- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുത്തൂറ്റ് ഫിനാന്‍സ്- ഇന്‍ഷുറന്‍സ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്തു; കേസിലെ രണ്ടു പ്രതികളുടേയും അറസ്റ്റ് താല്കാലികമായി തടഞ്ഞു; രണ്ടു ദിവസം പോലീസിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി; കസ്റ്റഡിയിലെ ചോദ്യം ചെയ്യലില്‍ തീരുമാനം 22ന്
കൊച്ചി : ജീവനക്കാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്ത മുത്തൂറ്റ് ഫിനാന്‍സ്, ഇന്‍ഷുറന്‍സ് കമ്പനികളിലെ ഉദ്യോഗസ്ഥരായ പ്രതികള്‍ പൊലീസ് മുമ്പാകെ ഹാജരാകണമെന്ന് എറണാകുളം എസിജെഎം കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രതികളായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മുന്‍ ചീഫ് ജനറല്‍ മാനേജര്‍ രഞ്ജിത് രാമചന്ദ്രന്‍, മുത്തൂറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ബ്രോക്കേഴ്സ് ലിമിറ്റഡ് സിഇഒ തോമസ് പി രാജന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് 15, 16 തീയതികളില്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഉത്തരവിട്ടത്.
രണ്ടുദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യും. 22ന് റിപ്പോര്‍ട്ട് നല്‍കാനും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും പൊലീസിന് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് പരിശോധിച്ച്, ഇരുവരുടെയും ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷ ആറാംതവണ മാറ്റിവച്ചശേഷമാണ് ഇരുവരോടും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഉത്തരവിട്ടത്. 2023-24ല്‍ പ്രതികള്‍ ചേര്‍ന്ന് 12 കോടി രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ബിസിനസ് വര്‍ധിപ്പിക്കാന്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് വിതരണം ചെയ്യാന്‍ നല്‍കിയിരുന്ന പാരിതോഷിക തുക, സമ്മാനക്കൂപ്പണ്‍, വിദേശയാത്രാസൗകര്യങ്ങള്‍ തുടങ്ങിയവയാണ് ഇരുവരും സ്വന്തം പേരിലാക്കിയത്. കൂടാതെ, മറ്റു തിരിമറികളും നടത്തി. പൊലീസ് കേസെടുത്ത ഉടന്‍ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത്, പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സി എസ് ഋത്വിക് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികളെ ആദ്യം ചോദ്യം ചെയ്യാനും അതിന് ശേഷം വിശദ റിപ്പോര്‍ട്ട് നല്‍കാനും പോലീസിനോട് കോടതി ആവശ്യപ്പെട്ടു. അതിന് ശേഷം പ്രോസിക്യൂഷന്റെ ആവശ്യവും കോടതി പരിഗണിക്കും. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷിക്കേണ്ടതുണ്ടെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടും പരിഗണിച്ചാണ് പ്രതികളോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. മുത്തൂറ്റ് ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ തൊഴിലാളികളെക്കൊണ്ട് അമിതമായി തൊഴിലെടുപ്പിച്ചാണ് അവര്‍ക്കു നല്‍കേണ്ട കോടികളുടെ സമ്മാനത്തുകകളും മറ്റും അടിച്ചുമാറ്റിയതെന്നാണ് ആരോപണം.
നൂറുകണക്കിന് 10,000 രൂപയുടെ ക്യാഷ് കാര്‍ഡുകള്‍ ഇരുവരും കടയില്‍ നല്‍കി തുക കൈപ്പറ്റി. ഈ തുകയുടെ 10 ശതമാനം കടക്കാര്‍ക്കും നല്‍കിയെന്നാണ് ആരോപണം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്ക് നല്‍കാനുള്ള സമ്മാനക്കൂപ്പണുകളിലാണ് പ്രതികള്‍ തിരിമറി നടത്തിയത്. 2023 ഏപ്രില്‍ മുതല്‍ 2024 നവംബര്‍ മാസം വരെയുള്ള കാലയളവിലാണ് പ്രതികള്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയത്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍, നിശ്ചിത ബിസിനസ് നേടുന്ന ജീവനക്കാര്‍ക്ക് പ്രോത്സാഹനമായി 10ലക്ഷം രൂപയുടെ വീതം കൂപ്പണുകള്‍ നല്‍കാറുണ്ട്. 2023 മുതല്‍ 2024 നവംബര്‍ വരെയുള്ള കാലയളില്‍ സമ്മാനക്കൂപ്പണുകള്‍ നല്‍കുന്നതില്‍ പൊരുത്തക്കേടുകള്‍ മാതൃകമ്പനിയുടെ ശ്രദ്ധയില്‍പ്പെടുകയും തട്ടിപ്പ് പിടികൂടുകയുമായിരുന്നു. വ്യാജരേഖ ചമച്ചാണ് ജീവനക്കാര്‍ക്ക് നല്‍കേണ്ട സമ്മാനക്കൂപ്പണുകള്‍ ഇരുവരും കൈക്കലാക്കിയത്.
സമ്മാനക്കൂപ്പണുകള്‍ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ആവശ്യമുള്ള സാധനങ്ങളടക്കം വാങ്ങാം. എന്നാല്‍, യാതൊരു ഇടപാടും നടത്താതെ ഒരു ലക്ഷംരൂപ കടയുടമയ്ക്ക് നല്‍കുകയും ബാക്കി ഒമ്പത് ലക്ഷം പണമായി കൈപ്പറ്റുകയും ചെയ്യുന്ന രീതിയാണ് പ്രതികള്‍ സ്വീകരിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈവിധം സമ്മാനക്കൂപ്പണുകള്‍ ഉപയോഗിച്ചതായി കാണിച്ചിരിക്കുന്ന സ്ഥാപന ഉടമകളുടെയും മറ്റും മൊഴി കേസില്‍ നിര്‍ണ്ണായകമാണ്. ഇരുവരേയും ആരോപണത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരുന്നു.