- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹണി ട്രാപ്പ് മാഫിയയെ' തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു; മന്ത്രി ശശീന്ദ്രനും 'ഇരുതലമൂലി'യെ രക്ഷിക്കാന്‍ കഴിഞ്ഞില്ല; വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത് വിജിലന്‍സിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; അകത്തായത് പാലോട് റേഞ്ചേ് ഓഫീസര്‍ സുധീഷ് കുമാര്‍; കുടുങ്ങിയത് നിരവധി വിവാദങ്ങളുണ്ടാക്കിയ ഉദ്യോഗസ്ഥന്‍
തിരുവനന്തപുരം: വനംവകുപ്പിലെ 'ഹണിട്രാപ്പ്' വിവാദങ്ങള്‍ക്കിടെ നിര്‍ണ്ണായക നീക്കവുമായി വിജിലന്‍സ്. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എല്‍ സുധീഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ നീക്കമാണ് നിര്‍ണ്ണായകമായത്. 2023ലെ കേസിലാണ് നിര്‍ണ്ണായക അറസ്റ്റ്. 2023ല്‍ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഒഴിവാക്കാന്‍ പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയതാണ് കേസ്. നേരത്തെ തന്നെ വിജിലന്‍സ് അന്വേഷണം നടത്തുകയായിരുന്നു. വനംവകുപ്പിലെ പല ആരോപണങ്ങളിലും സംശയ നിഴലിലായ വ്യക്തിയാണ് സുധീഷ് കുമാര്‍. ഈ സാഹചര്യത്തില്‍ പലവിധ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കിട്ടി. ഇതെല്ലാം പരിശോധിച്ചാണ് വിജിലന്‍സിന് കര്‍ശനമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. വനംവകുപ്പില്‍ ഈയിടെ നടന്ന 'ഹണിട്രാപ്പ്' ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ പുറത്തു കൊണ്ടു വന്നത് മറുനാടനാണ്. ഇതോടെ വനംമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പിന്തുണയില്‍ വിലസിയ മാഫിയ പെട്ടുപോയി. ഇതിന്റെ പ്രതിഫലനമാണ് പാലോട്ടെ പ്രധാനിയുടെ അറസ്റ്റ്.
സംരക്ഷിത വിഭാഗത്തില്‍പെട്ട ഇരുതല മൂരി പാമ്പിനെ കടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കൂട്ട് നിന്നെന്ന ആരോപണം ഉയര്‍ന്നത് 2023ലായിരുന്നു. അതിന് കൈക്കൂലി 1.45 ലക്ഷം രൂപ വാങ്ങിയെന്നും ആരോപണം എത്തി. കള്ളത്തടി കടത്താനുപയോഗിച്ച ലോറി വിട്ടു കൊടുക്കാന്‍ 35,000 രൂപ കൈക്കൂലി, കൈവശ ഭൂമിയിലെ റബ്ബര്‍ വെട്ടാന്‍ അര ലക്ഷം രൂപയും തടിമില്ലിന്റെ ലൈസന്‍സ് പുതുക്കാന്‍ 3000 രൂപയും കൈക്കൂലി, ഇങ്ങനെ വ്യാപകമായി കൈക്കൂലി പിരിച്ച തിരുവനന്തപുരം പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്കും ഡ്രൈവര്‍ക്കും അടിയന്തര സസ്‌പെന്‍ഷന്‍ നല്‍കിയത് 2024 ഫെബ്രുവരിയിലാണ്. വനം വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇരുവരും നടത്തിയതെന്ന് ഭരണ വിഭാഗം മേധാവിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു്. റേഞ്ച് ഓഫിസര്‍ എല്‍.സുധീഷ് കുമാര്‍, ഡ്രൈവര്‍ ആര്‍.ദീപു എന്നിവരെയാണ് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്െപന്‍ഡ് ചെയ്തത്. സര്‍വ്വീസില്‍ പിന്നീട് തിരിച്ചെത്തിയ സുധീഷ് കുമാറിന് പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിയമനവും ലഭിച്ചു. ഇതിന് പിന്നില്‍ വലിയ കളികള്‍ നടന്നു. ഇത് മനസ്സിലാക്കിയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്.
