പന്തളം: കൊല്ലത്ത് അമ്മയ്‌ക്കൊപ്പം ബീച്ചില്‍ കറങ്ങാന്‍ വന്ന നാലു വയസുകാരിയെ തമിഴ്നാട് സ്വദേശി തട്ടിയെടുത്തു. കടത്തിക്കൊണ്ടു പോകും വഴി കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് തോന്നിയ സംശയം മാതാവിന് കുട്ടിയെ തിരികെ കിട്ടാന്‍ കാരണമായി. കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദാ മന്‍സില്‍ സിയാനയെയാണ് തമിഴ്നാട് സ്വദേശിനി തട്ടിയെടുത്തത്.

തന്റെ പേര് ദേവി എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം അമ്മ സാഹിറിക്കൊപ്പം സിയാന കൊല്ലം ബീച്ചില്‍ എത്തിയതാണ്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ച് കുട്ടിയെ കാണാതായി. വിവരം അവര്‍ ചൊവ്വാഴ്ച രാവിലെയാണ് പോലീസില്‍ അറിയിച്ചത്.

ഇതിനിടെ തട്ടിയെടുത്ത കുട്ടിയുമായി തമിഴ്നാട് സ്വദേശിനി കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ചെങ്ങന്നൂര്‍ ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസില്‍ കയറി. ഉച്ചയ്ക്ക് 12.30 ന് പന്തളത്തിന് സമീപത്തു നിന്നും പെണ്‍കുഞ്ഞുമായി ബസില്‍ കയറിയ തമിഴ്നാട് സ്വദേശിനി 30 രൂപ നല്‍കിയശേഷം തൃശ്ശൂരിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു.

ഇവരുടെ പെരുമാറ്റത്തിലും കുഞ്ഞുമായുള്ള സാദൃശ്യത്തിലും സംശയം തോന്നിയ കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ പന്തളം പോലീസ് സ്റ്റേഷനില്‍ ഇരുവരെയും എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുട്ടിയെ തട്ടിയെടുത്തതാണ് എന്ന് വ്യക്തമായി. കളിപ്പാട്ടങ്ങളും ബിസ്‌കറ്റുകളും വാങ്ങി നല്‍കി പോലീസ് കുഞ്ഞിനെ പന്തളം പോലീസ് സ്റ്റേഷനില്‍ സംരക്ഷിച്ചു വരികയാണ്. കുന്നിക്കോട്ടുള്ള ബന്ധുക്കളെ വിവരമറിയിച്ചു.