വീട്ടിൽ കുഞ്ഞുപിള്ളേർ ഉള്ളപ്പോൾ അവരുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം. കാരണം അവർ എന്തൊക്കെ ചെയ്യുന്നു എന്ന് നമുക്ക് മുൻകൂട്ടി അറിയാൻ കൂടി സാധിക്കില്ല. പെട്ടെന്ന് എന്തെങ്കിലും കുസൃതി വേലകൾ ഒപ്പിച്ചിവെയ്ക്കും പ്രത്യകിച്ച് ഫോൺ എടുത്ത് ഉപയോഗിക്കുന്നതാണ് വലിയ കുഴപ്പമായി മാറുന്നത്. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അമ്മ, തനിക്ക് തരാതെ തന്‍റെ ഐസ്ക്രീം എടുത്ത് കഴിച്ചതിന് നാല് വയസ്സുകാരൻ പോലീസിനെ വിളിച്ചു. യുഎസിലെ വിസ്കോൺസിനിലാണ് സംഭവം. താൻ കഴിക്കാൻ കരുതി വെച്ചിരുന്ന ഐസ്ക്രീം അമ്മ കഴിച്ചു എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് നാല് വയസ്സുകാരൻ പോലീസിനെ വിളിച്ചതെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. എമർജൻസി നമ്പറായ 911 -ൽ വിളിച്ചാണ് ബാലൻ പോലീസിനോട് അമ്മ തന്‍റെ ഐസ്ക്രീം മോഷ്ടിച്ച് കഴിച്ചുവെന്ന് പരാതി പറഞ്ഞത്. തന്‍റെ അനുവാദമില്ലാതെയാണ് അമ്മ ഐസ്ക്രീം കഴിച്ചതെന്നും അതിനാൽ അമ്മയെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു നിഷ്കളങ്കനായ ബാലന്‍റെ ആവശ്യം.

പോലീസുമായി നാലുവയസ്സുകാരൻ നടത്തിയ സംഭാഷണത്തിന്‍റെ ഓഡിയോ സഹിതം പുറത്തുവിട്ടിട്ടുണ്ട്.

കുട്ടിയും പോലീസും തമ്മിലുള്ള സംഭാഷണം...

പോലീസ്: "ഹലോ, ഇത് റേസിൻ കൗണ്ടി 911 ആണ്. നിങ്ങളുടെ വിലാസം ഏതാണ്?"

കുട്ടി: "എന്‍റെ മമ്മി മോശമാണ്."

പോലീസ്: "ശരി, എന്താണ് സംഭവിച്ചത്?"

കുട്ടി: "വന്ന് എന്‍റെ മമ്മിയെ കൂട്ടിക്കൊണ്ടുപോകൂ."

പോലീസ്: "ശരി, എന്താണ് സംഭവിച്ചത് എന്ന് പറയൂ?"

കുട്ടി: "വന്ന് എന്‍റെ മമ്മിയെ കൂട്ടിക്കൊണ്ടുപോകൂ."

പോലീസ്: "അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് പറയാമോ?"

സ്ത്രീ: "എന്‍റെ മകനാണ്. നാലു വയസ്സായി. അവൻ ഫോണെടുത്ത് വിളിച്ചതാണ്"

പോലീസ്: "ശരി."

സ്ത്രീ: "ഞങ്ങൾ അവനെ പിടിച്ചുനിർത്താൻ ശ്രമിക്കുകയായിരുന്നു അവൻ 911 ലേക്ക് വിളിക്കുമെന്ന്പറഞ്ഞു"

കുട്ടി: "ഇല്ല - ഞാൻ പോലീസിനെയാണ് വിളിച്ചത്, ഞാൻ അവരോട് വന്ന് മമ്മിയെ കൂട്ടിക്കൊണ്ടുപോയി ജയിലിൽ അടയ്ക്കാൻ പറഞ്ഞു"

സ്ത്രീ : ഞാൻ അവന്‍റെ ഐസ്ക്രീം എടുത്തു കഴിച്ചു. ചിലപ്പോൾ അതായിരിക്കാം അവൻ വിളിച്ചത്.

ഇങ്ങനെയാണ് പോലീസുമായി കുട്ടിയും അമ്മയും നടത്തിയ സംഭാഷണത്തിന്‍റെ ഓഡിയോ റെക്കോർഡ്. കുട്ടി പോലീസുമായി സംസാരിക്കുന്നതിനിടയിൽ അമ്മ ഇടയ്ക്ക് വന്ന് ഫോൺ വാങ്ങുകയും പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുകയുമായിരുന്നു. ഒടുവിൽ കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് നേരിട്ട് വീട്ടിലെത്തി.

ഐസ്ക്രീം തിന്നതിന് അമ്മയെ അറസ്റ്റ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്‍റെ അമ്മയെ കൊണ്ടുപോകേണ്ട എന്നായിരുന്നു കുട്ടിയുടെ മറുപടി. ഒടുവിൽ, കുട്ടിയെ ആശ്വസിപ്പിച്ചു മടങ്ങിയ പോലീസ് തൊട്ടടുത്ത ദിവസം സമ്മാനമായി അവന് ഒരു ഐസ്ക്രീമും വാങ്ങി നൽകിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.