ബെംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്തു കേസില്‍ വിപുലമായ അന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒരുമിച്ച് ഇറങ്ങുന്നു. ആദ്യഘട്ടത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജെന്‍സ് (ഡി.ആര്‍.ഐ) ആണ് രന്യയയുടെ കേസ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (സി.ബി.ഐ) എന്നീ ഏജന്‍സികളും അന്വേഷണം തുടങ്ങിയതായാണ് വിവരം.

സ്വര്‍ണക്കടത്തിന്റെ മറവില്‍ നടക്കുന്ന ഹവാല ഇടപാടുകളില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിനായാണ് ഇ.ഡി. ഈ കേസില്‍ ഇടപെടുന്നതെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, സ്വര്‍ണക്കടത്ത് നെറ്റ്വര്‍ക്കിനെ കുറിച്ചും ഇവരുടെ ഇടപാടുകളെയും സംബന്ധിച്ച അന്വേഷണമാണ് സി.ബി.ഐയുടെ മേല്‍നോട്ടത്തില്‍ നടക്കുക. റവന്യു ഇന്റലിജെന്‍സ്, ഇ.ഡി. എന്നീ അന്വേഷണ ഏജന്‍സികളുടെയും പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

രന്യ പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ വ്യാഴാഴ്ചയാണ് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ ഉടനീളം എട്ട് സ്ഥലങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തിയത്. ഇതിനൊപ്പം, രന്യയുടെ ഭര്‍ത്താവ് ജിതിന്‍ വിജയകുമാറിന്റെ ഉടമസ്ഥതയില്‍ ബെംഗളൂരു നഗരത്തിലുള്ള ഒമ്പത് ഫ്ളാറ്റുകളിലും കെട്ടിടങ്ങളിലും റവന്യു ഇന്റലിജെന്‍സും പരിശോധന നടത്തിയിരുന്നു.

രന്യ റാവു ഒരു സ്വര്‍ണക്കടത്ത് സംഘത്തിന്റെ സുപ്രധാന കണ്ണിയാണെന്നും ദുബായിയില്‍ നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം ബെംഗളൂരുവില്‍ എത്തിക്കുന്നതിന് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ കമ്മീഷനായി വാങ്ങുന്നുണ്ടെന്നുമാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഇന്റര്‍നെറ്റ് കോള്‍ വഴി ദുബായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ഗേറ്റ് എ-യില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാനുള്ള അറിയിപ്പ് ലഭിച്ചു. ഇതേതുടര്‍ന്ന് വൈറ്റ് ഗൗണ്‍ ധരിച്ച ഒരാള്‍ തനിക്ക് സ്വര്‍ണം നല്‍കുകയായിരുന്നുവെന്നാണ് രന്യ നല്‍കിയ മൊഴി.

അതേ സമയം സ്വര്‍ണക്കടത്ത് നെറ്റ്വര്‍ക്കിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒരുമിച്ച് വലവിരിച്ചതോടെ സിഐഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്) അന്വേഷണ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചതും ശ്രദ്ധേയമാണ്. തിങ്കളാഴ്ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടു ദിവസങ്ങള്‍ക്കുശേഷം പിന്‍വലിക്കുകയായിരുന്നു. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവ്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

രന്യയുടെ രണ്ടാനച്ഛന്‍ രാമചന്ദ്ര റാവു കര്‍ണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറാണ്. ഡിജിപി റാങ്കിലുള്ള ഇദ്ദേഹത്തിന്റെ പങ്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അതുകൊണ്ടാണ് ഉത്തരവ് പിന്‍വലിച്ചതെന്നുമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്.

സ്വര്‍ണക്കടത്തില്‍ പ്രോട്ടോക്കോള്‍ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും റാവുവിന് പങ്കുണ്ടോ എന്നും ഗുപ്ത അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, രന്യയുടെ സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നായിരുന്നു രാമചന്ദ്ര റാവുവിന്റെ പ്രതികരണം.

കഴിഞ്ഞ ആഴ്ചയാണ് 12.56 കോടി രൂപ വില മതിക്കുന്ന 14.2 കിലോഗ്രാം സ്വര്‍ണവുമായി കന്നഡ നടിയും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വളര്‍ത്തുമകളുമായ രന്യ റാവുവിനെ റവന്യു ഇന്റലിജെന്‍സ് ബെംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുന്നത്. വസ്ത്രത്തിനുള്ളിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇതിനുപിന്നാലെ രന്യയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തിരുന്നു.