ബ്രസൽസ്: നെതർലൻഡ്‌സിലെ സെൻട്രൽ ഡാം സ്‌ക്വയറിൽ വീണ്ടും സഞ്ചാരികളെ ഭീതിയിലാഴ്ത്തി കാർ പൊട്ടിത്തെറി. ഉച്ചയ്ക്ക് 1:30 ഓടെയാണ് ഡാം സ്ക്വയറിൽ നാടകീയ സംഭവങ്ങൾ അരങേറുന്നത്. നട്ടുച്ച സമയത്ത് ഡാം സ്ക്വയറിൽ സഞ്ചാരികളുടെ ഒഴുക്ക് തന്നെയായിരിന്നു. അപ്പോഴാണ് ഏകദേശം 50 വയസ് തോന്നിക്കുന്ന മധ്യവയസ്ക്കൻ ഒരു ചുവന്ന കാറുമായി സ്ലോ സ്പീഡിൽ സ്ക്വയറിനുള്ളിലേക്ക് വരുന്നത്. ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. ഉച്ച സമയം ആയതുകൊണ്ട് തന്നെ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തിരക്കിലുമായിരുന്നു. തുടർന്നായിരുന്നു നാടകീയ സംഭവങ്ങൾ അരങേറിയത്.

കാറുമായി ജനത്തിരക്കിനിടയിലൂടെ വന്ന അമ്പതുകാരൻ.ആദ്യം സഞ്ചാരികളെ ഒരു നിമിഷം നോക്കി നിന്നു. പൊടുന്നനെയാണ് അത് സംഭവിച്ചത്. ഒരു ഉഗ്ര സ്ഫോടനത്തിൽ കാർ പൊട്ടിത്തെറിച്ചു. വെടി ശബ്ദത്തിൽ ആളുകൾ കുതറിമാറി.തുടർന്ന് കണ്ട കാഴ്ച അതിഭയാനകമായിരുന്നു. 50-കാരന്റെ ശരീരത്തിൽ തീപ്പടർന്ന് നിലവിളിച്ചോടുന്ന കാഴ്ചയായിരുന്നു അത്. ഇത് ശ്രദ്ധിച്ച ഉടനെ തന്നെ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ ഓടിവന്ന് ഫയർ എക്സ്റ്റിംഗ്വിഷർ കൊണ്ട് തീഅണയ്ക്കാൻ ശ്രമിച്ചു. അപ്പോഴേക്കും പാതിയും പൊള്ളലേറ്റ നിലയിൽ ആയിരിന്നു അദ്ദേഹത്തെ കണ്ടത്.90% പൊള്ളലേറ്റതായി ആശുപത്രി അധികൃതർ പറയുന്നു.ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അയാളുടെ ശരീരത്തിലെ മാംസം വരെ അടർന്നു വീഴുന്ന കാഴ്ച കണ്ട് പലരും കണ്ണ് പൊത്തിയതായും വിവരങ്ങൾ ഉണ്ട്.അതേസമയം, വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.അതിക്രമത്തിൽ മറ്റാർക്കും പരിക്ക് പറ്റിയിട്ടില്ലെന്നും ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചതാകാമെന്നും പോലീസ് പറയുന്നു.കഴിഞ്ഞ മാസം കത്തി ആക്രമണം നടന്ന അതെ സ്പോട്ടിൽ തന്നെയാണ് സഞ്ചാരികളെ മുൾമുനയിൽ നിർത്തിയ സംഭവം അരങേറിയത്. കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ മാസമാണ് യൂറോപ്യൻ രാജ്യമായ നെതർലാൻഡിൽ ഡാം സ്ക്വയറിൽ കത്തി ആക്രമണത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയത്. ആംസ്റ്റർഡാമിലെ തിരക്കേറിയ മാർക്കറ്റിൽ വച്ചാണ് ആക്രമണം നടന്നത്. അക്രമി ആളുകളെ ആക്രമിക്കുന്നത് തുടർന്നപ്പോൾ ഒരാൾ അയാളെ നേരിടുകയും നിലത്ത് കെട്ടിയിടുകയും പോലീസ് എത്തുന്നതുവരെ പിടിച്ചുവെക്കുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് തിരക്കേറിയ ടൗണിലെ ഡാം സ്ക്വയറിലാണ് പെട്ടെന്ന് കത്തി ആക്രമണം ആരംഭിച്ചത്. കുറച്ചു സമയത്തിനുശേഷം ഒരു വഴിയാത്രക്കാരൻ അക്രമിയെ കീഴടക്കി. ഈ ആക്രമണത്തിൽ രണ്ട് അമേരിക്കൻ പൗരന്മാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാൾ 69 വയസ്സുള്ള പുരുഷനും മറ്റൊരാൾ 67 വയസ്സുള്ള സ്ത്രീയുമാണ്. 73 വയസ്സുള്ള ഒരു ബെൽജിയൻ സ്ത്രീ, 26 വയസ്സുള്ള ഒരു പോളിഷ് പുരുഷൻ, ആംസ്റ്റർഡാമിൽ നിന്നുള്ള 19 വയസ്സുള്ള ഒരു സ്ത്രീ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെയെല്ലാം ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പരിക്കേറ്റവർക്ക് അനുശോചനം അറിയിച്ച ആംസ്റ്റർഡാം മേയർ ഫെംകെ ഹാൽസെമ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. പോലീസ് ഈ വിഷയത്തിൽ വേഗത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമിയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അമേരിക്കൻ പൗരന്മാർക്ക് പരിക്കേൽക്കുന്ന സംഭവത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവും പ്രസ്താവനയിറക്കി. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയേക്കാൾ വലുതായി മറ്റൊരു മുൻഗണനയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാലും മറ്റ് കാരണങ്ങളാലും ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങൾ പറയുന്നില്ലെന്നും പക്ഷേ ആംസ്റ്റർഡാംമിലെ കുത്തേറ്റ സംഭവം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിനുശേഷമാണ് ഇന്നത്തെ അതിക്രമമവും നടക്കുന്നത്. തുടരെയുള്ള ആക്രമണങ്ങളിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.