കൊച്ചി: കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ വിപ്ലവഗാനം ആലപിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എങ്ങനെയാണ് ഇത്തരം പരിപാടികളൊക്കെ ക്ഷേത്രപരിസരത്ത് അനുവദിക്കുന്നതെന്ന് കോടതി ആരാഞ്ഞു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടിയ രസീത് ഉപയോഗിച്ചു മാത്രമേ ക്ഷേത്ര ഉപദേശക സമിതി ഭക്തരില്‍ നിന്ന് പിരിവു നടത്താവൂ എന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ഈ മാസം 10ന് ഗായകന്‍ അലോഷി അവതരിപ്പിച്ച ഗാനമേളയില്‍ പാടിയ പാട്ടുകള്‍ക്ക് എതിരെയാണ് പരാതി ഉയര്‍ന്നത്.

ക്ഷേത്രങ്ങള്‍ വിപ്ലവഗാനങ്ങള്‍ പാടാനുള്ള ഇടമല്ലെന്ന് നിരീക്ഷിച്ച കോടതി ഒരു ക്ഷേത്രത്തില്‍ ഇത്തരം പരിപാടി നടത്താന്‍ പാടില്ലെന്നും വ്യക്തമാക്കി. മാര്‍ച്ച് 10-നാണ് കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഗായകന്‍ അലോഷിയുടെ വിപ്ലവഗാനാലാപനം അരങ്ങേറിയത്. ഇത് എങ്ങനെ നടന്നുവെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ഇത് ക്ഷേത്ര ഉത്സവമാണ്. അല്ലാതെ കോളേജ് ആന്വല്‍ ഡേയോ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയോ അല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് ക്ഷേത്ര ചടങ്ങുകളും അതോടൊപ്പം ക്ഷേത്രത്തില്‍ നടത്താന്‍ കഴിയുന്ന മറ്റു പരിപാടികളും മാത്രമേ ക്ഷേത്രത്തില്‍ നടക്കാന്‍ പാടുള്ളൂ. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിപ്ലവഗാനം ആലപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍ എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ദേവസ്വം സെക്രട്ടറിയെ കൂടി കേസില്‍ കോടതി കക്ഷി ചേര്‍ത്തു. ആരാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും ആരാണ് പരിപാടിക്ക് പണം മുടക്കിയത് എന്നും കോടതി ചോദിച്ചു. ക്ഷേത്രോപദേശക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത് എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന മറുപടി. സര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോള്‍ ദേവസ്വം സെക്രട്ടറി സര്‍ക്കാരിന്റെ നിലപാട് കോടതിയില്‍ അറിയിച്ചേക്കും.

ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമര്‍ശനം. ഡിവൈഎഫ്‌ഐ സിന്ദാബാദ് എന്നതൊക്കെയാണോ ക്ഷേത്രത്തില്‍ പറയുന്നത് എന്ന ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുദ്രാവാക്യമടക്കം മുഴക്കുന്ന സ്ഥലമായി ക്ഷേത്ര ഉത്സവങ്ങള്‍ മാറുമോ എന്നതാണ് കോടതി ഉന്നയിക്കുന്ന ചോദ്യം. പരിപാടിയുടെ ലൈറ്റിങ്‌സ് അടക്കം പരിശോധിച്ച കോടതി അതിരൂക്ഷ വിമര്‍ശനം നടത്തി. ഇത്രയധികം പണമുണ്ടെങ്കില്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് അന്നദാനം നടത്തിക്കൂടെ എന്നും കോടതി ചോദിച്ചു.

ക്ഷേത്ര ഉപദേശക സമിതിയും കോടതിയുടെ വിമര്‍ശനമേറ്റുവാങ്ങി. സാധാരണക്കാരായ ഭക്തരാണ് ഇതില്‍ അംഗമാകേണ്ടത്, അല്ലാതെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരല്ല. ക്ഷേത്രത്തില്‍ ഭക്തിഗാനമേളയൊക്കെ കണ്ടിട്ടുണ്ട്. അല്ലാതെ സിനിമ പാട്ട് പാടാനുള്ളതാണോ ഉത്സവ സമയത്തെ ഗാനമേള എന്നും കോടതി ചോദിച്ചു. ക്ഷേത്രത്തിന്റെ പരിസരങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടരുതെന്നും അവിടുത്തെ വിശുദ്ധിയും പാരമ്പര്യവും നിലനിര്‍ത്തുന്നുവെന്നും ദേവസ്വം കമ്മിഷണറും ഡപ്യൂട്ടി കമ്മിഷണറും ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് വിജിലന്‍സ് ഓഫിസറും സെക്യൂരിറ്റി ഓഫിസറും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്ഷേത്ര ഉപദേശക സമിതിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പ്രോഗ്രാം നോട്ടീസ് നല്‍കിയിരുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നടത്താന്‍ ചീഫ് വിജിലന്‍സ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ദേവസം ബോര്‍ഡ് അറിയിച്ചു.