- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാവര്‍ക്കും നല്ലൊരു ഞായറാഴ്ച നേരുന്നു. വളരെ നന്ദി': രണ്ടുമാസത്തെ വിശ്രമത്തിലിരിക്കെ വിശ്വാസികളെ അദ്ഭുതപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു; ഏവരെയും ആശീര്‍വദിച്ച് അല്‍പനേരം സംസാരിച്ച് മടക്കം
ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു
വത്തിക്കാന്‍ സിറ്റി: വല്ലാതെ പരീക്ഷിച്ച ഗുരുതര ന്യൂമോണിയ ബാധ ഭേദമായി ആശുപത്രി വിട്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ചികിത്സയ്ക്ക് കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് മാര്‍പ്പാപ്പ ആശുപത്രി വിട്ടത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വീല്‍ച്ചെയറില്‍ സഞ്ചരിച്ച് നീങ്ങിയ പോപ്പിനെ കണ്ട് വിശ്വാസികള്‍ അദ്ഭുതപ്പെട്ടു. ' എല്ലാവര്‍ക്കും നല്ലൊരു ഞായറാഴ്ച നേരുന്നു. വളരെ നന്ദി', 88 കാരനായ മാര്‍പ്പാപ്പ കുര്‍ബാനയ്ക്ക് ശേഷം പറഞ്ഞു.
അഞ്ച് ആഴ്ചയിലധികം നീണ്ട ചികിത്സയ്ക്ക് ശേഷം റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്നും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ശേഷം ആദ്യമായാണ് പോപ്പ് പൊതുജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
കത്തോലിക്ക സഭയുടെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഉച്ചയ്ക്ക് മുമ്പാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് മുന്‍കൂട്ടി അറിയിക്കാതെ എത്തിയത്. വിശ്വാസികളെ അഭിവാദ്യം ചെയ്ത് അല്‍പനേരം സംസാരിക്കുകയും ചെയ്തു. ശബ്ദം ദുര്‍ബലമായിരുന്നെങ്കിലും മാര്‍ച്ച് 23 ന് ജെമെല്ലി ആശുപത്രി വിട്ട സമയത്തേക്കാള്‍ നന്നായി കേള്‍ക്കാമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും മുമ്പ് ഫെബ്രുവരി 14നാണ് മാര്‍പ്പാപ്പ ഏറ്റവും ഒടുവില്‍ പൊതുജനമധ്യത്തില്‍ എത്തിയത്.
ജീവന്‍ തന്നെ അപകടഭീഷണിയിലാക്കിയ കടുത്ത ന്യൂമോണിയ ബാധയില്‍ നിന്ന് വിമുക്തനായ പോപ് രണ്ടുമാസത്തേക്ക് വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ അദ്ദേഹം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അദ്ദേഹം എത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തി.