വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരെന്ന് അറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി ലോകമെമ്പാടുമുള്ള കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനിലേക്ക് എത്തുകയാണ്. കഴിഞ്ഞ തവണ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രത്യേകതയുള്ള കാര്യം അദ്ദേഹം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ പോപ്പാണ് എന്നതായിരുന്നു.

ഇത് കത്തോലിക്കാ സഭയില്‍ വലിയൊരു മാറ്റത്തിന്റെ സൂചനയായി പലരും കണക്കാക്കിയിരുന്നു. ഇപ്പോള്‍ പലരും കാത്തിരിക്കുന്നത് അടുത്ത മാര്‍പ്പാപ്പ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ആയിരിക്കുമോ അതോ ഏഷ്യാക്കാരന്‍ ആയിരിക്കുമോ എന്നതാണ്. ഭൂരിഭാഗം മാര്‍പ്പാപ്പമാരും നേരത്തേ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നു. അടുത്ത മാര്‍പ്പാപ്പയാകാന്‍ സാധ്യതയുള്ള ചില കര്‍ദ്ദിനാള്‍മാരെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കുന്നത് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ്. അവരിലെ മുന്‍നിര സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് നോക്കാം.

ആഫ്രിക്കന്‍ വംശജനോ?

ആഫ്രിക്കന്‍ വംശജനായ പീറ്റര്‍ ടര്‍ക്ക് ആണ് സാധ്യതാപട്ടികയിലെ ഒരാള്‍. കേപ് കോസ്റ്റിലെ മുന്‍ ബിഷപ്പായ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടാല്‍ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ പോപ്പ് ആയിരിക്കും. ഘാനയില്‍ ജനിച്ച അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ദക്ഷിണ സുഡാനിലേക്കുള്ള സമാധാന ദൂതനായി അയച്ചിരുന്നു. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തെരഞ്ഞെടുത്ത സമയത്തും ഇദ്ദേഹത്തിന്റെ പേരും പറഞ്ഞു കേട്ടിരുന്നു.




ഏഷ്യയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പ?

ലൂയിസ് അന്റോണിയോ ടാഗിള്‍ ആണ് മാര്‍പ്പാപ്പയാകാന്‍ സാധ്യതയുള്ള അടുത്തയാള്‍. മനിലയിലെ മുന്‍ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. ടാഗിള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഏഷ്യയില്‍ നിന്നുള്ള ആദ്യ മാര്‍പ്പാപ്പയാകും ഇദ്ദേഹം. സ്വന്തം രാജ്യമായ ഫിലിപ്പീന്‍സിലെ ഗര്‍ഭഛിദ്ര അവകാശങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.




സ്വവര്‍ഗ്ഗ വിവാഹം മനുഷ്യരാശിയുടെ പരാജയം എന്ന് പറഞ്ഞ കര്‍ദ്ദിനാളോ?

സാധ്യതാ പട്ടികയിലുള്ള അടുത്ത കര്‍ദ്ദിനാള്‍ പീട്രോ പരോളിന്‍ ആണ്. ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം കര്‍ദ്ദിനാള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. പൊതുവേ ഒരു മിതവാദി ആയിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

2015 ല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാന്‍ അയര്‍ലന്‍ഡ് തീരുമാനിച്ചപ്പോള്‍ പരോളിന്‍ അതിനെ മനുഷ്യരാശിയുടെ പരാജയം എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു.




അടുത്തത് പീറ്റര്‍ എര്‍ദോയാണ്. ബുഡാപെസ്റ്റിലെ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. കടുത്ത യാഥാസ്ഥിതികന്‍ എന്നാണ്

ഇദ്ദേഹം അറിയപ്പെടുന്നത്.



ജോസ് ടോളന്റിനോ ആണ് അടുത്തയാള്‍. പോര്‍ച്ചുഗലിലെ മദീരയില്‍ നിന്നുള്ള ഇദ്ദേഹം ആര്‍ച്ച് ബിഷപ്പായിരുന്നു. സാധ്യതാ പട്ടികയില്‍ ഉള്ളവരുടെ കൂട്ടത്തില്‍ താരതമ്യേന ചെറുപ്പക്കാരനാണ് ടോളന്റിനോ.




മാറ്റ്യോ സുപ്പി ആണ് പട്ടികയിലെ മറ്റൊരു പേരുകാരന്‍. 2015മുതല്‍ ബൊളോണയിലെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന സുപ്പിയെ 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദ്ദിനാളായി നിയമിച്ചു. രണ്ട് വര്‍ഷം മുമ്പ്, പോപ്പ് അദ്ദേഹത്തെ യുക്രെയ്നിന്റെ വത്തിക്കാന്‍ സമാധാന ദൂതനായും നിയോഗിച്ചിരുന്നു.




മരിയോ ഗ്രെക്ക് ആണ് അടുത്ത സാധ്യതാ സ്ഥാനാര്‍ത്ഥി. ഗോസോയിലെ ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലാണ്. തികഞ്ഞ പാരമ്പര്യവാദി എന്നാണ് ഗ്രെക്ക് അറിയപ്പെടുന്നത്.




ഫ്രഞ്ച് ഗയാനക്കാരനായ റോബര്‍ട് സാറയും പട്ടികയില്‍ ഉണ്ട്. ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടാല്‍ കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ മാര്‍പ്പാപ്പയായിരിക്കും.



ജോണ്‍ പോള്‍ രണ്ടാമന്റെ കാലം മുതല്‍ വത്തിക്കാനില്‍ പല പദവികളും വഹിക്കുന്ന റോബര്‍ട്ട് സാറ ഇസ്ലാമിക മതമൗലിക വാദത്തിന്റെ ശക്തനായ വിമര്‍ശകനാണ്.