ് സര്‍വ്വീസ് ആണ് ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ലോ കോസ്റ്റ് സര്‍വ്വീസ്.

ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന പുതിയ എയര്‍ബസ് എ 321 എക്‌സ് എല്‍ ആര്‍ വിമാനങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഈ വിമാനം ഉപയോഗിച്ചാണെങ്കില്‍ ബ്രിട്ടനില്‍ നിന്നും ദുബായ്, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് പോലും സര്‍വ്വീസുകള്‍ നടത്താനാകും. അബുദാബി, ദുബായ്, മസ്‌കറ്റ്, ബഹറിന്‍ തുടങ്ങിയ നഗരങ്ങളിലേക്കും അധികം വൈകാതെ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് വിസ് എയറിന്റെ യു കെ മാനേജിംഗ് ഡയറക്ടര്‍ മാരിയോണ്‍ ഗെഫ്രി പറഞ്ഞു.

നിലവില്‍ ഗള്‍ഫ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശ്യം എന്ന് വ്യക്തമാക്കിയ അവര്‍, ആ മേഖല ഏറെ ആകര്‍ഷണീയമാണെന്നും പറഞ്ഞു. നിലവില്‍ യു എ ഇയില്‍ നിന്നും ലണ്ടനിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന്റെ ശരാശരി നിരക്ക് 500 പൗണ്ട്(ഏതാണ്ട് 50000രൂപയ്ക്ക് മുകളില്‍) ആണ്. എമിരേറ്റ്‌സ്, എത്തിഹാദ്, ബ്രിട്ടീഷ് എയര്‍വേയ്‌സ് തുടങ്ങിയ വിമാനങ്ങളിലെ നിരക്കാണിത്. 47 എക്‌സ് എല്‍ ആര്‍ വിമാനങ്ങളാണ് വിസ് എയര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. അതില്‍ ആറെണ്ണം ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകും. അതോടെ യു കെയില്‍ നിന്നും കൂടുതല്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിച്ചേക്കും.

റിയാദ് പോലുള്ള, സൗദിയിലെ കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുവാനാണ് ഇപ്പോള്‍ വിസ് എയര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോള്‍ ബ്രിട്ടനും സൗദിയുമായുള്ള കണക്റ്റിവിറ്റി കുറവാണ് എന്നതാണ് പ്രധാന കാര്യം. ഏകദേശം 35 മില്യന്‍ ആളുകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യാന്‍ താത്പര്യപ്പെടുന്നവരായി ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അബുദാബിയില്‍ ഇപ്പോള്‍ തന്നെ വിസ് എയറിന് സാന്നിദ്ധ്യമുണ്ട്. ബുഡാപെസ്റ്റ്, വിയന്ന തുടങ്ങി ചില യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നും വിസ് എയര്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുമുണ്ട്. ഈ സര്‍വ്വീസ് ലണ്ടനില്‍ നിന്നും കേരളത്തിലേക്ക് തുടങ്ങുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെ എങ്കില്‍ 20000 രൂപയ്ക്ക് പോലും ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്ര സാധ്യമാകും.