ലണ്ടന്‍: വെറും പതിനേഴ് വയസ്സ് മാത്രമുള്ളപ്പോഴായിരുന്നു ഇന്ത്യന്‍ വംശജനായ അര്‍ജുന്‍ രാജ്യാഗോറിനോട് അയാള്‍ക്ക് സ്വാഭാവികമായ ഒരു ബിസിനസ്സ് നൈപുണ്യമുണ്ടെന്നും, അതീവ ബുദ്ധിശാലിയാണെന്നും, എന്താഗ്രഹിക്കുന്നുവോ അതാകാന്‍ കഴിയുമെന്നും ലോര്‍ഡ് അലന്‍ ഷുഗര്‍ പറഞ്ഞത്. എസ്സെക്സില്‍ നിന്നുള്ള ഈ കൗമാരക്കാരന്‍ 2010 ല്‍ ബി ബി സിയുടെ ജൂനിയര്‍ അപ്രന്റീസിന്റെ ആദ്യ സീരീസില്‍ ജയിച്ചപ്പോഴായിരുന്നു ഇത്. അന്ന് സമ്മാനമായ 25,000 പൗണ്ട് കൈമാറുന്നതിനിടയില്‍ പറഞ്ഞ പ്രഭുവിന്റെ വാക്കുകള്‍ പാഴ്വാക്കായില്ല.

ഇന്ന് തന്റെ മുപ്പത്തിരണ്ടാം വയസ്സില്‍ കഞ്ചാവ് പോലുള്ള മയക്കുമരുന്നുകള്‍ ഔഷധാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബിസിനസ്സുമായി മുന്നേറുകയാണ് അര്‍ജുന്‍. അതീവ ഗുരുതര നിലയിലായിരുന്ന സ്വന്തം അമ്മയ്ക്ക് ആശ്വാസം പകരാന്‍ കണ്ടെത്തിയ ഔഷധ കഞ്ചാവ് പിന്നീട് അത് 2018 ല്‍ നിയമവിധേയമാക്കിയപ്പോള്‍ ഒരു ബിസിനസ്സ് ആക്കി മാറ്റുകയായിരുന്നു. തന്റെ ജീവിതത്തിലും തൊഴിലിലും ലോര്‍ഡ് ഷുഗര്‍ ഇപ്പോഴും താത്പര്യം കാണിക്കാറുണ്ടെന്ന് അര്‍ജുന്‍ പറയുന്നു.

ബിസിനസ്സ് ആവശ്യത്തിനായി എന്തെങ്കിലും ഉപദേശങ്ങള്‍ ആവശ്യമുള്ളപ്പോഴോ, എങ്ങനെ ചെയ്യണമെന്ന് എന്തിനെയെങ്കിലും പറ്റി ആശയക്കുഴപ്പമുണ്ടാകുമ്പോഴോ ഒക്കെ വിലയേറിയ നിര്‍ദ്ദേശങ്ങളുമായി അദ്ദേഹം എത്താറുണ്ടെന്നും അര്‍ജുന്‍ പറയുന്നു. തന്റെ കരിയറില്‍ ഉടനീളം ഒരു താങ്ങായി അദ്ദേഹമുണ്ടെന്നുള്ളത് ഏറെ സന്തോഷകരമായ ഒരു കാര്യമാണെന്നും അര്‍ജുന്‍ പറയുന്നു.

2018 നവംബര്‍ 1 മുതല്‍ സ്‌പെഷ്യല്‍സിറ്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ പരിമിതമായ എണ്ണം രോഗികള്‍ക്ക് ഔഷധ കഞ്ചാവ് നിര്‍ദ്ദേശിക്കാന്‍ തുടങ്ങി. മറ്റ് മരുന്നുകള്‍ എല്ലാം തന്നെ ഫലം നല്‍കാതെയാകുമ്പോഴാണ് ഇത് ചെയ്യുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്ന ഗുരുതരമായ, എന്നാല്‍, ഏറെ വിരളമായ തരം ചുഴലിദീനം, കീമോതെറാപ്പിക്ക് ശേഷമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയുടെ ചികിത്സക്കാണ് പ്രധാനമായും ഔഷധ കഞ്ചാവ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന നിലവാരത്തില്‍ ശുദ്ധീകരിക്കപ്പെട്ട ദ്രാവക കന്നാബിന്‍ഡിയോള്‍ (സി ബി ഡി) യായ എപിഡയോലെക്സ് ഉള്‍പ്പടെയുള്ളവ അംഗീകാരം നേടിയ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇതില്‍ ടെട്രാഹൈഡ്രോകാന്നബിനോള്‍ അടങ്ങിയില്ലാത്തതിനാല്‍ ഇത് കഴിക്കുന്നവര്‍ക്ക് ലഹരി അനുഭവപ്പെടുകയില്ല. 2023 ല്‍ ആയിരുന്നു അര്‍ജുന്‍ പൂര്‍ണ്ണമായും ബിസിനസ്സ് രംഗത്തേക്കിറങ്ങുന്നത്. ഒരു സോഫ്റ്റ്വെയര്‍ ആസ് എ സെര്‍വീസ് (എസ് എ എ എസ്) പ്ലാറ്റ് ഫോം ആണ് അര്‍ജുന്‍ നടത്തുന്നത്. പ്രിസ്‌ക്രിപ്ഷന്‍ പ്രക്രിയകള്‍ വേഗത്തിലാക്കുവാന്‍ സഹായിക്കുന്ന ഒരു ഇന്റര്‍നെറ്റ് ക്ലൗഡ് അത് ഡോക്ടര്‍മാര്‍ക്കായി ഒരുക്കുന്നു. ഓരോ മാസവും 10,000 ഓളം പ്രിസ്‌ക്രിപ്ഷനുകള്‍ ഇതിലൂടെ കടന്നു പോകുന്നു എന്നാണ് സൗത്ത് ഓക്കെന്‍ഡോണില്‍ താമസിക്കുന്ന അര്‍ജുന്‍ പറയുന്നത്.

തന്റെ മാതാപിതാക്കള്‍ നടത്തിയിരുന്ന പോസ്റ്റ് ഓഫീസിലെ പ്രവൃത്തി പരിചയം ബിസിനസ്സ് നടത്തുന്നതില്‍ സഹായകമാണെന്ന് പറയുന്ന അര്‍ജ്ജുന്‍ പക്ഷെ തന്റെ അമ്മയുടെ രോഗമാണ് തന്നെ ഇത്തരത്തിലൊരു ബിസിനസ്സിലേക്ക് തന്നെ എത്തിച്ചതെന്നും പറയുന്നു. 15 വര്‍ഷത്തിലേറെയായി അമ്മ കിടപ്പിലാണെന്നും, മറ്റ് മരുന്നുകള്‍ ഫലിക്കാതെ വരികയും 2018 ല്‍ കഞ്ചാവ് കലര്‍ന്ന മരുന്ന് നിയമവിധേയമാക്കുകയും ചെയ്തതോടെ അത് പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അര്‍ജുന്‍ പറയുന്നു.