ലണ്ടന്‍: ലണ്ടന്‍: സ്ട്രീമിംഗ് സര്‍വീസുകളില്‍ വൈകിയാണ് എത്തിയതെങ്കിലും എഫ് എക്സിന്റെ 'ഡയിംഗ് ഫോര്‍ സെക്സ് ' എന്ന സീരീസിന് അടിസ്ഥാനമായ യഥാര്‍ത്ഥ സംഭവകഥ ഇതിനു മുന്‍പേ ലോകം അറിഞ്ഞതാണ്. യു കെയില്‍ ഡിസ്നി പ്ലസ്സില്‍ സ്ട്രീം ചെയ്യുന്ന സീരീസില്‍ പറയുന്നത് മോളി കോച്ചന്‍ എന്ന വനിതയുടെ ജീവിത കഥയാണ്. വെറും മൂന്ന് വര്‍ഷം മാത്രം ജീവിച്ചിരിക്കുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ, മോളി കോച്ചന്‍ എന്ന വനിതയുടെ ലൈംഗികതയിലൂടെയുള്ള യാത്രകളുടെ കഥയാണ് ഇതില്‍ പറയുന്നത്.

തന്റെ നാല്പത്തിരണ്ടാം വയസ്സില്‍ കാന്‍സര്‍ ബാധിതയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതിനഞ്ച് വര്‍ഷമായി ഭര്‍ത്താവായിരുന്ന പുരുഷനെ ഉപേക്ഷിച്ച് ലൈംഗികതയുടെ ലോകത്തേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു ന്യൂയോര്‍ക്കില്‍ ജനിച്ച മോളി. 2019 ല്‍ തന്റെ നാല്പത്തിയഞ്ചാം വയസ്സില്‍ മരണമടയുമ്പോഴേക്കും അവര്‍ തന്നിലെ ലൈംഗിക തൃഷ്ണയെ പരമാവധി തൃപ്തിപ്പെടുത്തിയിരുന്നു. ബാക്കിയുള്ളതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ മൂന്ന് വര്‍ഷവും അവര്‍ ആസ്വാദ്യകരമാക്കി.

ഇരുന്നൂറിലധികം പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ടും, തന്റെ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവച്ചും തന്നിലെ ലൈംഗിക തൃഷ്ണയെ കാന്‍സര്‍ കെടുത്തില്ലെന്ന് അവര്‍ ഉറപ്പു വരുത്തി. കാന്‍സര്‍ ബാധിതയാണെന്നറിഞ്ഞതിനെ തുടര്‍ന്ന്, തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം ലൈംഗികതയുടെ ലോകത്ത് ആനന്ദനൃത്തമാടുന്ന മോളിയെയാണ് സീരീസില്‍ കാണിക്കുന്നത്. ഈ സന്ദര്‍ഭങ്ങളിലൊക്കെ അവര്‍ക്ക് താങ്ങായി ഉണ്ടായിരുന്നത് അവരുടെ ഏറ്റവും അടുത്ത സുഹൃത്തായ നിക്കി ബോയര്‍ ആയിരുന്നു. ജെന്നി സ്ലേറ്റ് ആണ് സീരീസില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോളി, തന്റെ മരണശേഷം പങ്കുവച്ച 'ഡൈയിംഗ് ഫോര്‍ സെക്സ് ' എന്ന പോഡ്കാസ്റ്റിലൂടെ പുറത്തുവന്ന കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. 2020 ല്‍ ആപ്പിളിന്റെ ഏറ്റവും ജനപ്രിയ പോഡ്കാസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇത് 2021 ലെ ആമി അവാര്‍ഡില്‍ പോഡ്കാസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുകയും ചെയ്തു. 2011 ല്‍ ആയിരുന്നു ഇവര്‍ക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്. പിന്നീട് അത് ഗുരുതരാവസ്ഥയില്‍ എത്തിയതായി 2015 ല്‍ സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍, ഈ വാര്‍ത്ത മോളിയെ തെല്ലും തളര്‍ത്തിയില്ല. തന്നെ മറ്റുള്ളവര്‍ ഒരു ഇരയായി സഹതാപത്തോടെ വീക്ഷിക്കുന്നത് തീരെ ആഗ്രഹിക്കാത്ത മോളി, തന്റെ ഉള്ളിലെ ലൈംഗിക തൃഷ്ണയെ കാന്‍സര്‍ തല്ലിക്കെടുത്താനും അനുവദിച്ചില്ല. തനിക്ക് അര്‍ബുദമാണെന്ന സത്യം പുറം ലോകത്തെ അറിയിക്കാതെയായിരുന്നു അവര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്റെ ലൈംഗിക യാത്ര തുടര്‍ന്നത്. രോഗം ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതിനു ശേഷം, അത് മറച്ചു വയ്ക്കാന്‍ ആവില്ലെന്ന ഘട്ടം വന്നപ്പോള്‍, രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അവര്‍ ഈ സത്യം തന്റെ വെബ്‌സൈറ്റിലൂടെ ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തിയത്.

മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ 200 ല്‍ അധികം പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ട മോളി കോച്ചന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു ലൈംഗിക ഘോഷയാത്രയായിരുന്നു തന്റെ ജീവിതാന്ത്യത്തില്‍ നടത്തിയത്. അവസാന ആറു മാസങ്ങളില്‍ കാന്‍സറിനും ലൈംഗികതക്കും ഒപ്പമുള്ള യാത്രയുടെ വിവരങ്ങള്‍ അവര്‍ തന്റെ വെബ്‌സൈറ്റ് വഴി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തന്റെ ശരീരത്തെ ജീവിതവുമായി ബന്ധിപ്പിച്ച് നിര്‍ത്തിയിരുന്നത് ലൈംഗികതയായിരുന്നു എന്നായിരുന്നു അവര്‍ കുറിച്ചത്.