- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ പൗരത്വം നിലനിര്‍ത്തിയിട്ടും ലോകം എമ്പാടുമുള്ള വരുമാനത്തിന് ബ്രിട്ടനില്‍ നികുതി അടക്കണമെന്ന ലേബര്‍ സര്‍ക്കാരിന്റെ നീക്കം കലിപ്പായി; ബ്രിട്ടനിലെ ഏഴാമത്തെ വലിയ മുതലാളിയായ ലക്ഷ്മി മിത്തല്‍ ഇന്ത്യയിലേക്ക് താമസം മാറ്റുന്നു
ലണ്ടന്‍: നോണ്‍ ഡോം സ്റ്റാറ്റസ് എടുത്തു കളയാനുള്ള റേച്ചല്‍ റീവ്‌സിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉരുക്കുനിര്‍മ്മാണ രംഗത്തെ പ്രമുഖനും ശതകോടീശ്വരനുമായ ലക്ഷ്മി മിത്തല്‍ ബ്രിട്ടന്‍ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ പുതിയ നികുതി നയം നിരവധി സമ്പന്നരെ ബ്രിട്ടന്‍ വിട്ടുപോകാന്‍ പ്രേരിപ്പിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 14.9 ബില്യന്‍ പൗണ്ട് ആസ്തിയുള്ള മിത്തല്‍ ബ്രിട്ടനിലെ ഏഴാമത്തെ സമ്പന്നനാണ്.
ശതകോടീശ്വരന്മാരുടെ ആവാസകേന്ദ്രമായ കെന്‍സിംഗ്ടണ്‍ പാലസ് ഗാര്‍ഡന്‍സില്‍ ഇന്ത്യന്‍ വംശജനായ മിത്തലിന് വീടുമുണ്ട്. 2004 ല്‍ 67 മില്യന്‍ പൗണ്ടിനാണ് അദ്ദേഹം ഇത് വാങ്ങിയത്.കഴിഞ്ഞ തെരഞ്ഞടുപ്പിലെ വിജയത്തെ തുടര്‍ന്നാണ് നോണ്‍ ഡോം നിയമം മാറ്റാന്‍ ലേബര്‍ തീരുമാനിച്ചത്. നോണ്‍ ഡോം പദവിയുണ്ടെങ്കില്‍, ബ്രിട്ടനകത്തു നിന്നുള്ള വരുമാനത്തിനു മാത്രം ഇവിടെ നികുതി നല്‍കിയാല്‍ മതിയാകും. ഇത് എടുത്തു കളയുന്നതോടെ ലോകത്തിന്റെ ഏത് ഭാഗത്തു നിന്നുള്ള വരുമാനത്തിനും ബ്രിട്ടനില്‍ നികുതി നല്‍കണം.
നോണ്‍ ഡൊം പദവി എടുത്തു കളയുന്നത് ഉള്‍പ്പടെ ഒക്ടോബറിലെ ബജറ്റില്‍ റെയ്ച്ചല്‍ റീവ്‌സ് കൊണ്ടുവന്ന നികുതി പരിഷ്‌കാരങ്ങള്‍ ധനികരെ ബ്രിട്ടന്‍ വിടാന്‍ പ്രേരിപ്പിക്കുമെന്ന് അന്നെ വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഒരു ഗ്ലോബല്‍ അനലിറ്റിക് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ കണക്കുകള്‍ അനുസരിച്ച് 1 മില്യന്‍ പൗണ്ടിലധികം ലിക്വിഡ് ആസ്തികളുള്ള 10,800 ബ്രിട്ടീഷ് കോടീശ്വരന്മാരാണ് 2024 ല്‍ ബ്രിട്ടന്‍ വിട്ടു പോയത്. 2024 ല്‍ ചൈനയില്‍ നിന്നു മാത്രമാണ് ഇതിലധികം കോടീശ്വരന്മാര്‍ രാജ്യം വിട്ടുപോയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം 10,800 കോടീശ്വരന്മാര്‍ രാജ്യം വിട്ടുപോയെങ്കില്‍, 2023 ല്‍ ഇത് 4,300 മാത്രമായിരുന്നു എന്നും കണക്കുകളില്‍ വ്യക്തമാണ്. 2017 മുതല്‍ 2023 വരെയുള്ള കാലത്ത് ബ്രിട്ടന് നഷ്ടമായത് 16,500 കോടീശ്വരന്മാരെയാണ്. ബ്രെക്സിറ്റും കോവിഡുമെല്ലാം ഇതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യം വിടാന്‍ ആലോചിക്കുന്നതായി മിത്തല്‍ തന്റെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ സാധ്യതകളും പരിശോധിച്ച് ഈ വര്‍ഷം അവസാനത്തിനു മുന്‍പായി അദ്ദേഹം തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടനില്‍ നികുതി നല്‍കുന്ന പൗരനായി അദ്ദേഹം തുടരാനുള്ള സാധ്യത തീരെയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദുബായിയില്‍ അദ്ദേഹം ഒരു ആഡംബര സൗധം വാങ്ങാന്‍ തീരുമാനിച്ചതായി ചില റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെ സ്വിറ്റ്‌സര്‍ലന്‍ഡിലും മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഏഷ്യയിലും അദ്ദേഹത്തിന് സ്വന്തമായി വീടുകളുണ്ട്. ടോണി ബ്ലെയര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ലേബര്‍ പാര്‍ട്ടിയുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ലക്ഷ്മി മിത്തല്‍.