ബാങ്കോക്ക്: ഇപ്പോൾ വേനൽ കാലമാണ്. ഒന്ന് പുറത്തിറങ്ങുമ്പോൾ തന്നെ ക്ഷീണിച്ചുപോകും അത്രയ്ക്കും ചൂടാണ്. ഒരു മനുഷ്യ ശരീരത്തിന് താങ്ങുന്നതിനപ്പുറമാണ് ചൂട്. പക്ഷെ ഈ സമയത്ത് ജ്യൂസുകളും ഐസ്‌ക്രീമുകളുമെല്ലാം വിൽക്കുന്നവർക്ക് ചാകരയാണ്. ഇക്കൂട്ടത്തിലെ ജനപ്രിയമായ മറ്റൊരു വിഭവമാണ് 'കോൽ ഐസ്' അഥവാ 'പോപ്‌സിക്കിള്‍'. ഈ പൊരി വെയിലിൽ ഇവൻ ഒരെണ്ണം അകത്ത് പോയാൽ തന്നെ നല്ല ആശ്വാസമാണ്. പക്ഷെ അത് കഴിക്കുമ്പോൾ ഒന്ന് സൂക്ഷിക്കണം എന്ന ഉപദേശം നൽകുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ദൃശ്യങ്ങൾ തായ്‌ലൻഡിൽ നിന്നുള്ളതെന്ന് വ്യക്തമാണ്.

റെയ്ബാന്‍ നക്‌ലെംഗ്ബൂന്‍ എന്ന യുവാവിനാണ് പോപ്‌സിക്കിള്‍ വാങ്ങിയതാണ് പണിയായിരിക്കുന്നത്. വാനിലയോ സ്‌ട്രോബെറിയോ ബട്ടര്‍സ്‌കോച്ചോ പ്രതീക്ഷിച്ച് തന്റെ പോപ്‌സിക്കിള്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച റെയ്ബാനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഐസിനുള്ളില്‍ തണുത്തുറഞ്ഞിരിക്കുന്നത് ഒരു പാമ്പായിരുന്നു. തായ്‌ലാന്‍ഡിലെ പാക് തോ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

ആദ്യം പാമ്പിനെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും റെയ്ബാന്‍ ഉടന്‍ അതിന്റെ ചിത്രങ്ങളെടുത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. 'എന്ത് വലിയ കണ്ണുകള്‍! ഇത് ചത്തോ അതോ ജീവനുണ്ടോ? ഇത് യഥാര്‍ഥ ചിത്രമാണ്. കാരണം തെരുവുകച്ചവടക്കാരനില്‍ നിന്ന് ഞാന്‍ വാങ്ങിയ ബ്ലാക്ക് ബീന്‍ ഫ്‌ളേവര്‍ കോൽ ഐസാണ് ഇത്.' -റെയ്ബാന്‍ ചിത്രങ്ങള്‍ക്കൊപ്പം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തായ്‌ലാന്‍ഡിലെ ഏറ്റവും ജനകീയമായ ഐസ്‌ക്രീം ഫ്‌ളേവറുകളിൽ ഒന്നാണ് ബ്ലാക്ക് ബീന്‍.

റെയ്ബാന്റെ പോസ്റ്റ് കുറഞ്ഞ സമയത്തിനകം വൈറലായി. ഐസ്‌ക്രീമിനുള്ളില്‍ കണ്ട പാമ്പ് ഗോള്‍ഡന്‍ ട്രീ സ്‌നേക് (നാഗത്താന്‍ പാമ്പ്) ആണെന്നാണ് പലരും കമന്റ് ചെയ്തത്. തീവ്രത കുറഞ്ഞ വിഷമുള്ള ഈ പാമ്പ് തായ്‌ലാന്‍ഡില്‍ ധാരാളമായി കാണപ്പെടുന്നതാണ്. പൂര്‍ണവളര്‍ച്ചയെത്തിയ ഗോള്‍ഡന്‍ ട്രീ സ്‌നേക്കിന് 70 മുതല്‍ 130 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. എന്നാല്‍ ചിത്രത്തിലുള്ള പാമ്പിന് 20 മുതല്‍ 40 വരെ സെന്റിമീറ്റര്‍ നീളമേ ഉള്ളൂവെന്നും അതിനാല്‍ ഇതൊരു കുട്ടിപ്പാമ്പാകമെന്നും കമന്റുകള്‍ വ്യക്തം.

വേറേയും രസകരമായ കമന്റുകള്‍ പോസ്റ്റിന് താഴെയുണ്ട്. ഇത് കോൽ ഐസിന്റെ പ്രധാന ചേരുവയാകും എന്നാണ് ഒരാള്‍ കുറിച്ചത്. പാമ്പുള്ള ഐസ്‌ക്രീം വരെ ഇറങ്ങിത്തുടങ്ങി എന്ന് മറ്റൊരാള്‍. ഇനി മുതല്‍ കോൽ ഐസിന് ഓര്‍ഡര്‍ ചെയ്യും മുമ്പ് നിങ്ങള്‍ക്ക് അവസാനമായി പറയാനുള്ള വാക്കുകള്‍ പറയൂ, പ്രോട്ടീന്‍ അധികമായി ചേര്‍ത്ത ഐസ്‌ക്രീമാണിത് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. സമൂഹ മാധ്യമങ്ങളിൽ വലിയ കാഴ്ചക്കാരാണ് ഈ വീഡിയോയ്ക്ക് ഉള്ളത്.