ലണ്ടന്‍: ബ്രിട്ടനിലെ ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ നിന്നും മരുഭൂമിയിലെ നഗരത്തിലെത്തിയപ്പോള്‍ തന്റെ ജീവിതം തന്നെ മാറിമറിഞ്ഞ കഥ വെളിപ്പെടുത്തുകയാണ് ഫിറ്റ്‌നസ് കോച്ചും ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ ഡോമിനിക ബ്ലോന്‍കാസ എന്ന 27 കാരി. പോളണ്ടിലായിരുന്നു ജനനമെങ്കിലും, പിന്നീട് ഇവര്‍ കുടുംബത്തോടെ വെസ്റ്റ് യോര്‍ക്ക്ഷയറിലെ വേക്ക്ഫീല്‍ഡിലേക്ക് കുടിയേറുകയായിരുന്നു. ഡൊമിനിക്കയുടെ സ്‌കൂള്‍ - കോളേജ് വിദ്യാഭ്യാസമെല്ലാം അവിടെയായിരുന്നു. നഴ്സിംഗില്‍ മാസ്റ്റേഴ്സ് ബിരുദം എടുത്ത ഇവര്‍ അതേ മേഖലയില്‍ ജോലിക്ക് കയറി.

വളരെ ചെറിയ തുക സമ്പാദിക്കുവാനായി താന്‍ ഓരോ ആഴ്ചയിലും 40 ഉം 50 ഉം മണിക്കൂറുകള്‍ ജോലി ചെയ്തിരുന്നു എന്നാണ് അവര്‍ ഫീമെയില്‍ മാസികയോട് പറയുന്നത്. എന്നാല്‍, ഇപ്പോള്‍ ആ ജീവിതം വെറും ഒരു ഓര്‍മ്മമാത്രമാണ് ഡൊമിനിക്കയ്ക്ക്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത, ബുര്‍ജ് ഖലീഫക്കും, ബുര്‍ജ് അല്‍ അറബിനും ഒക്കെ മുന്‍പില്‍ നിന്നും, മരുഭൂമിയിലൂടെ ബൈക്ക് സവാരി നടത്തിയുമൊക്കെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ഡൊമിനിക്കയുടെ പുതിയ ജീവിതം എന്തെന്ന് വെളിപ്പെടുത്തുന്നു.

ഇന്ന് സ്വന്തമായി ഒരു പര്‍ശീലന കേന്ദ്രം നടത്തുന്ന ഡൊമിനിക്കക്ക് ലോകത്തിന്റെ നാനാഭാഗത്തും ക്ലൈന്റുകള്‍ ഉണ്ട്. ലോകം മുഴുവന്‍ യാത്രചെയ്യുന്ന ഡൊമിനിക്ക ഒരു മോഡല്‍ ആയും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുപക്ഷെ യു കെയില്‍ തന്നെ ജീവിച്ചിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. സ്ഥിരമായ ഒരു ജോലി തനിക്ക് യു കെയില്‍ ഉണ്ടായിരുന്നു എന്ന് പറയുന്ന ഡൊമിനിക, പക്ഷെ, അതല്ല കാലം തനിക്കായി കാത്തുവെച്ചത് എന്നറിയാമായിരുന്നു എന്നും പറയുന്നു.

സ്വാതന്ത്ര്യം, സാഹസികത, ഇതൊക്കെയായിരുന്നു താന്‍ ആഗ്രഹിച്ചത്. തന്നെ ഭരിക്കാന്‍ താന്‍ മാത്രം മതിയെന്ന ചിന്തയുമുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധി കാലത്താണ് ഈ ചിന്ത ശക്തമായത് എന്ന് അവര്‍ പറയുന്നു. ദൈനം ദിന ജോലിയുടെ തിരക്കില്‍ ശ്വാസം മുട്ടിയപ്പോഴായിരുന്നു ബ്രിട്ടനിലെ ജീവിതം വെറുക്കാന്‍ തുടങ്ങിയത്. ഇടുങ്ങിയ മനസ്സുള്ളവരുടെ രാജ്യമാണ് ബ്രിട്ടന്‍ എന്ന് പറഞ്ഞ ഡൊമിനിക പറയുന്നത് അവിടെ ആര്‍ക്കും ഒരു പുരോഗമനവുമില്ല എന്നാണ്. എന്നാല്‍, കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ താന്‍ എന്നും ആഗ്രഹിച്ചിരുന്നു. എന്നും അവര്‍ പറയുന്നു.

കോവിഡ് കാലത്ത് തന്നെ ജോലി ഉപേക്ഷിച്ച് ഉണ്ടായിരുന്ന സമ്പാദ്യവുമായി ദുബായിലേക്ക് പോവുകയായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്നതില്‍ വ്യക്തതയൊന്നും ഉണ്ടായിരുന്നില്ല എന്ന് അവര്‍ പറയുന്നു. എന്നാല്‍, വഴിയെ അത് ചെയ്യാനാവുമെന്ന ശക്തമായ വിശ്വാസമുണ്ടായിരുന്നതായും അവര്‍ പറയുന്നു.അങ്ങനെയാണ് ഫിറ്റ്‌നസ്സിലേക്ക് ഇവരുടെ ശ്രദ്ധ തിരിയുന്നത്. വിജയികളുടെ നഗരമാണ് ദുബായ് എന്ന് ഡൊമിനിക പറയുന്നു. എവിടെ പോയാലും നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാവുക വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവരാകും. ആ പോസിറ്റീവ് എനര്‍ജിയാണ് നഗരത്തില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നും അവര്‍ പറയുന്നു.

അതേസമയം, ബ്രിട്ടീഷുകാര്‍ വളരെ നെഗറ്റീവ് ആണെന്നും ഇവര്‍ പറയുന്നു. നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും പരദൂഷണത്തിനും, മറ്റുള്ളവരെ എങ്ങനെ പരാജയപ്പെടുത്താനാവും എന്ന് ആലോചിക്കുന്നതിനുമൊക്കെയാണ് അവര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നും ഡൊമിനിക പറയുന്നു. യൂറോപ്പിലേക്ക് തിരികെ മടങ്ങാന്‍ ഡൊമിനിക്ക ആഗ്രഹിക്കുന്നില്ല. ദുബായില്‍ സ്ഥിരതാമസമാക്കുന്നില്ലെങ്കില്‍, പോസിറ്റീവ് എനര്‍ജി നിറഞ്ഞ മറ്റൊരു രാജ്യമായിരിക്കും സ്ഥിരതാമസത്തിനായി താന്‍ തിരഞ്ഞെടുക്കുക എന്നും അവര്‍ പറയുന്നു.