ലണ്ടന്‍: കടുത്ത വാണിജ്യ താരിഫുകള്‍ അടിച്ചേല്‍പ്പിച്ച് ഡൊണള്‍ഡ് ട്രംപ് ആഗോളതലത്തില്‍ സൃഷ്ടിച്ച തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അടിയന്തര പ്രഖ്യാപനത്തിന് ഒരുങ്ങുന്നു. ബ്രിട്ടീഷ് വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ക്കാണ് സ്റ്റാര്‍മര്‍ തയ്യാറെടുക്കുന്നത്.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന യുകെ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം ചുങ്കമാണ് ചുമത്തിയിരിക്കുന്നത്. വിദേശകാറുകളുടെ ഇറക്കുമതിക്ക് 25 ശതമാനം ലെവിയും ട്രംപ് ചുമത്തി. ആഗളവത്കരണത്തിന് അന്ത്യമായി എന്ന് കെയര്‍ സ്റ്റാര്‍മര്‍ തന്റെ പ്രസംഗത്തില്‍ സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആഗോള മാന്ദ്യത്തിന്റെ പിടിയിലേക്ക് ലോകം വഴുതി വീഴുമോ എന്ന ആശങ്കയ്ക്കിടെ ബ്രിട്ടീഷ് വ്യവസായത്തെ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുക.

ലേബര്‍ പാര്‍ട്ടിയുടെ വ്യവസായ നയസമീപനത്തിന്റെ ചില ഭാഗങ്ങള്‍ മുന്നോട്ടുവയ്ക്കുകയും, ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളുടെ മേലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തുകയും ചെയ്യും.

ബ്രിട്ടനെ അപേക്ഷിച്ച് യൂറോപ്യന്‍ യൂണിയന് യുഎസ് ചുമത്തിയ തീരുവ കൂടുതലാണ്. 27 അംഗ യൂണിയന്റെ അമേരിക്കയിലേക്കുള്ള അലുമിനിയത്തിനും, ഉരുക്കിനും, കാറുകള്‍ക്കും 25 ശതമാനം ഇറക്കുമതി തീരുവയും, 20 ശതമാനം പകരച്ചുങ്കവുമാണ് യുഎസ് ചുമത്തിയത്. യൂറോപ്യന്‍ യൂണിയനേക്കാള്‍ കുറഞ്ഞ താരിഫ് ബ്രിട്ടന് ചുമത്തിയതോടെ, ബ്രെക്‌സിറ്റിന്റെ നേട്ടമാണെന്ന് ഒരുമുതിര്‍ന്ന ലേബര്‍ മന്ത്രി സമ്മതിച്ചു.

ബ്രക്‌സിറ്റിന്റെ ഫലമായാണ് യുകെയെ യുഎസ് വ്യത്യസ്തമായി കൈകാര്യം ചെയ്തതെന്ന് ട്രഷറി മന്ത്രി ഡാരന്‍ ജോണ്‍സ് പറഞ്ഞു. ട്രംപിന്റെ നടപടികളോട് വളരെ സമചിത്തയോടെ പ്രതികരിക്കുമെന്നും വ്യാപാര യുദ്ധം ആര്‍ക്കും താല്‍പര്യമില്ലെന്നും ഡാരന്‍ ജോണ്‍സ് പറഞ്ഞു.

എന്നാല്‍, കെയര്‍ സ്റ്റാര്‍മര്‍ ബ്രിട്ടന് മേല്‍ ചുമത്തിയ കുറഞ്ഞ താരിഫില്‍ സന്തുഷ്ടനാണെന്ന ട്രംപിന്റെ വാദം ഡാരന്‍ ജോണ്‍സ് തള്ളി. താരിഫുകളെ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും സന്തുഷ്ടരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ആഗോളവത്കരണം പരാജയപ്പെട്ടുവെന്നാണ് സര്‍ കെയര്‍ സ്റ്റാര്‍മര്‍ കണക്കാക്കുന്നത്. ആഗോളവത്കരണം അവസാനിച്ചുവെന്നാണ് മറ്റൊരു അഭിമുഖത്തില്‍ ഡാരന്‍ ജോണ്‍സ് പറഞ്ഞത്. 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് രാഷ്ട്രങ്ങള്‍ക്കിടയിലെ സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താമെന്ന ആശയവുമായി ആഗോളവത്കരണം പ്രചരിക്കാനാരംഭിച്ചത്.