അന്ന് സസ്‌പെന്‍ഷനിടെ പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫിസില്‍ നിയമന ഉത്തരവില്ലാതെ എത്തി കസേര കയ്യേറിയത് ഏറെ വിവാദമായിരുന്നു. ഓഫിസില്‍ അതിക്രമിച്ചു കയറി മണിക്കൂറുകളോളം ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നു റേഞ്ച് ഓഫിസര്‍ ശ്രീജു നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് സ്ഥലത്തെത്തി സുധീഷിനെ പറഞ്ഞയക്കുകയായിരുന്നു. അന്ന് 11 മണിയോടെ തുടങ്ങിയ നാടകം 5 മണിയോടെ കാട്ടാക്കട എസ്എച്ച്ഒ മൃദുല്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് അവസാനിപ്പിച്ചത്. സുധീഷ് കുമാറിനെ 6 മാസം മുന്‍പ് സസ്‌പെന്‍ഡ് ചെയ്തത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. ഈ ഉത്തരവിന്റെ പിന്‍ബലത്തിലായിരുന്നു കസേര കയ്യേറ്റം. അന്ന് സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കുകയും ചെയ്തു. റേഞ്ച് ഓഫിസറുടെ നിയമന അധികാരിയായ വനം മേധാവിക്കേ സസ്‌പെന്‍ഷന് അധികാരമുള്ളൂ. സുധീഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത് പക്ഷേ അഡ്മിനിസ്‌ട്രേഷന്‍ അഡീഷനല്‍ പിസിസിഎഫാണ്. ഈ അപാകത ചൂണ്ടിക്കാട്ടി നടപടി നിയമപ്രകാരം വേണമെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവെന്നും ഡിഎഫ്ഒ പറഞ്ഞിരുന്നു.
അന്ന് സുധീഷ് കുമാര്‍ ഓഫിസിലെത്തുമ്പോള്‍ നിലവിലെ റേഞ്ച് ഓഫിസര്‍ ശ്രീജു പാലോട്ട് യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നെയിം ബോര്‍ഡു മാറ്റി സുധീഷ് തന്റെ ബോര്‍ഡ് സ്ഥാപിച്ചു. സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്ത സ്ഥിതിക്ക് പഴയ തസ്തികയിലേക്ക് തിരികെ വരാമെന്നും അതിന് നിയമന ഉത്തരവ് വേണ്ടെന്നും സുധീഷ്‌കുമാര്‍ മറ്റുള്ളവരോട് വാദിക്കുകയും ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന പേരില്‍ ഓഫിസിലെത്തി കസേര കയ്യേറിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഉന്നത പിടിപാടുകാരണം സുധീഷ് വീണ്ടും ഫോറസ്റ്റില്‍ സജീവമായി. ഇതിനിടെയാണ് 'ഹണി ട്രാപ്പുമായി' ബന്ധപ്പെട്ട ചില വിവാദങ്ങള്‍ ഉയര്‍ന്നത്. ഇതോടെ വനംവകുപ്പിലെ അഴിമതിയില്‍ കര്‍ശന നിലപാട് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി. ഈ പശ്ചാത്തലത്തിലാണ് സുധീഷ് കുമാറിന്റെ അറസ്റ്റ്.
ഇതിന് മുമ്പും അന്വേഷണ വിധേയമായി സുധീഷിനെ പരുത്തിപ്പള്ളിയില്‍ നിന്നും സ്ഥലം മാറ്റിയിരുന്നെങ്കിലും സംഘടനാ നേതൃത്വം ഇടപെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പരുത്തിപ്പള്ളിയില്‍ തന്നെ നിയമിച്ചത് വിവാദമായിരുന്നു. ഭരണ വിഭാഗത്തിന്റെ മേധാവിയായിരുന്ന ഫണീന്ദ്രകുമാര്‍ റാവുവിന്റെ ഉത്തരവ് അന്ന് ഏറെ വിവാദമായിരുന്നു. ഇരുതലമൂലി കേസില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണം നടത്തിയ വനം ഫ്‌ളയിങ് സ്‌ക്വാഡ് ഏറെ ഗുരുതരമായ കണ്ടെത്തലുകളാണ് നടത്തിയത്. ഇരുതലമൂരിയെ കടത്താന്‍ ഉപയോഗിച്ച ടൊയോട്ട ക്വാളിസ് വാഹനം വിട്ടു കൊടുക്കാന്‍ പ്രതിയുടെ ബന്ധുക്കളില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് റേഞ്ച് ഓഫിസര്‍ കൈക്കൂലി വാങ്ങിയത്. സുധീഷ് കുമാറിന് നേരിട്ടും സുഹൃത്തുക്കളുടെ ഗൂഗിള്‍പേ നമ്പറുകളിലേക്കുമാണ് പണം നല്‍കിയത്. ആര്യനാട് ഭാഗത്തു നിന്നു പിടികൂടിയ തടി കയറ്റിയ ലോറി വിട്ടു കൊടുക്കുന്നതിനും തോക്ക് ലൈസന്‍സ് പുതുക്കുന്നതിനും ഇതേ രീതിയില്‍ കൈക്കൂലി പറ്റിയിട്ടുണ്ടെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വിതുര സെക്ഷനില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ ഒരാളുടെ കൈവശ ഭൂമിയിലെ റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നതിനു പോലും അര ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടുവെന്നും പരാതി എത്തി. കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്നതിന് റേഞ്ച് ഓഫിസറുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ദീപുവാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഉന്നത സ്വാധീനത്തില്‍ സുധീഷ് കുമാര്‍ പാലോട്ട് റേയ്ഞ്ചില്‍ വീണ്ടും എത്തി.