- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനും ആഹ്വാനം ചെയ്ത ഈസ്റ്റര്‍ സന്ദേശം; വത്തിക്കാനിലെത്തിയ ജെഡി വാന്‍സിനെ ഗൗനിച്ചില്ല; ഈസ്റ്റര്‍ എഗ്ഗ് കൈമാറിയപ്പോഴും ട്രംപിന്റെ കുറ്റം പറഞ്ഞ് പ്രതികരണം; ഗുരുതര രോഗാവസ്ഥയിലും നിലപാടുകളില്‍ അടിയുറച്ചുനിന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഗുരുതര രോഗാവസ്ഥയിലും നിലപാടുകളില്‍ അടിയുറച്ചുനിന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലടക്കം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങുന്നത്. ലോകം ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ച ഇന്നലെയായിരുന്നു ഏറെ നാളുകള്‍ക്ക് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബാല്‍ക്കണിയില്‍ നിന്ന് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. അവസാന സന്ദേശത്തിലും ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗാസയിലെ സ്ഥിതി ദയനീയമാണെന്നു പറഞ്ഞ മാര്‍പാപ്പ, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സുമായി ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലും തന്റെ നിലപാടുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച ഈസ്റ്ററിനോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ എല്ലാ ബന്ദികളേയും വിട്ടയയ്ക്കണമെന്ന് ഹമാസിനോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഗാസയില്‍ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുകയാണെന്നും നിരവധിപേര്‍ക്ക് ജീവഹാനിയുണ്ടാകുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തേയും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ പരാമര്‍ശിച്ചു.
കടുത്ത ന്യുമോണിയയെ തുടര്‍ന്ന് അഞ്ചാഴ്ച ആശുപത്രിവാസം വേണ്ടിവന്ന മാര്‍പാപ്പ അതിനുമുന്‍പ് തന്നെ ഗാസയിലെ ഇസ്രയേല്‍ സൈനികാധിനിവേശത്തെ അപലപിച്ചിരുന്നു. ഗാസയിലെ ജനങ്ങളുടെ അവസ്ഥ അതീവഗുരുതരവും ലജ്ജാകരവുമാണെന്നാണ് മാര്‍പാപ്പ ജനുവരിയില്‍ വിശേഷിപ്പിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികള്‍ക്കായി അദ്ദേഹം അല്‍പനേരം ചെലവിട്ടിരുന്നു.
ഗാസയിലെ സാഹചര്യം പരിതാപകരമാണെന്ന് മാര്‍പാപ്പ ചൂണ്ടികാട്ടി. ലോകത്ത് ജൂതവിരുദ്ധ മനോഭാവം വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. ന്യുമോണിയ ബാധിതനായി ആശുപത്രിയിലേക്കും പോകുന്നതിന് മുന്‍പും ഗാസയിലെ സാഹചര്യത്തെ അദ്ദേഹം അപലപിച്ചിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം കൈക്കൊള്ളുന്ന കടുത്ത നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മാര്‍പ്പാപ്പയെ സമാധാനിപ്പിക്കാനുള്ള അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സിന്റെ ശ്രമം വിജയം കണ്ടിരുന്നില്ല. ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെത്തി വാന്‍സ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാന്‍സുമായി കൂടുതല്‍ സംസാരിക്കാന്‍ മുതിരാതെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീട്രോ പരോലിനെയും വിദേശകാര്യ മന്ത്രി ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ ഗല്ലാഗറെയും കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു മാര്‍പ്പാപ്പ.
അമേരിക്കന്‍ വൈസ് പ്രസിഡണ്ടും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച ഹ്രസ്വമായിരുന്നു എന്നും ഏതാനും മിനിറ്റുകള്‍ മാത്രമാണ് നീണ്ടു നിന്നതെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. കുടിയേറ്റത്തെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള ട്രംപിന്റെ തീരുമാനത്തെയും മാര്‍പ്പാപ്പ അതിനിശിതമായി വിമര്‍ശിച്ചു. കുടിയേറ്റക്കാര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് പോപ്പ് എന്ന നിലയില്‍ തന്റെ പ്രഥമ കര്‍ത്തവ്യം എന്ന് മാര്‍പ്പാപ്പ പറഞ്ഞു.
കത്തോലിക്ക മതവിശ്വാസി കൂടിയായ വാന്‍സിന് മാര്‍പ്പാപ്പ മൂന്ന് വലിയ ചോക്ലേറ്റ് ഈസ്റ്റര്‍ എഗ്ഗുകള്‍ സമ്മാനിച്ചു. സന്ദര്‍ശന സമയത്ത് കൂടെ ഇല്ലാതിരുന്ന വാന്‍സിന്റെ മൂന്ന് മക്കള്‍ക്ക് വേണ്ടിയായിരുന്നു അത്. സന്ദര്‍ശനാനുമതി നല്‍കിയതിന് പോപ്പിനോട് നന്ദി പറഞ്ഞ വാന്‍സ്, ആരോഗ്യം മെച്ചപ്പെട്ട നിലയില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞു. സെയിന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്ന സമയത്തായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡണ്ടിന്റെ വാഹനവ്യൂഹം വശത്തുള്ള ഒരു ഗെയ്റ്റിലൂടെ വത്തിക്കാന്‍ നഗരത്തില്‍ പ്രവേശിച്ചത്. പോപ്പ് ഫ്രാന്‍സിസിന് പകരം മറ്റൊരു കര്‍ദ്ദിനാള്‍ ആയിരുന്നു ചടങ്ങൂകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന്, മാര്‍പ്പാപ്പ ഇരിക്കുന്ന ഡോമസ് സാന്റാ മാര്‍ട്ടയില്‍ എത്തി വാന്‍സ് ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചു. മാര്‍പ്പാപ്പ തിരികെയും ആശംസകള്‍ നേര്‍ന്നു.