അടൂര്‍: ആഴമേറിയ മാലിന്യക്കുഴിയില്‍ വീണ ഗര്‍ഭിണി പശുവിന് രക്ഷകരായി അഗ്‌നിശമന സേന. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുഴി ഇടിച്ചു നിരത്തിയാണ് ആസിഡ് വെള്ളം നിറഞ്ഞ കുഴിയില്‍ നിന്ന് പശുവിനെ രക്ഷിച്ചത്. വയല മാമ്പിലാവില്‍ അമ്പലത്തിനു സമീപത്തായി പുഷ്പാലയം വീട്ടില്‍ ധര്‍മ്മരാജന്റെ പശുവാണ് രാവിലെ 10 മണിയോടെ കുഴിയില്‍ വീണത്. റബ്ബര്‍ ഷീറ്റ് അടിക്കുന്ന മെഷിന് സമീപം മലിനജലം ശേഖരിക്കുന്ന ആഴമേറിയ കുഴിയില്‍ പശു വീണ് പുതഞ്ഞു പോയി.

കുഴിയിലെ ആസിഡ് നിറഞ്ഞ വെള്ളത്തില്‍ ഇറങ്ങി പശുവിനെ ഹോസ് ഉപയോഗിച്ച് കെട്ടി കുഴിയുടെ വശങ്ങള്‍ ഇടിച്ചു നിരത്തിയാണ് രക്ഷപ്പെടുത്തിയത്. പശു പൂര്‍ണ ഗര്‍ഭിണിയായതിനാലും ഇടുങ്ങിയ കുഴിയായതിനാലും ഒന്നര മണിക്കൂറോളം പ്രവര്‍ത്തിച്ചാണ്. പശുവിനെ പുറത്തെടുത്തത്. ആസിഡ് വെള്ളം വീണു ചൊറിച്ചില്‍ അനുഭവപ്പെട്ട ജീവനക്കാര്‍ പ്രഥമ ശുശ്രുഷ തേടി. അടൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ ടീം ആണ് പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ശ്രീജിത്ത്, കൃഷ്ണകുമാര്‍, സന്തോഷ്, അനീഷ്, അഭിജിത്, മുഹമ്മദ്, സജാദ്, അജയകുമാര്‍, വേണു എന്നിവര്‍ ഉള്‍പ്പെട്ടു.