ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശിയായ 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രന്‍ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം.

ഹൈദരാബാദ് സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭീകരാക്രമണത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നര്‍വാള്‍. വിനയുടെ കല്യാണം ഏപ്രില്‍ 16നാണ് കഴിഞ്ഞതെന്നാണ് വിവരം. വിനയ് നര്‍വാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വെച്ചാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവല്‍ കണ്‍സഷനോടെ കശ്മീരില്‍ യാത്ര വന്നതായിരുന്നു ബിഹാര്‍ സ്വദേശിയായ മനീഷ്. ഐബിയുടെ ഹൈദരാബാദിലെ മിനിസ്റ്റീരിയല്‍ ഓഫിസില്‍ ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു.

ഹൈദരാബാദില്‍ നിന്നുള്ള ഐബി ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജന്‍, കര്‍ണാടകയില്‍ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മഞ്ജുനാഥ റാവു, ഒഡിഷയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്പതി, കര്‍ണാടക ഹാവേരി റാണെബെന്നൂര്‍ സ്വദേശി ഭരത് ഭൂഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഒരു നേപ്പാള്‍ സ്വദേശിയുണ്ടെന്നും സ്ഥിരീകരിച്ചു.

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദര്‍ശിക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

വിനോദ സഞ്ചാരികള്‍ക്കായി അനന്ത്‌നാഗ് പൊലീസ് കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ എമര്‍ജന്‍സി ഹെല്‍പ് ടെസ്‌ക് ആരംഭിച്ചു. വിവരങ്ങളറിയാന്‍ 9596777669, 01932225870, 9419051940 (വാട്ട്‌സ് ആപ്പ്), എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം-ശ്രീനഗര്‍: 0194-2457543, 0194-2483651 ആദില്‍ ഫരീദ്, എ.ഡി.സി ശ്രീനഗര്‍ 7006058623 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

അതിനിടെ, സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാന, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ ആഭ്യന്തര മന്ത്രി നാളെ സന്ദര്‍ശനം നടത്തും.

വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാസേന ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. പ്രദേശം വളഞ്ഞ സേന റോഡുകളിലും പരിശോധന ശക്തമാക്കി. സഞ്ചാരികളെ പ്രദേശത്ത് നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

സൗദി സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി ചര്‍ച്ച ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിത നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക സംഘവും സൈന്യത്തിന്റെ വടക്കന്‍ മേഖല കമാന്‍ഡറും നാളെ പഹല്‍ഗാമിലെത്തും.

ഇന്ന് ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമിലാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ബൈസാരന്‍ പുല്‍മേടിലാണ് ഭീകരര്‍ വെടിവെപ്പ് നടന്നത്.

സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ഭീകരര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുല്‍മേട്ടില്‍ സഞ്ചാരികള്‍ക്ക് എത്താന്‍ സാധിക്കൂ. അതിനിടെ, പാകിസ്താന്‍ ആസ്ഥാനമായ ഭീകരസംഘടന ലഷ്‌കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.